എംകെ സ്റ്റാലിൻ്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. സ്റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി പരിശോധന നടക്കുന്നത്. മരുമകൻ ശബരീശൻറെ ഉടമസ്ഥതയിലുള്ള നാല് സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. കൂടാതെ ശ്രീവൈകുണ്ഠത്തെ കോൺഗ്രസ് സ്ഥാനാർഥി ഉർവ്വശിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.

തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ വീട്ടിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. മക്കൾ നീതി മയ്യം, ഡിഎംകെ, എഡിഎംകെ കോൺഗ്രസ് തുടങ്ങിയ പാർട്ടി നേതാക്കളുടെ വീട്ടിലാണ് പരിശോധന.

നടൻ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം ട്രഷററും കമലിന്റെ നിർമാണ കമ്പനിയായ രാജ്കമൽ പ്രൊഡക്ഷൻസ് പങ്കാളിയുമായി ചന്ദ്രശേഖര രാജിന്റെ വീട്ടിലും, ഓഫിസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഡിഎംകെ നേതാവ് കെ. എസ് ധനശേഖരൻ, എംഡിഎംകെ നേതാവ് കവിൻ നാഗരാജൻ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി.