കോവിഡ് അനാഥരാക്കിയ കുട്ടികളെ ദത്തെടുക്കുന്നത് നിയമപരമായി മാത്രമാകണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച് അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന സന്നദ്ധ സംഘടനകള്‍ക്കെതിരെ നടപടിയെടുക്കണമെ്ന്നും കുട്ടികളെ നിയമപരമല്ലാതെ ദത്തെടുക്കുന്നത് തടയണമെന്നും സുപ്രിംകോടതി. മാത്രമല്ല, കുട്ടികളുടെ പേരില്‍ സന്നദ്ധ സംഘടനകള്‍ പണപ്പിരിവ് നടത്തുന്നത് തടയണമെന്നും കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

കൊവിഡ് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3627 കുട്ടികള്‍ അനാഥരായെന്ന് കോടതിയില്‍ ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. 274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. 26176 കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായെന്നും ബാലവാകാശ കമ്മീഷന്‍ അറിയിച്ചു.
കേരളത്തില്‍ 65 കുട്ടികള്‍ അനാഥരായെന്നാണ് കണക്ക്. 1931 കുട്ടികള്‍ക്ക് അച്ഛനമ്മമാരിള്‍ ഒരാളെ നഷ്ടമായി.

2020 ഏപ്രില്‍ 1 മുതല്‍ 2021 ജൂണ്‍ 5 വരെയുള്ള കണക്കാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ അനാഥരായത് മധ്യപ്രദേശിലാണ്, 706. ഉപേക്ഷിക്കപ്പെട്ട കുട്ടികളില്‍ 226 പേരും മധ്യപ്രദേശിലാണ്. ബിഹാറില്‍ 308 കുട്ടികളും ഒഡിഷയില്‍ 241 കുട്ടികളും മഹാരാഷ്ട്രയില്‍ 217 കുട്ടികളും ആന്ധ്രപ്രദേശില്‍ 166 കുട്ടികളും ഛത്തീസ്ഗഡില്‍ 120 കുട്ടികളും അനാഥരായി.