ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്‌പെന്‍ഡ് ചെയ്ത് കായിക മന്ത്രാലയം

ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അനുകൂലിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ച ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്‌പെന്‍ഡ് ചെയ്ത് ദേശീയ കായിക മന്ത്രാലയം.

ബ്രിജ്ഭൂഷണിനെതിരായ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് വിനോദ് തോമര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ല. 12 വര്‍ഷമായി ഫെഡറേഷനില്‍ പ്രവര്‍ത്തിക്കുന്നു. അപമര്യാദയായുള്ള ഒരു സംഭവവും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനും പരിശീലകര്‍ക്കുമെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ (ഐ.ഒ.എ) നിയോഗിച്ച ഏഴംഗ സമിതി പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. റിപ്പോര്‍ട്ട് കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് സമര്‍പ്പിക്കുമെന്ന് സമിതി അംഗവും മുന്‍ ഇന്ത്യന്‍ ഗുസ്തി താരവുമായ യോഗേശ്വര്‍ ദത്ത് അറിയിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ ഡല്‍ഹിയിലെ പ്രതിഷേധ സമരം അവസാനിപ്പിച്ചിരുന്നു.