കൊച്ചി: മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതിയുമായി ലക്ഷദ്വീപ് ഭരണകൂടം. ലക്ഷദ്വീപിന്റെ പുരോഗതിയ്ക്കായി ഭരണകൂടം ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയാണ് ചൂര കയറ്റുമതി. ദ്വീപിലെ മത്സ്യബന്ധന മേഖലയുടെ തലവര മാറ്റാൻ തന്നെ പോകുന്ന പദ്ധതിയാണിത്. ഈ പദ്ധതിയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് മത്സ്യ കയറ്റുമതിയ്ക്ക് മൂന്ന് കമ്പനികൾ കൂടി എത്തുകയാണ്.
ജൂൺ അഞ്ചിനാണ് ലക്ഷദ്വീപിൽ നിന്നും ആദ്യമായി ചൂര കയറ്റുമതി ചെയ്തത്. അഗത്തിയിൽ നിന്നും അഞ്ച് ടൺ ചൂര ജപ്പാനിലേക്ക് വിമാനമാർഗമാണ് കയറ്റി അയച്ചത്. തീരെ മലിനീകരണം കുറഞ്ഞ ലക്ഷദ്വീപ് കടലിൽ നിന്നുള്ള ചൂരയ്ക്ക് വിദേശത്ത് വൻ ഡിമാൻഡ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജപ്പാൻ ജനതയുടെ ഇഷ്ട വിഭവമാണ് ചൂര. ബംഗളൂരുവിൽ നിന്നും ചരക്കുമായെത്തിയ വിമാനത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ട്യൂണ കയറ്റുമതി ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ കർണാടക, കേരളം, ഗോവ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ 50 ഓളം കയറ്റുമതിക്കാരുടെയും അനുബന്ധ വ്യവസായികളുടെയും യോഗം ലക്ഷദ്വീപ് ഭരണകൂടം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ പങ്കെടുത്ത ബംഗളൂരുവിലുള്ള സാഷ്മി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ലക്ഷദ്വീപിൽ നിന്നും ആദ്യ വിദേശ കയറ്റുമതി നടത്തിയത്.
സെപ്തംബർ 15 ന് ശേഷം വലിയ തോതിൽ മത്സ്യ കയറ്റുമതി നടത്താനാണ് ദ്വീപ് ഭരണകൂടം പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളും കമ്പനികളും തമ്മിൽ കരാറുണ്ടാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കയറ്റുമതി ചെയ്യാനായി മത്സ്യം വിൽക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടി വില ലഭിക്കുകയും അവരുടെ വരുമാനം വർധിക്കുകയും ചെയ്യും. കയറ്റുമതി പ്രോത്സാഹിപ്പിക്കാനും കർഷകർക്ക് പ്രത്യേക പരിശീലനം നൽകാനും ഫിഷറീസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘത്തെ ഭരണകൂടം നിയമിച്ചിട്ടുണ്ട്.