National (Page 814)

അഹമ്മദാബാദ്: സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്ന കെവാദിയ നഗരത്തിന് മറ്റൊരു നേട്ടം കൂടി. രാജ്യത്തെ ആദ്യ ഇലക്ട്രിക് വാഹന നഗരം എന്ന സവിശേഷത സ്വന്തമാക്കിയിരിക്കുകയാണ് നർമ്മദാ ജില്ലയിലെ കെവാദിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കെവാദിയ ഇലക്ട്രിക് വാഹനങ്ങൾ മാത്രമോടുന്ന നഗരമാകുമെന്ന് പ്രഖ്യാപിച്ചത്. പരിസ്ഥിതി ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഘട്ടംഘട്ടമായി കെവാദിയ നഗരം ഇലക്ട്രിക് വാഹങ്ങൾ മാത്രമോടുന്ന നഗരമായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി ആരംഭിക്കാനൊരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഏകതാ പ്രതിമ കെവാദിയയിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഏകതാ പ്രതിമ സന്ദർശിക്കാൻ ആയിരക്കണക്കിന് ആളുകളാണ് കെവാദിയയിൽ എത്തുന്നത്.

ഇനി മുതൽ സന്ദർശകരുമായി കെവാദിയയിലേക്ക് എത്തുന്ന ബസുകൾ ഇലക്ട്രിക്കായിരിക്കണം എന്നാണ് പുതിയ നിർദ്ദേശം. കെവാദിയയുടെ ചുമതലയുള്ള ടൂറിസം വകുപ്പായിരിക്കണം പദ്ധതിയുടെ ഏകോപന ചുമതല നിർവ്വഹിക്കേണ്ടത്. ഗുജറാത്ത് ഊർജ വികസന ഏജൻസിയുടെ സഹായവും ഉണ്ടാകും.

കെവാദിയയിൽ ജോലി ചെയ്യുന്നവർക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പയും സബ്സിഡിയും നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 50 ഇലക്ട്രിക് ഓട്ടോകളുള്ള കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുമെന്നും തദ്ദേശീയരായ സ്ത്രീകൾക്ക് ഇ ഓട്ടോറിക്ഷകൾക്ക് വായ്പ നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളെ ഓട്ടോറിക്ഷ ഓടിക്കാൻ പരിശീലിപ്പിക്കാനും തീരുമാനമായി.

modi

ന്യൂഡൽഹി: ജൂൺ 21 മുതൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വാക്‌സിൻ നയം പരിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്ത് നിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്‌സിൻ സ്വീകരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും. 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് മേൽനോട്ടം വഹിക്കേണ്ടത് സംസ്ഥാന സർക്കാരുകളായിരിക്കണം. വാക്‌സിൻ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികൾക്ക് പരമാവധി 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

75 ശതമാനം വാക്സിൻ സൗജന്യമായി കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ വിതരണം ചെയ്യും. കോവിഡിനെ നേരിടാൻ രാജ്യത്ത് ആരോഗ്യ മേഖലയിൽ മികച്ച രീതിയിൽ അടിസ്ഥാന സൗകര്യ വികസനം കേന്ദ്ര സർക്കാർ നടത്തിയിട്ടുണ്ട്. കഴിഞ്ഞ 100 വർഷത്തിനിടെ രാജ്യം ഒരിക്കൽപോലും നേരിട്ടിട്ടില്ലാത്ത മഹാമാരിയാണ് കോവിഡ്. രാജ്യം ഒറ്റക്കെട്ടായാണ് കോവിഡിനെതിരെ പോരാടുന്നത്. ഇനിയം ആ പോരാട്ടം ശക്തമായി തന്നെ തുടരും. കഴിഞ്ഞ ഒന്നരവർഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധമാണ് വർധിച്ചത്. ഓക്സിജൻ എത്തിക്കാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചു. രണ്ടാം തരംഗത്തിൽ ഓക്സിജൻ ഉത്പാദനം പത്തിരട്ടിയാക്കി വർധിപ്പിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വാക്സിൻ മാത്രമാണ് കോവിഡ് മഹാമാരിക്കെതിരെ പോരാടാനുള്ള ഏക വഴി. രാജ്യത്ത് വാക്‌സിൻ വികസിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. സ്വന്തമായി രാജ്യത്ത് വാക്‌സിൻ വികസിപ്പിച്ചതിനാൽ വാക്‌സിനേഷൻ വൻ വിജയമായി മുന്നോട്ട് പോകുകയാണ്. രാജ്യത്ത് വാക്‌സിൻ ലഭ്യത കൂടുതൽ വേഗത്തിലാക്കുമെന്നും പുതുതായി രണ്ട് വാക്‌സിനുകൾ കൂടിയെത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതുവരെ 23 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. വരും ദിവസങ്ങളിൽ വാക്സിൻ വിതരണം വർധിപ്പിക്കും. രാജ്യത്ത് ഏഴ് കമ്പനികൾ വിവിധ വാക്സിനുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും മൂന്ന് വാക്സിനുകൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

