ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കില്ല; ഭിന്ദ്രൻവാലെയെ പ്രകീർത്തിച്ച് പോസ്റ്റിട്ടതിൽ ക്ഷമാപണം നടത്തി ഹർഭജൻ സിംഗ്

ജലന്ധർ: 1984 ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ സൈന്യം വധിച്ച ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഭിന്ദ്രൻവാലെയെ പ്രകീർത്തിക്കുന്ന പോസ്റ്റിട്ടതിന് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തിലുള്ള വ്യക്തിയോടോ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടോ തനിക്ക് യോജിപ്പില്ലെന്നും സംഭവിച്ച തെറ്റ് താൻ അംഗീകരിക്കുന്നുവെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

വാട്‌സാപ്പ് വഴി ലഭിച്ച സന്ദേശം വേണ്ടത്ര പരിശോധിക്കാതെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണെന്നും താരം വിശദീകരിച്ചു. രാജ്യത്തിനായി പോരാടുന്ന ഒരു സിഖുകാരനാണ് താൻ. ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കില്ല. രാജ്യത്തെ ജനങ്ങളുടെ മനോവികാരം വ്രണപ്പെടുത്തിയതിന് ക്ഷമാപണം നടത്തുന്നു. 20 വർഷം രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച താൻ രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകില്ലെന്നും ഹർഭജൻ സിംഗ് ട്വിറ്ററിൽ കുറിച്ചു.

ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ മുപ്പത്തിയേഴാം വാർഷിക ദിനവുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ട ഖാലിസ്താൻ വിഘടനവാദി ഭിന്ദ്രൻവാലെയെ പ്രകീർത്തിച്ചുകൊണ്ടുള്ള സന്ദേശം തന്റെ ഇൻസ്റ്റാഗ്രാമിൽ ഹർഭജൻ സിംഗ് പോസ്റ്റ് ചെയ്തത്. ഭിന്ദ്രൻവാലെയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ‘അഭിമാനത്തോടെ ജീവിച്ചു, മതത്തിന് വേണ്ടി ജീവൻ നൽകി’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ് പങ്കുവെച്ചിരുന്നത്. സംഭവത്തിന് പിന്നാലെ ഹർഭജൻ സിംഗിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ഇതോടെയാണ് താരം മാപ്പപേക്ഷയുമായി എത്തിയത്.