National (Page 812)

ന്യൂഡൽഹി: ജിതിൻ പ്രസാദ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കം ആരംഭിച്ച് കോൺഗ്രസ്. പാർട്ടിയിൽ സമഗ്ര മാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയ ഗ്രൂപ്പ് 22 നെ അനുനയിപ്പിക്കാനാണ് ഹൈക്കമാൻഡിന്റെ ശ്രമം. ഗുലാം നബി ആസാദിന് രാജ്യസഭാ സീറ്റ് നൽകുന്ന കാര്യവും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.

ഗുലാം നബി ആസാദിനെ തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലെത്തിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷമാണ് ഇരുപത്തിമൂന്നോളം നേതാക്കൾ പാർട്ടിയുടെ സമഗ്രമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയത്. ജിതിൻ പ്രസാദയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലായിരുന്നു നേതാക്കൾ എ.ഐ.സി.സിയിൽ സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ട് കത്തയച്ചത്.

രാജ്യസഭയിൽ തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമായി രണ്ടു സീറ്റാണ് കോൺഗ്രസിന് ഒഴിവു വരുന്നത്. ഇതിൽ തമിഴ്‌നാട്ടിൽ നിന്നുള്ള സീറ്റിലേക്ക് ഗുലാംനബി ആസാദായിരിക്കും പരിഗണിക്കപ്പെടുകയെന്നാണ് വിവരം. ഗുലാം നബി ആസാദിനെ രാജ്യസഭയിൽ എത്തിക്കുന്നതോടെ ഗ്രൂപ്പ് 22 നേതാക്കളെ പാർട്ടിക്കൊപ്പം നിർത്താനാവുമെന്നാണ് ഹൈക്കമാൻഡിന്റെ പ്രതീക്ഷ.

മഹാരാഷ്ട്രയിലെ സീറ്റിലേക്ക് ആരെയാണ് പരിഗണിക്കുകയെന്ന കാര്യം വ്യക്തമല്ല. പല നേതാക്കളുടെയും പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ആരെയാകും തെരഞ്ഞെടുക്കുക എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ല.

അമരാവതി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി നടൻ മഹേഷ് ബാബു. സ്വന്തം ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്‌സിൻ എത്തിച്ച് നൽകിയിരിക്കുകയാണ് അദ്ദേഹം. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കുമാണ് മഹേഷ് ബാബു വാക്‌സിൻ എത്തിച്ചത്. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് ഇക്കാര്യം അറിയിച്ചത്.

ജനങ്ങൾ വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും നമ്രത സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏഴ് ദിവസത്തെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവാണ് ഗ്രാമത്തിൽ പൂർത്തിയായത്. ഗ്രാമം പൂർണ്ണമായും വാക്‌സിനേഷൻ പൂർത്തിയാക്കിയെന്നും വാക്‌സിൻ സ്വീകരിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും നമ്രത പറഞ്ഞു.

മഹേഷ് ബാബുവിന്റെ ജന്മസ്ഥലമാണ് ബുറിപലേം. ഗ്രാമത്തിന്റെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.

കൊൽക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഏറെ നാളായി വൃക്കസംബന്ധമായ അസുഖങ്ങൾക്ക് അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു.

ബംഗാളിലെ മുൻ നിര സംവിധായകരിൽ ഒരാളാണ് ബുദ്ധദേബ് ദാസ് ഗുപ്ത. ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. നിരവധി കവിതാസമാഹാരങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ബാഗ് ബഹദൂർ (1989), ചരാച്ചാർ (1993), ലാൽ ദർജ (1997), മോണ്ടോ മെയർ ഉപാഖ്യാൻ (2002), കാൽപുരുഷ് (2008) തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഈ സിനിമകൾക്കെല്ലാം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദൂരത്വ (1978), തഹാദർ കഥ (1993) എന്നീ സിനിമകൾ മികച്ച ബംഗാളി ചലച്ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.

ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

ന്യൂഡല്‍ഹി: പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്കുള്ള കോവിഡ് ചികിത്സാമാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കുട്ടികളില്‍ റെംഡെസിവിര്‍ പോലുള്ള സ്റ്റിറോയിഡുകള്‍ ഒഴിവാക്കണമെന്നും സി ടി സ്‌കാന്‍ പോലുള്ള രോഗനിര്‍ണയ ഉപാധികള്‍ പരമാവധി കുറയ്ക്കണമെന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് ഹെല്‍ത്ത് സര്‍വ്വീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. റെംഡെസിവിര്‍ പോലുള്ള സ്റ്റിറോയിഡുകള്‍ കടുത്ത രോഗികളില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മാത്രമേ നല്‍കാവൂ ,

