National (Page 798)

കുരിശില്‍ തറയ്ക്കപ്പെട്ടതിന്‍റെ മൂന്നാം നാള്‍ യേശു ക്രിസ്തു മരണത്തെ അതിജീവിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയാണ്‌ ഈസ്റ്റര്‍. ദുഃഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിയ്ക്കുന്നത്. ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരി കഴിഞ്ഞ വർഷത്തെയെന്ന പോലെ ഈസ്റ്റർ ആഘോഷത്തെ ഈ വർഷവും ബാധിക്കാൻ ഇടയുണ്ട്.

കോവിഡ് മഹാമാരി സൃഷ്‌ടിച്ച വേദനകൾക്കും യാതനകൾക്കുമിടയിലും തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ഈസ്റ്റർ യാതൊരു കുറവുമില്ലാതെ, പുതിയ കാലത്തിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തി ആഘോഷിക്കാൻ ഒരുങ്ങുകയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ മത വിശ്വാസികൾ.

ഹൈദരാബാദിൽ നിരവധി ക്രിസ്തുമത വിശ്വാസികളാണ് കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ട് ദുഃഖവെള്ളി ദിനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകളുടെ ഭാഗമായതെന്ന് ആൾ ഇന്ത്യ കത്തോലിക്ക് യൂണിയന്റെ തെലങ്കാന പ്രസിഡന്റ് റോയ്ഡിൻ റോച്ച് പറഞ്ഞു. പല ഇടവകകളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയോ ഫേസ്ബുക്ക് ലൈവ് ആയോ ചടങ്ങുകൾ ഓൺലൈനിലൂടെ സംപ്രേക്ഷണം ചെയ്യുകയാണ്.

നഗരങ്ങളിലെ പള്ളികളിൽ നിന്ന് ലിറ്റർജി ടി വി, കാതോലിക്ക്ഹബ്, ദിവ്യവാണി ടി വി തുടങ്ങിയ ചാനലുകൾ എല്ലാ ശുശ്രൂഷകളും ഹിന്ദിയിലും ഇംഗ്ലീഷിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നും റോയ്ഡിൻ റോച്ച് പറഞ്ഞു.ചില പള്ളികളിൽ ദുഃഖവെള്ളി ദിനത്തിൽ ടാബ്ലോയും നാടകങ്ങളും സംഘടിപ്പിച്ചിരുന്നു. പള്ളിയുടെ മൈതാനത്ത് കലാകാരന്മാരെ മാത്രം പ്രവേശിപ്പിക്കുകയും പൊതുജനങ്ങൾക്ക് അവ ടി വിയിലൂടെ കാണാനുള്ള അവസരം ഒരുക്കുകയുമാണ് ചെയ്തത്.’ – അദ്ദേഹം പറയുന്നു.

ന്യൂഡല്‍ഹി: ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഏപ്രില്‍ 13ന് ഡല്‍ഹിയില്‍ ത്രിരാഷ്ട്ര യോഗം ചേരും. റുവാണ്ട, ഡെന്‍മാര്‍ക്ക് രാഷ്ട്രത്തലവന്മാരും മറ്റ് പത്തു വിദേശകാര്യ മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനും ഇന്‍ഡോ-പസഫിക് പ്രശ്‌നങ്ങളിലുമാണ് ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ്ലെ ഡ്രയാന്‍ ഏപ്രില്‍ 12ന് ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഓസ്‌ല്രേിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ഉദ്ഘാടന, സമാപന സെക്ഷനുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.റെയ്‌സിന ഡയലോഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ കൂടെ ജിയോപൊളിറ്റിക്‌സിനെക്കുറിച്ചുള്ള പ്രധാന പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ പരിഗണിക്കും. ഇന്‍ഡോ-പസഫിക്കില്‍ മികച്ച ഏകോപനം കേന്ദ്രീകരിച്ച് ഫെബ്രുവരി 24ന് ഇന്ത്യ, ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ത്രിരാഷ്ട്ര യോഗം ചേര്‍ന്നിരുന്നു.

