National (Page 813)

covid

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഡ് വാക്സിൻ നിരക്ക് നിശ്ചയിച്ച് കേന്ദ്രം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. കൊവിഷീൽഡിന് 780 രൂപയും കൊവാക്സിന് 1,410 രൂപയും സ്പുട്നിക് 5 വാക്സിന് 1,145 രൂപയുമാണ് രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ സാധിക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

നികുതിയും ആശുപത്രികളുടെ സർവ്വീസ് ചാർജായ 150 രൂപയും ഉൾപ്പെടുത്തിയുള്ള നിരക്കാണിത്. അഞ്ചു ശതമാനം ജിഎസ്ടിയുമുണ്ട്. കോവിഷീൽഡിന് 30 രൂപയും കൊവാക്‌സിന് 60 രൂപയും സ്പുട്‌നിക് V വാക്‌സിന് – 47 രൂപയുമാണ് ജിഎസ്ടി നിരക്ക്. സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ വിതരണം സംസ്ഥാന സർക്കാരുകൾ നിരീക്ഷിക്കണമെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം. വാക്‌സിനേഷൻ നയവുമായി ബന്ധപ്പെട്ട് പരിഷ്‌കരിച്ച നിർദേശങ്ങൾ സംബന്ധിച്ച ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രം സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകുക. വാക്‌സിൻ നിർമ്മാതാക്കൾ ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75 % കേന്ദ്രസർക്കാർ വാങ്ങും. വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകുന്നത് തുടരുമെന്നും ഗവൺമെന്റ് വാക്‌സിനേഷൻ സെന്ററുകൾ മുഖേന ഈ ഡോസുകൾ എല്ലാ പൗരന്മാർക്കും സൗജന്യമായി വിതരണം ചെയ്യുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ന്യൂഡല്‍ഹി: കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവരെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായി എ.ഐ.സി.സി നിയോഗിച്ചു. വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ പേരുകള്‍ അറിയിച്ചുകൊണ്ടുളള വാര്‍ത്താക്കുറിപ്പില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍, മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. തോമസ് എന്നിവരുടെ പ്രവര്‍ത്തനങ്ങളെ എ.ഐ.സി.സി അഭിനന്ദിച്ചു.

കെ.വി. തോമസിനെ യു.ഡി.എഫ് കണ്‍വീനറാക്കാന്‍ ആലോചനകളുണ്ടായിരുന്നു. എന്നാല്‍, താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു എന്നാണ് വിവരം.കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തേക്ക് സുധാകരനെ തിരഞ്ഞെടുത്തത് ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ്.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. കോവിഡിന്റെ മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള എല്ലാ വിവരങ്ങളും പരിശോധിച്ചാലും പുതിയ കോവിഡ് വകഭേദമോ കുട്ടികൾക്കിടയിൽ കൂടുതൽ അണുബാധയ്ക്ക് കാരണമായി എന്ന് കാണിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

കോവിഡ് ബാധിച്ച ആരോഗ്യമുള്ള കുട്ടികളിൽ മിക്കവരും ആശുപത്രി ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ 60 മുതൽ 70 ശതമാനം പേരും അനുബന്ധ രോഗങ്ങളുള്ളവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആണെന്നും ചിലർ കീമോ തെറാപ്പി ചെയ്യുന്നവരാണെന്നും അദ്ദേഹം വിശദീകരിച്ചു.

വൈറസിന്റെ മൂന്നാം തരംഗത്തിൽ രോഗവ്യാപനം കുറയും. രോഗവ്യാപനം കുറയ്ക്കാൻ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നും രൺദീപ് ഗുലേറിയ അഭ്യർത്ഥിച്ചു.

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച് അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന സന്നദ്ധ സംഘടനകള്‍ക്കെതിരെ നടപടിയെടുക്കണമെ്ന്നും കുട്ടികളെ നിയമപരമല്ലാതെ ദത്തെടുക്കുന്നത് തടയണമെന്നും സുപ്രിംകോടതി. മാത്രമല്ല, കുട്ടികളുടെ പേരില്‍ സന്നദ്ധ സംഘടനകള്‍ പണപ്പിരിവ് നടത്തുന്നത് തടയണമെന്നും കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

കൊവിഡ് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3627 കുട്ടികള്‍ അനാഥരായെന്ന് കോടതിയില്‍ ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. 274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. 26176 കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായെന്നും ബാലവാകാശ കമ്മീഷന്‍ അറിയിച്ചു.
കേരളത്തില്‍ 65 കുട്ടികള്‍ അനാഥരായെന്നാണ് കണക്ക്. 1931 കുട്ടികള്‍ക്ക് അച്ഛനമ്മമാരിള്‍ ഒരാളെ നഷ്ടമായി.

