വ്യാജ കണക്കുകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്; വിമർശനവുമായി വി ഡി സതീശൻ

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യാജ കണക്കുകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നുമുള്ള സർക്കാർ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനമാണ് കേരളം. വ്യവസായ യൂണിറ്റുകളിൽ തമിഴ്നാട്ടിൽ 4.5 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ഉണ്ടായി. എന്നാൽ കേരളത്തിലത് 0.76 ലക്ഷം കോടി രൂപ മാത്രമാണ്. വിവിധ വ്യവസായ യൂണിറ്റുകളിൽ തമിഴ്നാട് 26 ലക്ഷം തൊഴിലവസരങ്ങൾ സൃഷിടിച്ചപ്പോൾ കേരളത്തിൽ 3.34 ലക്ഷമായി ചുരുങ്ങിയെന്നും അദ്ദേഹം വിമർശിച്ചു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അടിസ്ഥാനരഹിതമായ കണക്കുകൾ നിരത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കൊച്ചിയിൽ നടന്ന സംരംഭക സംഗമത്തിൽ നിന്നും പ്രതിപക്ഷം വിട്ടു നിന്നത്. ബാങ്കുകളിൽ നിന്ന് നേരിട്ട് വായ്പയെടുത്ത് വ്യക്തികൾ സ്വന്തം നിലയിൽ തുടങ്ങുന്ന സംരംഭങ്ങളും സർക്കാരിൻറെ കണക്കിൽപ്പെടുത്തി മേനി നടിക്കാനാണ് വ്യവസായ വകുപ്പിന്റെ ശ്രമം. വ്യവസായ വികസനത്തിനും സാമ്പത്തിക പുരോഗതിക്കുമായി ഒന്നും ചെയ്യാതെ കൈയ്യും കെട്ടി ഇരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.