ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുടെ മുതലെടുപ്പ് അവസാനിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. വാക്സിനുകളുടെ നിശ്ചിത വിലയോടൊപ്പം 150 രൂപ സർവീസ് ചാർജ് മാത്രമാണ് ഇനി സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ കഴിയുക. രാജ്യത്തെ ജനങ്ങളെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ ആശുപത്രികൾ 150 രൂപ സർവീസ് ചാർജ് മാത്രമാണ് ഈടാക്കുന്നതെന്ന് നിരീക്ഷിച്ച് ഉറപ്പു വരുത്തേണ്ട ചുമതല സംസ്ഥാന സർക്കാരുകൾക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്ക് വാക്സിന് വില ഉയർത്താനുളള സാധ്യതയാണ് കേന്ദ്രത്തിന്റെ ഇടപെടലോടെ ഇല്ലാതായത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് കേന്ദ്രത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സ്വകാര്യ ആശുപത്രികൾ വാക്സിന് അമിത നിരക്ക് ഈടാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കേന്ദ്രം ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത്.
രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റം വരുത്തുമെന്നും 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. ജൂൺ 20 മുതലാണ് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുന്നത്.