ഏപ്രില്‍ 13ന് ഫ്രഞ്ച് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് മുന്‍നിര ഇന്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ത്രിരാഷ്ട്ര സംഭാഷണം ജനാധിപത്യ രാഷ്ടീയത്തില്‍ സാമ്പത്തിക ശക്തിയും വ്യാപാരവും സാങ്കേതികവിദ്യയും പരസ്പരം കൈമാറുന്നതിന് സഹായിക്കുന്ന കൂടിക്കാഴ്ചയായിരിക്കും എന്ന് ചർച്ചയുമായി ബന്ധപ്പെട്ട് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.മൂന്ന് വിദേശകാര്യ മന്ത്രിമാരും ആഗോള സുരക്ഷാ അന്തരീക്ഷത്തെക്കുറിച്ചും ഇന്‍ഡോ-പസഫിക്കിലെ ചൈനീസ് നിലപാടിനെക്കുറിച്ചും ചര്‍ച്ചചെയ്യും. കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രതിനിധി ക്രിസ്റ്റോഫ് പെനോട്ട് ഇന്‍ഡോ-പസഫക്കില്‍ ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവരുടെ പങ്കിനെക്കുറിച്ചും പ്രത്യേകിച്ച് ഡല്‍ഹിയുടെ പങ്കിനെക്കുറിച്ച വിശദീകരിച്ചുകൊണ്ട് വെര്‍ച്വല്‍ വിശദീകരണം നടത്തി.

ന്യൂഡല്‍ഹി: എലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ടെക്‌നോളജീസിനെതിരെ ട്രായും രംഗത്ത് വന്നതോടെ അവരുടെ ബീറ്റാ വെര്‍ഷന്‍ വില്‍ക്കാനുള്ള ശ്രമമാണ് തടസ്സപ്പെട്ടത്. ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍ ഹ്യൂസ്, മൈക്രോ സോഫ്റ്റ് എന്നി കമ്പനികളെ പ്രതിനിധീകരിക്കുന്ന ഇന്‍ഡസ്ട്രി ബോഡി പ്രസിഡന്റ് ടിവി രാമചന്ദ്രന്‍ നല്‍കിയ പരാതി പ്രകാരമാണ് ട്രായി നടപടി സ്വീകരിച്ചത്. ഭാരതി ഗ്രൂപ്പ്, യു കെ സര്‍ക്കാരിന്റെ ഒണ്‍വെബ്, ആമസോണിന്റെ പ്രോജക്റ്റ് കൈപ്പര്‍ തുടങ്ങിയ പദ്ധതികളുമായി മത്സരിച്ചാണ് സ്‌പേസ് എക്‌സ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കാന്‍ ശ്രമിക്കുന്നത്. 7000 രൂപ നിരക്കില് ബീറ്റ വെര്‍ഷന്‍ വില്‍ക്കാനാണ് സ്റ്റാര്‍ലിങ്ക് ശ്രമിച്ചത്. ഈ തുക പൂര്‍ണമായും റീഫണ്ട് ചെയ്യുന്ന വിധത്തിലാണ്. 2022 യോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടത്.

Rahul

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായാല്‍ വളര്‍ച്ച കേന്ദ്രീകൃതമായ ആശയത്തില്‍ നിന്നും തൊഴില്‍ കേന്ദ്രീകൃതമായ ആശയത്തിലേക്ക് താന്‍ മാറുമെന്ന് രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ സംവാദത്തിനിടെയായിരുന്നു മുന്‍ യുഎസ് സെക്രട്ടറി ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേണ്‍സ് ചോദിച്ച പ്രധാനമന്ത്രിയായാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളര്‍ച്ച ആവശ്യമാണെന്നും , ഉത്പാദനങ്ങളും തൊഴിലവസരവും വര്‍ദ്ധിപ്പിച്ചാല്‍ വളര്‍ച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് ശതമാനം വളര്‍ച്ച നിരക്കിലല്ല തന്റെ താല്പര്യമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് താല്പര്യമെന്നും നിക്കോളാസിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

മറ്റൊരു ഗ്രഹത്തിൽ ഇരുന്ന് നിയന്ത്രിക്കുന്ന ചൊവ്വയിലെ ആദ്യ ഹെലികൊപ്ടർ ഏപ്രിൽ രണ്ടാം വാരം പറത്തുമെന്ന് നാസ. ഏപ്രിൽ 8നായിരുന്നു നാസ ആദ്യം വിക്ഷേപണ തീയതി നിശ്ചയിച്ചിരുന്നത്.എന്നാൽ ഇത് ഏപ്രിൽ 11ലേയ്ക്ക് നീട്ടുന്നതായി കാലിഫോർണിയയിലെ പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറി (ജെ‌പി‌എൽ) വ്യാഴാഴ്ച അറിയിച്ചു.വിവരങ്ങൾ ഏപ്രിൽ 12 ന് ഭൂമിയിൽ എത്തുമെന്നും നാസ ജെപിഎൽ ട്വീറ്റ് ചെയ്തു. നാസയുടെ പെർസെവറൻസ് റോവറിൽ ഘടിപ്പിച്ചാണ് ഇൻജെനുവിറ്റിയെ ചൊവ്വയിലെത്തിച്ചത്.