സ്വയം ചികിത്സ നിര്‍ബന്ധമായും ഒഴിവാക്കണം, റംഡെസിവിര്‍ അടിയന്തിര ആവശ്യങ്ങളില്‍ മാത്രം ഉപയോഗിക്കുക എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളില്‍ പ്രത്യേകിച്ച് ചികിത്സകളൊന്നും തന്നെ നിര്‍ദ്ദേശിക്കുന്നില്ല. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങി പൊതുവേയുള്ള കൊവിഡ് പ്രോട്ടോക്കോളുകളും ആരോഗ്യകരമായ ആഹാര രീതികളും ആണ് 18 വയസില്‍ താഴെയുള്ള ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കൊല്‍ക്കത്ത: എന്‍ഡിഎ ഭരിക്കാത്ത എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഏതെങ്കിലും സംസ്ഥാനത്തെ നിരന്തരമായി ബുദ്ധിമുട്ടിച്ചാല്‍ കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ബിജെപിക്കെതിരെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും മമത പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുക്കുന്ന ഒരു വിഭാഗം കര്‍ഷക നേതാക്കളുമായി മമത ചര്‍ച്ച നടത്തി. സമരം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്‍ഡിഎ ഭരിക്കാത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നു കര്‍ഷക നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത പറഞ്ഞു. പുതിയ വാക്‌സിനേഷന്‍ നയത്തിലും കേന്ദ്രത്തെ മമത വിമര്‍ശിച്ചു. വാക്‌സീന്‍ സൗജന്യമായി നല്‍കുന്നതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കുള്ളതല്ല. ബിജെപിയുടെ പണമല്ല, ഇന്ത്യക്കാരുടെ പണമാണ് ഇതിനായി ചെലവാക്കുന്നതെന്നും മമത ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: ചൈനീസ് നിര്‍മ്മാതാകളായ ലീ നിങ്ങിന്റെ ഉത്പന്നങ്ങള്‍ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ രാജ്യത്തെ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പുനപരിശോധിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക്ക് അസോസിയോഷന്‍ തീരുമാനിച്ചു. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 8 വരെ ടോക്കിയോയില്‍ വച്ചാണ് ഒളിമ്പിക്‌സ്. ഇന്ത്യന്‍ താരങ്ങള്‍ ബ്രാന്‍ഡഡ് ചെയ്യാത്ത സാധാരണ സ്‌പോര്‍ട്‌സ് കിറ്റുകളുമായിട്ടാകും ഒളിമ്പിക്ക് മത്സരങ്ങള്‍ക്ക് ഇറങ്ങുകയെന്ന് ഐ ഒ എ വ്യക്തമാക്കിയിട്ടുണ്ട്. ആരാധകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും അതിനാല്‍ ലീ നിങ്ങുമായി നിലവിലുള്ള കരാര്‍ ഒഴിവാക്കാന്‍ ഐ ഒ എ തീരുമാനിച്ചതായി പ്രസിഡന്റ് നരേന്ദര്‍ ബത്ര അറിയിച്ചു.സ്‌പോണ്‍സര്‍മാരില്ലാതെയാകും ഇന്ത്യന്‍ താരങ്ങള്‍ ഇതിനെ തുടര്‍ന്ന് ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് കളത്തില്‍ ഇറങ്ങുകയെന്നും ബത്ര അറിയിച്ചു.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത് ഹിറ്റായ വെബ് സീരീസാണ് ഫാമിലിമാന്‍ 2. തമിഴ്, മുസ്ലീം, ബംഗാളി വംശജരെ മോശമായി ചിത്രീകരിക്കുന്നു എന്നതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളിലായി ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിനെതിരെ തമിഴ്‌സംവിധായകന്‍ ഭാരതിരാജയും രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററില്‍ തമിഴില്‍ പങ്കുവെച്ച കുറിപ്പിലാണ് ഭാരതിരാജ സീരീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ അഭ്യര്‍ത്ഥന വകവയ്ക്കാതെ, ഫാമിലി മാന്‍ സീസണ്‍ 2 ന്റെ സ്ട്രീമിംഗ് നിര്‍ത്താന്‍ ഉത്തരവ് പുറപ്പെടുവിക്കാത്തതില്‍ അസ്വസ്ഥരാണ്. തമിഴ് ഈഴം പോരാളികളുടെ ചരിത്രം അറിയാത്തവരാണ് ഈ സീരീസ് നിര്‍മ്മിച്ചതെന്ന് സീരീസിലെ രംഗങ്ങള്‍ വെളിപ്പെടുത്തുന്നു. നല്ല ഉദ്ദേശ്യങ്ങളും വീര്യവും വലിയ ത്യാഗങ്ങളും നിറഞ്ഞ കലാപത്തെ അപമാനിക്കുന്ന സീരീസിനെ താന്‍ അപലപിക്കുന്നു. സ്ട്രീമിംഗ് ഉടന്‍ നിര്‍ത്തണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറോട് താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് ട്വീറ്റില്‍ ഭാരതി രാജ പറയുന്നു.

