ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഡ് വാക്സിൻ നിരക്ക് നിശ്ചയിച്ച് കേന്ദ്രം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. കൊവിഷീൽഡിന് 780 രൂപയും കൊവാക്സിന് 1,410 രൂപയും സ്പുട്നിക് 5 വാക്സിന് 1,145 രൂപയുമാണ് രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ സാധിക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
നികുതിയും ആശുപത്രികളുടെ സർവ്വീസ് ചാർജായ 150 രൂപയും ഉൾപ്പെടുത്തിയുള്ള നിരക്കാണിത്. അഞ്ചു ശതമാനം ജിഎസ്ടിയുമുണ്ട്. കോവിഷീൽഡിന് 30 രൂപയും കൊവാക്സിന് 60 രൂപയും സ്പുട്നിക് V വാക്സിന് – 47 രൂപയുമാണ് ജിഎസ്ടി നിരക്ക്. സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ വിതരണം സംസ്ഥാന സർക്കാരുകൾ നിരീക്ഷിക്കണമെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം. വാക്‌സിനേഷൻ നയവുമായി ബന്ധപ്പെട്ട് പരിഷ്‌കരിച്ച നിർദേശങ്ങൾ സംബന്ധിച്ച ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രം സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകുക. വാക്‌സിൻ നിർമ്മാതാക്കൾ ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75 % കേന്ദ്രസർക്കാർ വാങ്ങും. വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകുന്നത് തുടരുമെന്നും ഗവൺമെന്റ് വാക്‌സിനേഷൻ സെന്ററുകൾ മുഖേന ഈ ഡോസുകൾ എല്ലാ പൗരന്മാർക്കും സൗജന്യമായി വിതരണം ചെയ്യുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

