പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടല്‍ നടപടി; വീടൊഴിയാന്‍ സമയം നല്‍കും

തിരുവനന്തപുരം: ഹര്‍ത്താല്‍ അക്രമത്തെ തുടര്‍ന്ന് പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടികള്‍ റവന്യൂ വകുപ്പ് ആരംഭിച്ചെങ്കിലും വീടുകളില്‍ നിന്നും ആളുകളെ പെട്ടെന്ന് തന്നെ ഒഴിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ട്. റവന്യൂറിക്കവറി നിയമത്തിന്റെ 36-ാം വകുപ്പുപ്രകാരം ജപ്തിനോട്ടീസ് നല്‍കി സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനതയിലേക്കാക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വീടിന്റെയും ഭൂമിയുടെയും വില നിര്‍ണയിച്ചശേഷമേ ലേലനടപടികളിലേക്ക് നീങ്ങുകയുള്ളൂ.

കുടിശ്ശിക തുക ഈടാക്കാനുള്ള വസ്തുക്കള്‍ മാത്രമേ ജപ്തിചെയ്യാന്‍ പാടുള്ളൂ. ജപ്തിചെയ്ത ജംഗമവസ്തുക്കളുടെ പട്ടിക തയ്യാറാക്കി സ്ഥലത്ത് പതിക്കുകയും ഒരു പകര്‍പ്പ് കുടിശ്ശികക്കാരന് നല്‍കുകയുംചെയ്യും. ജപ്തിക്കുശേഷവും കുടിശ്ശികത്തുക അടയ്ക്കുന്നില്ലെങ്കില്‍ ജംഗമവസ്തുക്കള്‍ ലേലംചെയ്യാം. എന്നാല്‍, 15 ദിവസത്തെ സാവകാശം നല്‍കണം. ഭൂമി ജപ്തിചെയ്ത ശേഷവും ലേലംചെയ്യുന്നതിന് മുന്നോടിയായി ബാധ്യതകള്‍ തീര്‍ക്കുന്നതിനും ബാക്കിയുള്ള ഭൂമി നിലനിര്‍ത്തുന്നതിനും മൂന്നുമാസംവരെ സമയം അനുവദിക്കും. ധരിക്കുന്ന വസ്ത്രങ്ങള്‍, താലി, വിവാഹമോതിരം, പൂജാപാത്രങ്ങള്‍, കൃഷി ഉപകരണങ്ങള്‍, ഉഴവുമാടുകളില്‍ ഒരു ജോഡിയെങ്കിലും വരത്തക്കവണ്ണം ആകെയുള്ളതിന്റെ നാലിലൊന്ന്, കൈത്തൊഴിലുകാരുടെ പണിയായുധങ്ങള്‍ എന്നിവ ജപ്തി ചെയ്യില്ല.

അതേസമയം, ജപ്തിക്ക് മുന്നോടിയായി വ്യക്തിക്ക് മുന്‍കൂര്‍ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് ഈ നോട്ടീസ് ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.