Latest News (Page 1,208)

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി -20 അധ്യക്ഷനായതിനു ശേഷം നടക്കുന്ന ആദ്യ സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ കുമരകം. കെടിഡിസിയുടെ വാട്ടർ സ്‌കേപ് റിസോർട്ടിൽ ഇതിനായി മനോഹരമായ കൺവൻഷൻ സെന്റർ ഒരുങ്ങുകയാണ്. കെടിഡിസിയുടെ വടക്കു കായൽതീരത്ത് 600 പേർക്ക് ഇരിക്കാൻ കഴിയുന്ന കൺവൻഷൻ സെന്ററാണ് നിർമ്മിക്കുന്നത്. കെടിഡിസിയിലെ 40 മുറികളും കുമരകത്തെ സ്വകാര്യ ഹോട്ടലുകളിലെ 260 മുറികളും ഉൾപ്പെടെ 300 മുറികൾ ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

സമ്മേളനം കഴിയുന്നതോടെ കുമരകത്തേക്ക് രാജ്യാന്തര തലത്തിലുള്ള മറ്റു പല വമ്പൻ പരിപാടികളും വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ധാരാളം ആഭ്യന്തര സഞ്ചാരികൾ ഇപ്പോൾ കുമരകത്തേക്ക് എത്താറുണ്ടെന്നും നല്ല രീതിയിൽ പണം ചെലവഴിക്കാൻ തയാറാകുന്നുണ്ടെന്നുമാണ് ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട് അസോസിയേഷൻ സെക്രട്ടറി കെ അരുൺകുമാർ അറിയിച്ചിട്ടുള്ളത്.

അസോസിയേഷനിൽ അംഗങ്ങളായ 21 ഓളം ഹോട്ടലുകളും റിസോർട്ടുകളും കുമരകത്തുണ്ട്. ത്രീ സ്റ്റാർ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. ശരാശരി 50-60 മുറികൾ വീതമുള്ള ഇവയിൽ പലതിലും 50 മുതൽ 1000 പേരെ വരെ ഉൾക്കൊള്ളാവുന്ന പാർട്ടി ഹാളുകളും ഉണ്ട്. പുതിയ കൺവെൻഷൻ സെന്ററുകൾ നിർമിക്കാൻ ചില ഹോട്ടലുകൾക്ക് പദ്ധതിയിടുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യാജ കണക്കുകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നുമുള്ള സർക്കാർ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനമാണ് കേരളം. വ്യവസായ യൂണിറ്റുകളിൽ തമിഴ്നാട്ടിൽ 4.5 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ഉണ്ടായി. എന്നാൽ കേരളത്തിലത് 0.76 ലക്ഷം കോടി രൂപ മാത്രമാണ്. വിവിധ വ്യവസായ യൂണിറ്റുകളിൽ തമിഴ്നാട് 26 ലക്ഷം തൊഴിലവസരങ്ങൾ സൃഷിടിച്ചപ്പോൾ കേരളത്തിൽ 3.34 ലക്ഷമായി ചുരുങ്ങിയെന്നും അദ്ദേഹം വിമർശിച്ചു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അടിസ്ഥാനരഹിതമായ കണക്കുകൾ നിരത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കൊച്ചിയിൽ നടന്ന സംരംഭക സംഗമത്തിൽ നിന്നും പ്രതിപക്ഷം വിട്ടു നിന്നത്. ബാങ്കുകളിൽ നിന്ന് നേരിട്ട് വായ്പയെടുത്ത് വ്യക്തികൾ സ്വന്തം നിലയിൽ തുടങ്ങുന്ന സംരംഭങ്ങളും സർക്കാരിൻറെ കണക്കിൽപ്പെടുത്തി മേനി നടിക്കാനാണ് വ്യവസായ വകുപ്പിന്റെ ശ്രമം. വ്യവസായ വികസനത്തിനും സാമ്പത്തിക പുരോഗതിക്കുമായി ഒന്നും ചെയ്യാതെ കൈയ്യും കെട്ടി ഇരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ജാഗ്രത കർശനമാക്കി. ഇരട്ട സ്‌ഫോടനത്തിന് പിന്നാലെയാണ് ജമ്മു കശ്മീരിൽ ജാഗ്രതയും നിരീക്ഷണവും കർശനമാക്കിയത്. സസ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ നിന്നും കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് കശ്മീരിൽ രണ്ട് സ്‌ഫോടനങ്ങൾ നടന്നത്. നർവാളിലെ ട്രാൻസ്‌പോർട്ട് നഗറിലെ ഏഴാം നമ്പർ യാർഡിലാണ് സ്‌ഫോടനം ഉണ്ടായത്. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വർക്ക് ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാർ പൊട്ടിത്തെറിക്കുകയായിരുന്നു. അര മണിക്കൂറിന് ശേഷം മറ്റൊരു കാറിലും സ്‌ഫോടനം നടന്നു. സ്‌ഫോടനം കൃത്യമായ ആസൂത്രണത്തോടെയാണ് നടന്നിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തിൽ വിവിധ അന്വേഷണ ഏജൻസികൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്്. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മുവിലൂടെ കടന്നു പോകുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായിട്ടുള്ളത്. എന്നാൽ ഭാരത് ജോഡോ യാത്ര നിർത്തില്ലെന്നാണ് കോൺഗ്രസ് അറിയിച്ചിട്ടുള്ളത്.