ഇത് ഫെബ്രുവരി 18 ന് ചൊവ്വയിലെത്തി. ടെസ്റ്റ് ഫ്ലൈറ്റ് നടത്താൻ ഇൻജെനുവിറ്റിയ്ക്ക് 30 ചൊവ്വ ദിനങ്ങൾ അല്ലെങ്കിൽ 31 ഭൗമദിനങ്ങൾ ലഭിച്ചു.മറ്റൊരു ഗ്രഹത്തിൽ ഇരുന്ന് നിയന്ത്രിക്കുന്ന ആദ്യത്തെ പവർ ഫ്ലൈറ്റ് എന്ന ലക്ഷ്യമാണ് ഇൻജെനുവിറ്റിയിലൂടെ നാസ ലക്ഷ്യമിടുന്നത്. ഇത് വിജയകരമായാൽ നമ്മുടെ ചക്രവാളങ്ങൾ കൂടുതൽ വികസിപ്പിക്കാനും ചൊവ്വ പര്യവേക്ഷണത്തിന്റെ സാധ്യത വർദ്ധിപ്പിക്കാനും കഴിയും.നിയന്ത്രിത രീതിയിൽ പറക്കുന്നത് ഭൂമിയിൽ പറക്കുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ്. ചുവന്ന ഗ്രഹത്തിന് ഗുരുത്വാകർഷണവും ഉണ്ട് (ഭൂമിയുടെ മൂന്നിലൊന്ന്).

ചൊവ്വയിലെ പകൽ സമയത്ത്, ഭൂമിയിലെത്തുന്ന സൗരോർജ്ജത്തിന്റെ പകുതിയോളം മാത്രമേ ലഭിക്കുന്നുള്ളൂ, രാത്രിയിലെ താപനില മൈനസ് 90 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും ചെയ്യും. ഇത് സുരക്ഷിതമല്ലാത്ത വൈദ്യുത ഘടകങ്ങളെ മരവിപ്പിക്കുകയും ചിലപ്പോൾ തകർക്കുകയും ചെയ്യും. ഇൻജെനുവിറ്റി നേരിടുന്ന പ്രധാന വെല്ലുവിളികൾ ഇവയാണ്.പെർസെവെറൻസ് റോവറിന്റെ സൗകര്യത്തിന് അനുസരിച്ച് ഉൾക്കൊള്ളാൻ, ഇൻജെനുവിറ്റി ഹെലികോപ്റ്റർ ചെറുതായിരിക്കണം.

ചൊവ്വയുടെ പരിതസ്ഥിതിയിൽ പറക്കാൻ ഹെലികോപ്ടറിന് ഭാരവും കുറവായിരിക്കണം. തണുത്തുറഞ്ഞ ചൊവ്വയിലെ രാത്രികളെ അതിജീവിക്കാൻ, ആന്തരിക ഹീറ്ററുകൾക്ക് ശക്തി പകരാൻ അതിന് ആവശ്യമായ ഊർജ്ജം ഉണ്ടായിരിക്കണം.റോട്ടറുകളുടെ പ്രകടനം മുതൽ സോളാർ പാനലുകൾ, ഇലക്ട്രിക്കൽ ഹീറ്ററുകൾ, മറ്റ് ഘടകങ്ങൾ എന്നിവ വരെ – സതേൺ കാലിഫോർണിയയിലെ നാസയുടെ ജെപിഎല്ലിന്റെ വാക്വം ചേമ്പറുകളിലും ടെസ്റ്റ് ലാബുകളിലും പരീക്ഷിക്കുകയും പുന: പരിശോധനകൾ നടത്തുകയും ചെയ്തതാണ്.

കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ നാസ പങ്കുവച്ചിരുന്നു. ഹെലികോപ്റ്റർ അതിന്റെ ഡെബ്രിസ് ഷീൽഡ് ഉപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. ഇതുവരെ ഒരു തരത്തിലുളള റോട്ടോക്രാഫ്റ്റുകളും ഡ്രോണുകളും അന്യഗ്രഹത്തിൽ പറത്തിയിട്ടില്ലെന്ന് നാസയുടെ ഗവേഷകർ പറയുന്നു.1997 ൽ നാസയുടെ സോജർനർ റോവർ ചൊവ്വയിൽ പറന്നിറങ്ങിയപ്പോൾ, ചുവന്ന ഗ്രഹത്തെ ചുറ്റിക്കറങ്ങുന്നത് സാധ്യമാണെന്ന് തെളിയിക്കുകയും ചൊവ്വയിൽ എങ്ങനെ പര്യവേക്ഷണം നടത്താമെന്ന് പൂർണ്ണമായും പുനർനിർവചിക്കുകയും ചെയ്തു. അതുപോലെ തന്നെ, ശാസ്ത്ര ഗവേഷണത്തിന്റെ ഭാവി ഇൻജെനുവിറ്റിയിലൂടെ അറിയാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് നാസ ആസ്ഥാനത്തെ പ്ലാനറ്ററി സയൻസ് ഡിവിഷൻ ഡയറക്ടർ ലോറി ഗ്ലേസ് പ്രസ്താവനയിൽ പറഞ്ഞു.

