ബിബിസി ഡോക്യുമെന്ററി സര്‍ക്കാറിനെയും പാര്‍ലമെന്റിനെയും അവഹേളിക്കുന്നത്; മോദിയെ ലക്ഷ്യമിട്ടെന്നും കേന്ദ്രം

ന്യൂഡല്‍ഹി: ബിബിസിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വിവാദമായ സാഹചര്യത്തില്‍ ജനാധിപത്യ സര്‍ക്കാറിനെയും പാര്‍ലമെന്റിനെയും അവഹേളിക്കുന്നതാണ് ബിബിസിയുടെ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനെ ഔദ്യോഗികമായി അറിയിക്കുമെന്ന് റിപ്പോര്‍ട്ട്. ബിബിസി ഡോക്യുമെന്ററി ആഗോള തലത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാന്‍ ലക്ഷ്യമിട്ടാണെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.

അതേസമയം, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തില്‍, ബിബിസി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാന്‍ നിലവില്‍ ആലോചനയില്ലെന്ന് ബിബിസി അറിയിച്ചിട്ടുണ്ട്. ‘ലോകമെമ്ബാടുമുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രതിജ്ഞാബദ്ധരാണ് തങ്ങള്‍. ഡോക്യുമെന്ററി ചിത്രീകരണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ മറുപടി തേടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അത് നിഷേധിച്ചു. ബിജെപി നേതാക്കളുടെ അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തി. വിശദമായ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഡോക്യുമെന്ററി തയാറാക്കിയത്’- ബിബിസി വിശദീകരിച്ചു.

രണ്ടു ഭാഗങ്ങളായുള്ള ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡില്‍, മോദിയുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവട് വയ്പ്, ബിജെപിയിലെ ഉയര്‍ച്ച, ഗുജറാത്ത് മുഖ്യമന്ത്രി ആയുള്ള നിയമനം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തിനിടെയുള്ള നരേന്ദ്ര മോദിയുടെ പ്രവര്‍ത്തികളെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഡോക്യുമെന്ററി. ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഗുജറാത്തിലേക്ക് അയച്ചുവെന്നും വിശദമായ റിപ്പോര്‍ട്ട് ഇവര്‍ സമര്‍പ്പിച്ചുവെന്നും 2001-2006 കാലത്തെ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജാക് സ്‌ട്രോ ഡോക്യുമെന്ററിയില്‍ പറയുന്നു. എന്നാല്‍, ഡോക്യുമെന്ററി പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും മുന്‍വിധിയോടെയുള്ളതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മുന്‍വിധിയും വസ്തുനിഷ്ഠതയില്ലായ്മയും കൊളോണിയല്‍ മാനസികാവസ്ഥയും വ്യക്തമായി കാണാം. ഈയൊരു ആഖ്യാനം പ്രചരിപ്പിക്കുന്ന ആളുകളുടെയും ഏജന്‍സികളുടെയും താല്‍പര്യങ്ങളുടെ പ്രതിഫലനമാണ് ഡോക്യുമെന്ററി. ഇതിന്റെ ഉദ്ദേശ്യത്തെ കുറിച്ചും ഇതിന് പിന്നിലെ അജണ്ടയെ കുറിച്ചും ആലോചിക്കുമ്‌ബോള്‍ അദ്ഭുതം തോന്നുകയാണ്. ഇത്തരം സംഭവങ്ങളെ മുഖവിലക്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.