അതേസമയം, രാഹുൽ ഗാന്ധിയുടെ സുരക്ഷ വർദ്ധിപ്പിക്കാനാണ് തീരുമാനം. കേന്ദ്രസേനക്കൊപ്പം ജമ്മു കശ്മീർ പോലീസിനെയും അധികമായി നിയോഗിക്കും. രാഹുൽ ഗാന്ധി കടന്നു പോകുന്ന മേഖലകളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നാണ് ജമ്മു കശ്മീർ ഭരണകൂടം അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരം: ഹര്‍ത്താല്‍ അക്രമത്തെ തുടര്‍ന്ന് പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടികള്‍ റവന്യൂ വകുപ്പ് ആരംഭിച്ചെങ്കിലും വീടുകളില്‍ നിന്നും ആളുകളെ പെട്ടെന്ന് തന്നെ ഒഴിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ട്. റവന്യൂറിക്കവറി നിയമത്തിന്റെ 36-ാം വകുപ്പുപ്രകാരം ജപ്തിനോട്ടീസ് നല്‍കി സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനതയിലേക്കാക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വീടിന്റെയും ഭൂമിയുടെയും വില നിര്‍ണയിച്ചശേഷമേ ലേലനടപടികളിലേക്ക് നീങ്ങുകയുള്ളൂ.

കുടിശ്ശിക തുക ഈടാക്കാനുള്ള വസ്തുക്കള്‍ മാത്രമേ ജപ്തിചെയ്യാന്‍ പാടുള്ളൂ. ജപ്തിചെയ്ത ജംഗമവസ്തുക്കളുടെ പട്ടിക തയ്യാറാക്കി സ്ഥലത്ത് പതിക്കുകയും ഒരു പകര്‍പ്പ് കുടിശ്ശികക്കാരന് നല്‍കുകയുംചെയ്യും. ജപ്തിക്കുശേഷവും കുടിശ്ശികത്തുക അടയ്ക്കുന്നില്ലെങ്കില്‍ ജംഗമവസ്തുക്കള്‍ ലേലംചെയ്യാം. എന്നാല്‍, 15 ദിവസത്തെ സാവകാശം നല്‍കണം. ഭൂമി ജപ്തിചെയ്ത ശേഷവും ലേലംചെയ്യുന്നതിന് മുന്നോടിയായി ബാധ്യതകള്‍ തീര്‍ക്കുന്നതിനും ബാക്കിയുള്ള ഭൂമി നിലനിര്‍ത്തുന്നതിനും മൂന്നുമാസംവരെ സമയം അനുവദിക്കും. ധരിക്കുന്ന വസ്ത്രങ്ങള്‍, താലി, വിവാഹമോതിരം, പൂജാപാത്രങ്ങള്‍, കൃഷി ഉപകരണങ്ങള്‍, ഉഴവുമാടുകളില്‍ ഒരു ജോഡിയെങ്കിലും വരത്തക്കവണ്ണം ആകെയുള്ളതിന്റെ നാലിലൊന്ന്, കൈത്തൊഴിലുകാരുടെ പണിയായുധങ്ങള്‍ എന്നിവ ജപ്തി ചെയ്യില്ല.