2020 ഏപ്രില്‍ 1 മുതല്‍ 2021 ജൂണ്‍ 5 വരെയുള്ള കണക്കാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ അനാഥരായത് മധ്യപ്രദേശിലാണ്, 706. ഉപേക്ഷിക്കപ്പെട്ട കുട്ടികളില്‍ 226 പേരും മധ്യപ്രദേശിലാണ്. ബിഹാറില്‍ 308 കുട്ടികളും ഒഡിഷയില്‍ 241 കുട്ടികളും മഹാരാഷ്ട്രയില്‍ 217 കുട്ടികളും ആന്ധ്രപ്രദേശില്‍ 166 കുട്ടികളും ഛത്തീസ്ഗഡില്‍ 120 കുട്ടികളും അനാഥരായി.

vaccine

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതിക്ക് 50,000 കോടിയോളം രൂപ ചെലവ് വരുമെന്നും ഇതിനാവശ്യമായ പണമുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍. അതുകൊണ്ട് തന്നെ സപ്ലിമെന്ററി ഗ്രാന്റുകള്‍ തേടേണ്ട ആവശ്യമില്ലെന്നും രണ്ടാം റൗണ്ടില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തോടനുബന്ധിച്ച് സപ്ലിമെന്ററി ഗ്രാന്റുകള്‍ ആവശ്യമായി വന്നേക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. വിദേശ വാക്‌സിനുകളെ ആശ്രയിക്കാതെ തന്നെ ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവയുടെ വാക്‌സിനുകളിലൂടെ ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്ക് പുറമേ സ്പുട്‌നിക് വി വാക്‌സിനും ഇന്ത്യയില്‍ അനുമതിയുണ്ട്.

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതിയുമായി ലക്ഷദ്വീപ് ഭരണകൂടം. ലക്ഷദ്വീപിന്റെ പുരോഗതിയ്ക്കായി ഭരണകൂടം ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയാണ് ചൂര കയറ്റുമതി. ദ്വീപിലെ മത്സ്യബന്ധന മേഖലയുടെ തലവര മാറ്റാൻ തന്നെ പോകുന്ന പദ്ധതിയാണിത്. ഈ പദ്ധതിയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് മത്സ്യ കയറ്റുമതിയ്ക്ക് മൂന്ന് കമ്പനികൾ കൂടി എത്തുകയാണ്.

ജൂൺ അഞ്ചിനാണ് ലക്ഷദ്വീപിൽ നിന്നും ആദ്യമായി ചൂര കയറ്റുമതി ചെയ്തത്. അഗത്തിയിൽ നിന്നും അഞ്ച് ടൺ ചൂര ജപ്പാനിലേക്ക് വിമാനമാർഗമാണ് കയറ്റി അയച്ചത്. തീരെ മലിനീകരണം കുറഞ്ഞ ലക്ഷദ്വീപ് കടലിൽ നിന്നുള്ള ചൂരയ്ക്ക് വിദേശത്ത് വൻ ഡിമാൻഡ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജപ്പാൻ ജനതയുടെ ഇഷ്ട വിഭവമാണ് ചൂര. ബംഗളൂരുവിൽ നിന്നും ചരക്കുമായെത്തിയ വിമാനത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ട്യൂണ കയറ്റുമതി ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ കർണാടക, കേരളം, ഗോവ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ 50 ഓളം കയറ്റുമതിക്കാരുടെയും അനുബന്ധ വ്യവസായികളുടെയും യോഗം ലക്ഷദ്വീപ് ഭരണകൂടം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ പങ്കെടുത്ത ബംഗളൂരുവിലുള്ള സാഷ്മി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ലക്ഷദ്വീപിൽ നിന്നും ആദ്യ വിദേശ കയറ്റുമതി നടത്തിയത്.

സെപ്തംബർ 15 ന് ശേഷം വലിയ തോതിൽ മത്സ്യ കയറ്റുമതി നടത്താനാണ് ദ്വീപ് ഭരണകൂടം പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളും കമ്പനികളും തമ്മിൽ കരാറുണ്ടാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കയറ്റുമതി ചെയ്യാനായി മത്സ്യം വിൽക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടി വില ലഭിക്കുകയും അവരുടെ വരുമാനം വർധിക്കുകയും ചെയ്യും. കയറ്റുമതി പ്രോത്സാഹിപ്പിക്കാനും കർഷകർക്ക് പ്രത്യേക പരിശീലനം നൽകാനും ഫിഷറീസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘത്തെ ഭരണകൂടം നിയമിച്ചിട്ടുണ്ട്.

ജലന്ധർ: 1984 ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ സൈന്യം വധിച്ച ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഭിന്ദ്രൻവാലെയെ പ്രകീർത്തിക്കുന്ന പോസ്റ്റിട്ടതിന് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തിലുള്ള വ്യക്തിയോടോ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടോ തനിക്ക് യോജിപ്പില്ലെന്നും സംഭവിച്ച തെറ്റ് താൻ അംഗീകരിക്കുന്നുവെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

വാട്‌സാപ്പ് വഴി ലഭിച്ച സന്ദേശം വേണ്ടത്ര പരിശോധിക്കാതെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണെന്നും താരം വിശദീകരിച്ചു. രാജ്യത്തിനായി പോരാടുന്ന ഒരു സിഖുകാരനാണ് താൻ. ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കില്ല. രാജ്യത്തെ ജനങ്ങളുടെ മനോവികാരം വ്രണപ്പെടുത്തിയതിന് ക്ഷമാപണം നടത്തുന്നു. 20 വർഷം രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച താൻ രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകില്ലെന്നും ഹർഭജൻ സിംഗ് ട്വിറ്ററിൽ കുറിച്ചു.

ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ മുപ്പത്തിയേഴാം വാർഷിക ദിനവുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ട ഖാലിസ്താൻ വിഘടനവാദി ഭിന്ദ്രൻവാലെയെ പ്രകീർത്തിച്ചുകൊണ്ടുള്ള സന്ദേശം തന്റെ ഇൻസ്റ്റാഗ്രാമിൽ ഹർഭജൻ സിംഗ് പോസ്റ്റ് ചെയ്തത്. ഭിന്ദ്രൻവാലെയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ‘അഭിമാനത്തോടെ ജീവിച്ചു, മതത്തിന് വേണ്ടി ജീവൻ നൽകി’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ് പങ്കുവെച്ചിരുന്നത്. സംഭവത്തിന് പിന്നാലെ ഹർഭജൻ സിംഗിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ഇതോടെയാണ് താരം മാപ്പപേക്ഷയുമായി എത്തിയത്.

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നയം അംഗീകരിക്കാമെന്നും കൂടുതല്‍ സമയം വേണമെന്നും ട്വിറ്റര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കൊവിഡ് സാഹചര്യം സൃഷ്ടിച്ച പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം ഒരാഴ്ചത്തെ സാവകാശമാണ് സാമൂഹ്യമാധ്യമം ഇപ്പോള്‍ ചോദിച്ചിരിക്കുന്നത്.പുതിയ നയത്തെ ചൊല്ലി ട്വിറ്ററും കേന്ദ്രസര്‍ക്കാരും തുറന്ന പോരിലേക്ക് നീങ്ങിയിടത്ത് നിന്നാണ് ഇപ്പോള്‍ സാമൂഹിക മാധ്യമം കേന്ദ്രത്തിന് വഴങ്ങുന്നുവെന്ന സൂചന വരുന്നത്.

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കുന്നതിന് വേണ്ടി നൂതന പദ്ധതിയുമായി ഡൽഹി സർക്കാർ. ഇനി വാക്സിൻ സ്വീകരിക്കാനുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അവരുടെ പോളിംഗ് ബൂത്തുകളിൽ വാക്സിൻ എത്തിച്ച് വിതരണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ഡൽഹിയിൽ ആവിഷ്‌ക്കരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം അറിയിച്ചത്. ജഹാം വോട്ട്, വഹാം വാക്സിനേഷൻ (എവിടെയാണോ വോട്ട്, അവിടെ വാക്സിനേഷൻ) എന്ന പേരിലായിരിക്കും പുതിയ പദ്ധതി നടപ്പിലാക്കുക.

ഡൽഹിയിലെ വോട്ടിംഗ് ബൂത്ത് തലത്തിൽ വാക്സിൻ വിതരണം ചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നത്. പദ്ധതി പ്രകാരം ജനങ്ങൾക്ക് അവരുടെ നിശ്ചിത പോളിംഗ് ബൂത്തിൽ എത്തി കോവിഡ് വാക്സിൻ സ്വീകരിക്കാം. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കേണ്ടവർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.

വീടുകളിലെത്തി വാക്‌സിൻ നൽകുന്ന പദ്ധതിയ്ക്കും സർക്കാർ ഉടൻ തുടക്കം കുറിക്കുമെന്നാണ് വിവരം. 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും നാല് ആഴ്ചകൊണ്ട് വാക്സിൻ നൽകാനാണ് സർക്കാരിന്റെ ലക്ഷ്യം. 45 വയസിന് മുകളിൽ പ്രായമുള്ള 57 ലക്ഷം പേരാണ് ഡൽഹിയിലുള്ളത്. 27 ലക്ഷം പേർക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് നൽകി കഴിഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുടെ മുതലെടുപ്പ് അവസാനിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. വാക്സിനുകളുടെ നിശ്ചിത വിലയോടൊപ്പം 150 രൂപ സർവീസ് ചാർജ് മാത്രമാണ് ഇനി സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ കഴിയുക. രാജ്യത്തെ ജനങ്ങളെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

സ്വകാര്യ ആശുപത്രികൾ 150 രൂപ സർവീസ് ചാർജ് മാത്രമാണ് ഈടാക്കുന്നതെന്ന് നിരീക്ഷിച്ച് ഉറപ്പു വരുത്തേണ്ട ചുമതല സംസ്ഥാന സർക്കാരുകൾക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്ക് വാക്സിന് വില ഉയർത്താനുളള സാധ്യതയാണ് കേന്ദ്രത്തിന്റെ ഇടപെടലോടെ ഇല്ലാതായത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് കേന്ദ്രത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സ്വകാര്യ ആശുപത്രികൾ വാക്സിന് അമിത നിരക്ക് ഈടാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കേന്ദ്രം ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത്.

രാജ്യത്തെ വാക്‌സിൻ നയത്തിൽ മാറ്റം വരുത്തുമെന്നും 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. ജൂൺ 20 മുതലാണ് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകുന്നത്.