തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ പങ്കാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങുന്നു. ബലാത്സംഗം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസുകാരെ കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ആവശ്യപ്പെട്ടു.
ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരെക്കുറിച്ചുള്ള റിപ്പോർട്ട് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളിൽ നൽകണമെന്നാണ് നിർദ്ദേശം. അതത് യൂണിറ്റ് മേധാവികൾക്കാണ് ഡിജിപി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുള്ളത്. ഐജിമാർ, ഡിഐജിമാർ, സിറ്റി പൊലീസ് കമ്മിഷണർമാർ, ജില്ലാ പോലീസ് മേധാവികൾ ഉൾപ്പെടെയുള്ളവരെയാണ് പ്രതികളുടെ പട്ടിക തയ്യാറാക്കണമെന്നാണ് നിർദ്ദേശം.
പോലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടാ മാഫിയകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി കർശനമാക്കാൻ തീരുമാനിച്ചത്. ഗുണ്ടകളുമായി ബന്ധമുള്ള ഡി വൈ എസ് പി മാർക്കെതിരായ നടപടി ശുപാർശ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചിട്ടുണ്ട്. ഇതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ഗുണ്ടാ ആക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ കർശനമാക്കുന്നത്.