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ജിതിന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 2019ല്‍ ജിതിന്‍ പ്രസാദ പാര്‍ട്ടി വിടുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.
കുറച്ച് നാള്‍ മുന്‍പ് പാര്‍ട്ടിയില്‍ പുനഃസംഘടന ആവശ്യപ്പെട്ട് ജിതിന്‍ പ്രസാദ അടക്കമുള്ളവര്‍ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നസാഹചര്യത്തില്‍ കത്ത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നാണ് ജിതിന്‍ പ്രസാദ വ്യക്തമാക്കിയത്.

ന്യൂഡല്‍ഹി: കോവിഡ് വകഭേദങ്ങളായ ബീറ്റ, ഡെല്‍റ്റ എന്നീ വകഭേദങ്ങള്‍ക്ക് കോവാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡോ. പ്രഗ്യ ഡി യാദവ് കോവിഡ് രോഗത്തില്‍ നിന്നും മുക്തിനേടിയ 20 പേരെയൂും കോവാക്‌സിന് കുത്തിവെപ്പ് നടത്തിയ 17 പേരെയും വെച്ചാണ് ഈ പഠനം നടത്തിയത്. കോവിഷീല്‍ഡ് കോവാക്‌സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡി ശരീരത്തില്‍ ഉല്പാദിപ്പിക്കുമെന്ന് ഏഴ് മികച്ച ഇന്ത്യന്‍ ഡോക്ടര്‍മാര്‍ പഠനം നടത്തി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോവാക്‌സിനെക്കുറിച്ച് ഈ പഠനം നടന്നത്.

electricity

തിരുവനന്തപുരം: രാജ്യത്തെ മുഴുവൻ വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്രം. ഇതിനായുള്ള കരട് പദ്ധതി കേന്ദ്ര ഊർജ മന്ത്രാലയം തയ്യാറാക്കിയതായതായാണ് വിവരം. അഭിപ്രായ സമന്വയത്തിനായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പദ്ധതിരേഖ കൈമാറിയതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യം മുഴുവൻ ഒരേവില എന്ന ആശയം നടപ്പാക്കണമെങ്കിൽ സംസ്ഥാനങ്ങൾ പുറമേ നിന്നു വാങ്ങുന്ന വൈദ്യുതിക്ക് ഏർപ്പെട്ട ദീർഘകാല കരാറുകൾ റദ്ദാക്കേണ്ടിവരും.

വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി മൂന്നു രൂപയാണ് നിലവിലെ വില. ദീർഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിയ്ക്ക് ആറു രൂപവരെയാണ് നൽകേണ്ടത്. കേരളത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തുമ്പോൾ 6.05 രൂപയാണ് ചെലവ് വരുന്നത്. വൈദ്യുതി ഏകീകരണം നടപ്പിലാകുമ്പോൾ ചുരുങ്ങിയത് യൂണിറ്റിന് ഒരു രൂപയെങ്കിലും കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2013 ൽ രാജ്യത്തെ അഞ്ച് ഗ്രിഡുകളെ സംയോജിപ്പിച്ച് ‘നാഷണൽ ഗ്രിഡ്’ കമ്മീഷൻ ചെയ്തതിന് സമാനമായി വൈദ്യുതീകരണത്തിൽ ഏകീകരണം നടത്താനാണ് സർക്കാരിന്റെ ലക്ഷ്യം. വൈദ്യുതി ഉത്പാദക കമ്പനികളിൽനിന്നു വാങ്ങുന്ന വൈദ്യുതിയുടെയും അതാത് സംസ്ഥാനങ്ങൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെയും ചെലവും കണക്കാക്കിയാണ് നിലവിൽ ഓരോ സംസ്ഥാനത്തും വൈദ്യുതിവില നിശ്ചയിക്കുന്നത്.

പുതിയ പദ്ധതി അനുസരിച്ച് പരമാവധി വില കേന്ദ്ര സർക്കാരായിരിക്കും നിശ്ചയിക്കുക. സ്ഥാനങ്ങൾക്ക് ആവശ്യമുള്ള വൈദ്യുതി ഒരു ദിവസം മുമ്പ് ഷെഡ്യൂൾ ചെയ്ത് വാങ്ങാം എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണം. യൂണിറ്റിന് ഏറ്റവും കുറവ് തുക രേഖപ്പെടുത്തുന്ന കമ്പനിയിലേക്ക് ആവശ്യക്കാർക്ക് മാറാം എന്ന സവിശേഷതയും പദ്ധതിയ്ക്കുണ്ട്.