അതേസമയം, ജപ്തിക്ക് മുന്നോടിയായി വ്യക്തിക്ക് മുന്‍കൂര്‍ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് ഈ നോട്ടീസ് ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.

ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അനുകൂലിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ച ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്‌പെന്‍ഡ് ചെയ്ത് ദേശീയ കായിക മന്ത്രാലയം.

ബ്രിജ്ഭൂഷണിനെതിരായ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് വിനോദ് തോമര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ല. 12 വര്‍ഷമായി ഫെഡറേഷനില്‍ പ്രവര്‍ത്തിക്കുന്നു. അപമര്യാദയായുള്ള ഒരു സംഭവവും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനും പരിശീലകര്‍ക്കുമെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ (ഐ.ഒ.എ) നിയോഗിച്ച ഏഴംഗ സമിതി പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. റിപ്പോര്‍ട്ട് കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് സമര്‍പ്പിക്കുമെന്ന് സമിതി അംഗവും മുന്‍ ഇന്ത്യന്‍ ഗുസ്തി താരവുമായ യോഗേശ്വര്‍ ദത്ത് അറിയിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ ഡല്‍ഹിയിലെ പ്രതിഷേധ സമരം അവസാനിപ്പിച്ചിരുന്നു.

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ പങ്കാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങുന്നു. ബലാത്സംഗം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസുകാരെ കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ആവശ്യപ്പെട്ടു.

ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരെക്കുറിച്ചുള്ള റിപ്പോർട്ട് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളിൽ നൽകണമെന്നാണ് നിർദ്ദേശം. അതത് യൂണിറ്റ് മേധാവികൾക്കാണ് ഡിജിപി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുള്ളത്. ഐജിമാർ, ഡിഐജിമാർ, സിറ്റി പൊലീസ് കമ്മിഷണർമാർ, ജില്ലാ പോലീസ് മേധാവികൾ ഉൾപ്പെടെയുള്ളവരെയാണ് പ്രതികളുടെ പട്ടിക തയ്യാറാക്കണമെന്നാണ് നിർദ്ദേശം.

പോലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടാ മാഫിയകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി കർശനമാക്കാൻ തീരുമാനിച്ചത്. ഗുണ്ടകളുമായി ബന്ധമുള്ള ഡി വൈ എസ് പി മാർക്കെതിരായ നടപടി ശുപാർശ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചിട്ടുണ്ട്. ഇതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ഗുണ്ടാ ആക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ കർശനമാക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) ഒഴിവ്. ഒരു ഒഴിവാണുള്ളത്. താത്പര്യമുള്ളവർ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം നേടിയവർക്ക് പങ്കെടുക്കാം.

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി .എത്തണം. പ്രതിമാസം 7500 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കുന്നതാണ്. ഒരു വർഷത്തെ കാലയളവിലേക്കാണ് നിയമനം. ജനുവരി 31 ന് രാവിലെ 11 മണിക്ക് സി.ഡി.സിയിലാണ് വാക്ക്-ഇൻ-ഇന്റർവ്യു.

ഉണ്ണി മുകുന്ദന്‍ നായകനായ’മാളികപ്പുറം’ 50 കോടി ക്ലബ്ബില്‍. 2022 ഡിസംബര്‍ 30-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.

ആഗോള തലത്തില്‍ 50 കോടി കടക്കുന്ന ആദ്യ ഉണ്ണി മുകുന്ദന്‍ ചിത്രം കൂടിയാണിത്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയ മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ജനുവരി 26-ന് റിലീസ് ചെയ്യും.

ബാലതാരങ്ങളായ ശ്രീപഥ്, ദേവനന്ദ എന്നിവരെക്കൂടാതെ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി.ജി. രവി, രഞ്ജി പണിക്കര്‍, മനോജ് കെ. ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരെയും ഏകദിന പരമ്ബര സ്വന്തമാക്കി ഇന്ത്യ. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായ ആദ്യ അന്താരാഷ്ട്ര ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 34.3 ഓവറില്‍ 108റണ്‍സിന് ഓള്‍ഔട്ടാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 20.1 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. ക്യാപ്ടന്‍ രോഹിത് ശര്‍മ്മ (50) അര്‍ദ്ധ സെഞ്ച്വറിയുമായി ചേസിംഗില്‍ മുന്നില്‍ നിന്ന് നയിച്ചു. മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദ മാച്ച്. ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 12 റണ്‍സിന്റെ ജയം നേടിയിരുന്നു.

ചെറിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും (51), ഗില്ലും (പുറത്താകാതെ 40) നല്ല തുടക്കം നല്‍കി വിജയത്തിന് അടിത്തറയിട്ടു. ഇരുവരും ഒന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15-ാം ഓവറില്‍ രോഹിതിനെ ഷിപ്ലെ പുറത്താക്കിയെങ്കിലും അപ്പോഴേക്കും ഇന്ത്യ വിജയതീരത്തിനടുത്തെത്തിയിരുന്നു. രോഹിത് ഏഴ് ഫോറും രണ്ട് സിക്‌സും നേടി. വിരാട് കൊഹലിയെ (11) സാന്റ്‌നര്‍ പുറത്താക്കിയെങ്കിലും പകരമെത്തിയ ഇഷാന്‍ കിഷനൊപ്പം (8) ഗില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ചു.

ന്യൂഡല്‍ഹി: ബിബിസിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വിവാദമായ സാഹചര്യത്തില്‍ ജനാധിപത്യ സര്‍ക്കാറിനെയും പാര്‍ലമെന്റിനെയും അവഹേളിക്കുന്നതാണ് ബിബിസിയുടെ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനെ ഔദ്യോഗികമായി അറിയിക്കുമെന്ന് റിപ്പോര്‍ട്ട്. ബിബിസി ഡോക്യുമെന്ററി ആഗോള തലത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാന്‍ ലക്ഷ്യമിട്ടാണെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.

അതേസമയം, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തില്‍, ബിബിസി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാന്‍ നിലവില്‍ ആലോചനയില്ലെന്ന് ബിബിസി അറിയിച്ചിട്ടുണ്ട്. ‘ലോകമെമ്ബാടുമുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രതിജ്ഞാബദ്ധരാണ് തങ്ങള്‍. ഡോക്യുമെന്ററി ചിത്രീകരണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ മറുപടി തേടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അത് നിഷേധിച്ചു. ബിജെപി നേതാക്കളുടെ അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തി. വിശദമായ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഡോക്യുമെന്ററി തയാറാക്കിയത്’- ബിബിസി വിശദീകരിച്ചു.

രണ്ടു ഭാഗങ്ങളായുള്ള ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡില്‍, മോദിയുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവട് വയ്പ്, ബിജെപിയിലെ ഉയര്‍ച്ച, ഗുജറാത്ത് മുഖ്യമന്ത്രി ആയുള്ള നിയമനം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തിനിടെയുള്ള നരേന്ദ്ര മോദിയുടെ പ്രവര്‍ത്തികളെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഡോക്യുമെന്ററി. ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഗുജറാത്തിലേക്ക് അയച്ചുവെന്നും വിശദമായ റിപ്പോര്‍ട്ട് ഇവര്‍ സമര്‍പ്പിച്ചുവെന്നും 2001-2006 കാലത്തെ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജാക് സ്‌ട്രോ ഡോക്യുമെന്ററിയില്‍ പറയുന്നു. എന്നാല്‍, ഡോക്യുമെന്ററി പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും മുന്‍വിധിയോടെയുള്ളതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മുന്‍വിധിയും വസ്തുനിഷ്ഠതയില്ലായ്മയും കൊളോണിയല്‍ മാനസികാവസ്ഥയും വ്യക്തമായി കാണാം. ഈയൊരു ആഖ്യാനം പ്രചരിപ്പിക്കുന്ന ആളുകളുടെയും ഏജന്‍സികളുടെയും താല്‍പര്യങ്ങളുടെ പ്രതിഫലനമാണ് ഡോക്യുമെന്ററി. ഇതിന്റെ ഉദ്ദേശ്യത്തെ കുറിച്ചും ഇതിന് പിന്നിലെ അജണ്ടയെ കുറിച്ചും ആലോചിക്കുമ്‌ബോള്‍ അദ്ഭുതം തോന്നുകയാണ്. ഇത്തരം സംഭവങ്ങളെ മുഖവിലക്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.