sreedharan

ന്യൂഡല്‍ഹി: കൊടകര കുഴല്‍പ്പണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച അന്വേഷണത്തിന് ബിജെപി കേന്ദ്രനേതൃത്വം. മെട്രോമാന്‍ ഇ ശ്രീധരന്‍, മുന്‍ ഡിജിപി ജേക്കബ് തോമസ്, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സി വി ആനന്ദബോസ് എന്നിവരടങ്ങിയ സമിതിയെയാണ് കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുളളത്. അന്വേഷണത്തില്‍ സമ്മര്‍ദ്ദമോ ഇടപെടലുകളോ ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ കേന്ദ്ര നേതൃത്വം അതൃപ്തരാണ്. അതിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റം തിരഞ്ഞെടുപ്പ് തോല്‍വി എന്നിവ സംബന്ധിച്ച വിവര ശേഖരണത്തിന് സുരേഷ് ഗോപി എം.പിയും കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഗ്രൂപ്പുപോര് തിരഞ്ഞെടുപ്പുകാലത്ത് പ്രതിഫലിച്ച സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിര്‍ണായകമാണ്.

അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പ്രചാരണത്തിലൂടെയായിരുന്നു മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനിടെയാണ് കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണഇടപാട് ബിജെപിയുടെ പ്രതിച്ഛായക്ക് കോട്ടം ഏല്‍പ്പിക്കുന്നത്.

covid

ന്യൂഡൽഹി: ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നിന്നാണ് കോവിഡ് വൈറസ് ചോർന്നതെന്ന ‘ലാബ് ലീക്ക്’ സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ചത് ഇന്ത്യയിൽ നിന്നുള്ള ശാസ്ത്രജ്ഞരാണെന്ന് റിപ്പോർട്ട്. ഡൽഹി ഐഐടിയിലെ കുസുമ സ്‌കൂൾ ഓഫ് ബയോളജിക്കൽ സയൻസസിലെ ഗവേഷക സംഘം തയാറാക്കിയ 22 പേജുകളുള്ള ഗവേഷക പ്രബന്ധത്തിലാണ് ലാബ് ലീക്ക് സിദ്ധാന്തത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. 2020 ജനുവരി 31 നാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

സാർസ്‌കോവ് 2 വൈറസും എച്ച്‌ഐവി വൈറസും തമ്മിൽ ഏറെ സാമ്യമുണ്ടെന്നായിരുന്നു ഈ പഠനത്തിൽ വ്യക്തമാക്കിയിരുന്നത്. എച്ച്‌ഐവിയിലേതിനു സമാനമായി സാർസ് കോവ് 2 വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിൽ (ഗ്ലൈക്കോപ്രോട്ടീൻ) നാല് ‘കൂട്ടിച്ചേർക്കൽ’ കണ്ടെത്തിയെന്നായിരുന്നു പഠനത്തിൽ പറഞ്ഞിരുന്നത്. ഇത് സ്വാഭാവികമായി വൈറസുകളിൽ സംഭവിക്കുന്ന ജനിതക പരിവർത്തന പ്രക്രിയയല്ലെന്നും(മ്യൂട്ടേഷൻ) ഇത് സംബന്ധിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും പഠനത്തിൽ വിശദമാക്കിയിരുന്നു.

