ന്യൂഡൽഹി: ജമ്മു കശ്മീരിൽ ജാഗ്രത കർശനമാക്കി. ഇരട്ട സ്‌ഫോടനത്തിന് പിന്നാലെയാണ് ജമ്മു കശ്മീരിൽ ജാഗ്രതയും നിരീക്ഷണവും കർശനമാക്കിയത്. സസ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ നിന്നും കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് കശ്മീരിൽ രണ്ട് സ്‌ഫോടനങ്ങൾ നടന്നത്. നർവാളിലെ ട്രാൻസ്‌പോർട്ട് നഗറിലെ ഏഴാം നമ്പർ യാർഡിലാണ് സ്‌ഫോടനം ഉണ്ടായത്. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വർക്ക് ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാർ പൊട്ടിത്തെറിക്കുകയായിരുന്നു. അര മണിക്കൂറിന് ശേഷം മറ്റൊരു കാറിലും സ്‌ഫോടനം നടന്നു. സ്‌ഫോടനം കൃത്യമായ ആസൂത്രണത്തോടെയാണ് നടന്നിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ വിവിധ അന്വേഷണ ഏജൻസികൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്്. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മുവിലൂടെ കടന്നു പോകുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായിട്ടുള്ളത്. എന്നാൽ ഭാരത് ജോഡോ യാത്ര നിർത്തില്ലെന്നാണ് കോൺഗ്രസ് അറിയിച്ചിട്ടുള്ളത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ സുരക്ഷ വർദ്ധിപ്പിക്കാനാണ് തീരുമാനം. കേന്ദ്രസേനക്കൊപ്പം ജമ്മു കശ്മീർ പോലീസിനെയും അധികമായി നിയോഗിക്കും. രാഹുൽ ഗാന്ധി കടന്നു പോകുന്ന മേഖലകളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നാണ് ജമ്മു കശ്മീർ ഭരണകൂടം അറിയിച്ചിട്ടുള്ളത്.