ഹരിദ്വാർ : കുംഭമേളയ്ക്കായി ഉത്തരാഖണ്ഡിലെ സംസ്ഥാന സർക്കാർ
അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ എല്ലാ പരിശ്രമങ്ങളും നടത്തിയതായി മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്. ഇന്നലെ മുതൽ ആരംഭിച്ച തീർത്ഥാടക പ്രവാഹം വരും ദിവസങ്ങളിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. 11 പ്രധാന കേന്ദ്രങ്ങളുടെ വികസനത്തിനായി 772.47 കോടിരൂപ ചിലവാക്കിയതായി സിംഗ് അറിയിച്ചു.12000 പോലീസ് സേനാംഗങ്ങളാണ് തിരക്ക് നിയന്ത്രിക്കാനുള്ളത്.

200 ഡോക്ടർമാരും 1500 ആരോഗ്യപ്രവർത്തകരും അടക്കം 613 ആശുപത്രികളിലായി പ്രവർത്തന നിരതരാണ്.13 അഖാഡകളുടെ നേതൃത്വത്തിലാണ് കുംഭമേള സ്‌നാനവും പൂജകളും നടക്കുന്നത്. കുംഭമേള തീർത്ഥാടകർക്കായുള്ള പൊതു ശൗചാലയങ്ങൾക്കും മാലിന്യശേഖര സംവിധാനങ്ങൾക്കുമായി മാത്രം 58 കോടി രൂപ ചിലവാക്കിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.

സ്‌നാനഘട്ടങ്ങളുടെ അറ്റകുറ്റപ്പണികളും നടപ്പാതകൾ മോടി കൂട്ടുന്നതിനും 49 കോടിരൂപ ചിലവായതായും മുഖ്യമന്ത്രി പറഞ്ഞു. ജല ലഭ്യത ഉറപ്പാക്കാൻ അണക്കെട്ടിലെ സംവിധാനങ്ങൾക്കായി 12 കോടിയും പ്രദേശത്തെ റോഡുകളുടെ വീതി കൂട്ടിയതിന് 13 കോടിയും ചിലവാക്കിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.അഖാഡകളെന്ന സന്യാസി സംഘത്തിന്റെ മഠങ്ങളുടെ നേതൃത്വത്തിലാണ് പ്രധാന സ്‌നാനം നടക്കുന്നത്. എല്ലാ അഖാഡകൾക്കും ക്രമം ജില്ലാ അധികാരികൾ നിശ്ചയിച്ചിട്ടുണ്ട്.

നിരഞ്ജനി അഖാഡ ആദ്യവും നിർമ്മൽ അഖാഡ അവസാനവും സ്‌നാനം നടത്തും. നാഗാ സന്യാസി സമൂഹം പ്രത്യേകമായി സ്‌നാനം നടത്തി മടങ്ങും. ഹർകീ പൗഡീ സ്‌നാന ഘട്ടത്തിലെ നാഗാ സന്യാസി സ്‌നാന സമയത്ത് മറ്റ് തീർത്ഥാടകർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മൂന്ന് ഷാഹി സ്‌നാനങ്ങളാണ് ഹരിദ്വാറിലൂടെ ഒഴുകിപ്പരക്കുന്ന ഗംഗാ നദിക്കരയിലെ സ്നാന ഘട്ടങ്ങളിൽ നടക്കുന്നത്.

ഏപ്രിൽ 12ന് സോമാവതി അമാവാസി, 14ന് വൈശാഖ സ്‌നാനം, 27ന് ചൈത്രപൂർണ്ണിമാ സ്‌നാനം എന്നിവയാണ് പ്രധാനം. തീർത്ഥാടകർക്ക് സ്‌നാനം നടത്താൻ സഹായിക്കും വിധം തേഹരി തടാകത്തിൽ നിന്ന് ജലം തുറന്നുവിട്ടുകൊണ്ടാണ് സ്‌നാനഘട്ടങ്ങളിൽ ജല ലഭ്യത ഉറപ്പുവരുത്തുക എന്നും അധികൃതർ അറിയിച്ചു. ഹരിദ്വാർ മുതൽ ദേവപ്രയാഗവരെ 670 ഹെക്ടർ പ്രദേശത്താണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

കണ്ണൂർ : വൈദ്യുതി കരാർ അദാനിയുമായി ഉറപ്പിക്കാൻ കാരണമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദാനിയുടെ കുടുംബം കണ്ണൂരില്‍ വന്നത് ആരെ കാണാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കണം. അദാനിയുമായുള്ള കരാറിലെ വ്യവസ്ഥകള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ വൈദ്യുതി കൂടിയ നിരക്കിൽ വാങ്ങുവാനാണ് നീക്കം നടക്കുന്നത്. എന്‍റെയോ നിങ്ങളുടെയോ ക്യാപ്റ്റനല്ല പിണറായി. ഈ നാട്ടിലെ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്തു തൊഴിലാളികളുടെയോ അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെയോ ക്യാപ്റ്റനല്ല പിണറായി. അദാനി അടക്കമുള്ള സഹസ്രകോടീശ്വരൻമാരുടെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. മുങ്ങാൻ പോകുന്ന കപ്പലിന്‍റെ ക്യാപ്റ്റനാണ് പിണറായിയെന്നും ബോംബിന്‍റെ കാര്യം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തലശേരി വടക്കുമ്പാട് പറഞ്ഞു.

covid

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് കേസ് പട്ടികയില്‍ അമേരിക്കയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,097 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബ്രസീലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ജനുവരി 30-നാണ് ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അന്നു മുതല്‍ ഇന്നേവരെ 1,23,03,131 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചു. അമേരിക്കയില്‍ ആദ്യ കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷം ജനുവരി 22-നാണ്. പിന്നീട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30,538,427 ആയി വര്‍ധിച്ചു. എന്നാല്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ബ്രസീലിനും അമേരിക്കയ്ക്കും പിന്നില്‍ മൂന്നാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.

ആകെ കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും മെക്‌സിക്കോയ്ക്കും പിന്നാലെ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അമേരിക്കയില്‍ ഏപ്രില്‍ ഒന്നിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാകട്ടെ 77,718 പുതിയ കേസുകളും.കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. പ്രതിദിന കോവിഡ് മരണങ്ങളില്‍ 83.16 ശതമാനവും രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അതിനിടെ, രാജ്യത്തെ സജീവ കേസുകള്‍ 6,14,696 ആയി വര്‍ധിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ അഞ്ച് ശതമാനമാണിത്. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, കേരള, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആക്ടീവ് കേസുകളില്‍ 77.91 ശതമാനവും. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 59.84 ശതമാനവും മഹാരാഷ്ട്രയില്‍ മാത്രമാണ്.രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ മോശം അവസ്ഥയില്‍നിന്ന് വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും വൈറസ് ഇപ്പോഴും സജീവമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും നീതി ആയോഗ് അംഗം വി.കെ പോള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. സ്റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി പരിശോധന നടക്കുന്നത്. മരുമകൻ ശബരീശൻറെ ഉടമസ്ഥതയിലുള്ള നാല് സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. കൂടാതെ ശ്രീവൈകുണ്ഠത്തെ കോൺഗ്രസ് സ്ഥാനാർഥി ഉർവ്വശിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.

തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ വീട്ടിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. മക്കൾ നീതി മയ്യം, ഡിഎംകെ, എഡിഎംകെ കോൺഗ്രസ് തുടങ്ങിയ പാർട്ടി നേതാക്കളുടെ വീട്ടിലാണ് പരിശോധന.

നടൻ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം ട്രഷററും കമലിന്റെ നിർമാണ കമ്പനിയായ രാജ്കമൽ പ്രൊഡക്ഷൻസ് പങ്കാളിയുമായി ചന്ദ്രശേഖര രാജിന്റെ വീട്ടിലും, ഓഫിസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഡിഎംകെ നേതാവ് കെ. എസ് ധനശേഖരൻ, എംഡിഎംകെ നേതാവ് കവിൻ നാഗരാജൻ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി.

ഈ മാസത്തെ പൊതു അവധി ദിവസം ഉൾപ്പെടെ എല്ലാ ദിവസവും കോവിഡ് വാക്സിൻ നൽകാൻ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ നിർദേശം. അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പൊതു, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിൻ വിതരണം. രജിസ്ട്രേഷൻ ഘട്ടത്തിൽതന്നെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യാതെ അതെ നേരിട്ട് എത്തിയും മരുന്ന് സ്വീകരിക്കാം.

45 ദിവസം കൊണ്ട് 45 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്. വാക്സീന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വാക്സീനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.