പ്രസിദ്ധീകരണത്തിന് പിന്നാലെ പഠന റിപ്പോർട്ടിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു. ഇതോടെ പ്രബന്ധം പിൻവലിച്ചു. കോവിഡ് വൈറസിന്റെ ഘടനയിലെ മാറ്റത്തിന് ബാഹ്യ ഇടപെടലുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നത് സംബന്ധിച്ചു നടത്തിയ ആദ്യ ശാസ്ത്രീയ പഠനവും ഇതായിരുന്നുവെന്നാണ് വിവരം. അതേസമയം ലാബ് ലീക്ക് സിദ്ധാന്തം അസംഭവ്യമാണെന്നും രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി യുഎസ്എ ചമച്ച വാർത്തയാണിതെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രക്കാരിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ആർടി പിസിആർ പരിശോധനാ ഫലം ഒഴിവാക്കാനൊരുങ്ങി സർക്കാർ. ഇതിനായുള്ള നീക്കങ്ങൾ കേന്ദ്രം ആരംഭിച്ചതായാണ് റിപ്പോർട്ട്.

ആഭ്യന്തര യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടൊഴിവാക്കാനാണ് പുതിയ നീക്കമെന്നാണ് വിവരം. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തോടും വിദഗ്ധരോടും ചർച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുകയെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദ്ദീപ് സിംഗ് പുരി അറിയിച്ചിരിക്കുന്നത്.

വിഷയത്തിൽ യാത്രക്കാരുടെ താത്പര്യമെന്താണെന്നതും പരിഗണിക്കും. നിലവിൽ കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആഭ്യന്തര വിമാന യാത്ര നടന്നവർക്കാണ് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധം.

ഓരോ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരോട് ആർടിപിസിആർ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ ഒരു ലക്ഷം പാർട്ടി പ്രവർത്തകർക്ക് പരിശീലനം നൽകാൻ പദ്ധതിയിട്ട് ബിജെപി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്നദ്ധ പ്രവർത്തകരെ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. അടിയന്തര ഘട്ടങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും അത്യാവശ്യ മെഡിക്കൽ സേവനങ്ങൾ ചെയ്യുന്നതിനുമുള്ള പരീശീലനം പ്രവർത്തകർക്ക് നൽകുമെന്ന് ബിജെപി അറിയിച്ചു.

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ പാർട്ടി പ്രവർത്തകർ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ബി.ജെ.പി നേതൃത്വം അവലോകനം ചെയ്തിരുന്നു. തുടർന്നാണ് ആരോഗ്യ മേഖലയിൽ പ്രവർത്തകരെ പരിശീലിപ്പിക്കുമെന്ന വിവരം നേതാക്കൾ വ്യക്തമാക്കിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിലാണ് അവലോകന യോഗം വിളിച്ചു ചേർത്തത്.

നദ്ദയുടെ വസതിയിൽ വെച്ചായിരുന്നു യോഗം ചേർന്നത്. പാർട്ടിയുടെ എട്ട് ജനറൽ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു. ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, യുവ, കിസാൻ, മഹിള, ഒബിസി, എസ്സി, എസ്ടി, ന്യൂനപക്ഷ മോർച്ച നേതാക്കൾ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു. യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ മാഫിയയുടെ പിടിയിലാണെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. റേഷന്‍ സാമഗ്രികള്‍ വീട്ടുപടിക്കല്‍ വിതരണം ചെയ്യാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുടക്കിയതും ഇതുമൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീട്ടുപടിക്കല്‍ റേഷന്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാന്‍ 2 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണു കേന്ദ്ര സര്‍ക്കാര്‍ ഇതിനു തടയിട്ടത്.

പീത്സ, ബര്‍ഗര്‍, സ്മാര്‍ട് ഫോണ്‍, തുണിത്തരങ്ങള്‍ എന്നിവയൊക്കെ ഹോം ഡെലിവറി നടത്താമെങ്കില്‍ റേഷന്‍ വിതരണത്തിനു മാത്രം എന്താണു കുഴപ്പം?’ കേജ്രിവാള്‍ ചോദിച്ചു. ഈ പദ്ധതി നടപ്പിലാക്കാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇത് തടഞ്ഞത്. നടപ്പാക്കുന്നതു തൊട്ടുമുന്‍പു ഈ പദ്ധതി തടയാന്‍ പോലും റേഷന്‍ മാഫിയയ്ക്കു കഴിഞ്ഞത് അവരുടെ സ്വാധീനത്തെയാണു സൂചിപ്പിക്കുന്നതെന്നും പദ്ധതി നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുവാദം തേടിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

72 ലക്ഷം പേര്‍ക്കു പ്രയോജനം കിട്ടുമായിരുന്ന പദ്ധതിയാണു മുടങ്ങിയത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കണമെന്നു നരേന്ദ്ര മോദിയോടു തൊഴു കൈകളോടെ അപേക്ഷിക്കുകയാണ് കേജ്രിവാള്‍ പറഞ്ഞു.

ന്യൂഡല്‍ഹി: നൈജീരിയ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയതോടെ കളം പിടിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ. നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തത്. ‘കൂ ഇന്ത്യ’ നൈജീരിയയില്‍ ലഭ്യമാണെന്നും അവിടത്തെ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കാന്‍്തങ്ങള്‍ ആലോചിക്കുന്നുവെന്നും കമ്പനിയുടെ സഹസ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ ട്വിറ്ററില്‍് കുറിച്ചു.

അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍്സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് പൂര്‍വ വിദ്യാര്‍ത്ഥി അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കൂ പ്ലാറ്റ് ഫോം അവതരിപ്പിച്ചത്.കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും കൂ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്.ഇതില്‍ നമ്മള്‍ പങ്കുവെക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുക.

ന്യൂഡല്‍ഹി: നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സർക്കുലർ പിൻവലിച്ചു .തങ്ങളുടെ അറിവോടെ അല്ല ഉത്തരവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു..നഴ്സിംഗ് സൂപ്രണ്ടിന്റ നടപടിക്കെതിരെ കാരണം കാണിക്കൽ നോട്ടിസ് നൽകി.ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ ഉത്തരവിനെതിരെയുള്ള പ്രതിഷേധം. ആശുപത്രിയിലെ ഭൂരിഭാഗം രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാരോപിച്ച് നഴ്‌സിംഗ് സൂപ്രണ്ടാണ് മലയാളം സംസാരിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

എന്നാല്‍, ഇതിനെതിരെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ഇന്നുമുതല്‍ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെട്ട കേരളത്തില്‍ നിന്നുള്ള എം പിമാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനോട് ആവശ്യപ്പെട്ടു.തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.നഴ്സിംഗ് സൂപ്രണ്ടിന്റ നടപടിക്ക് എതിരെ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു

മുംബൈ: മുംബൈയിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്. സ്വന്തം ഉടമസ്ഥതയിലുള്ള ആദ്യത്തെ ലൈവ് ആക്ഷൻ ഫുൾ സർവീസ് പോസ്റ്റ് പ്രൊഡക്ഷൻ യൂണിറ്റ് ആയിരിക്കും മുംബൈയിൽ ആരംഭിക്കുകയെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. 40 ഓഫ്‌ലൈൻ എഡിറ്റിംഗ് റൂമുകൾ ഈ പ്രൊഡക്ഷൻ യൂണിറ്റിൽ ഉണ്ടാകും.

സംവിധായകർ, എഡിറ്റർമാർ, ഷോ റണ്ണർമാർ, സൗണ്ട് ഡിസൈനർമാർ തുടങ്ങിയവർക്ക് പ്രചോദനമാകുന്ന തരത്തിലുള്ള വർക്ക്‌ സ്പേസിനായിരിക്കും തങ്ങൾ പരിഗണന നൽകുന്നതെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി.

2022 ജൂൺ മാസത്തോടെ മുംബൈയിൽ പോസ്റ്റ് പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിക്കാനാണ് നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത്. 2019, 20 വർഷങ്ങളിലായി ഇന്ത്യയിലെ പ്രാദേശിക പ്രോഗ്രാമിംഗിനായി 3000 കോടിയാണ് നെറ്റ്ഫ്ലിക്സ് ചെലവാക്കിയത്. നെറ്റ്എഫ്എക്‌സി(NetFX)നെ കുറിച്ചും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ കൂടുതൽ സാങ്കേതിക വിദഗ്ധരെ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് നെറ്റ്എഫ്എക്‌സ്.