കുംഭമേളയ്ക്കായി ഉത്തരാഖണ്ഡ് ഒരുങ്ങിക്കഴിഞ്ഞു

ഹരിദ്വാർ : കുംഭമേളയ്ക്കായി ഉത്തരാഖണ്ഡിലെ സംസ്ഥാന സർക്കാർ
അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ എല്ലാ പരിശ്രമങ്ങളും നടത്തിയതായി മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്. ഇന്നലെ മുതൽ ആരംഭിച്ച തീർത്ഥാടക പ്രവാഹം വരും ദിവസങ്ങളിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. 11 പ്രധാന കേന്ദ്രങ്ങളുടെ വികസനത്തിനായി 772.47 കോടിരൂപ ചിലവാക്കിയതായി സിംഗ് അറിയിച്ചു.12000 പോലീസ് സേനാംഗങ്ങളാണ് തിരക്ക് നിയന്ത്രിക്കാനുള്ളത്.

200 ഡോക്ടർമാരും 1500 ആരോഗ്യപ്രവർത്തകരും അടക്കം 613 ആശുപത്രികളിലായി പ്രവർത്തന നിരതരാണ്.13 അഖാഡകളുടെ നേതൃത്വത്തിലാണ് കുംഭമേള സ്‌നാനവും പൂജകളും നടക്കുന്നത്. കുംഭമേള തീർത്ഥാടകർക്കായുള്ള പൊതു ശൗചാലയങ്ങൾക്കും മാലിന്യശേഖര സംവിധാനങ്ങൾക്കുമായി മാത്രം 58 കോടി രൂപ ചിലവാക്കിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.

സ്‌നാനഘട്ടങ്ങളുടെ അറ്റകുറ്റപ്പണികളും നടപ്പാതകൾ മോടി കൂട്ടുന്നതിനും 49 കോടിരൂപ ചിലവായതായും മുഖ്യമന്ത്രി പറഞ്ഞു. ജല ലഭ്യത ഉറപ്പാക്കാൻ അണക്കെട്ടിലെ സംവിധാനങ്ങൾക്കായി 12 കോടിയും പ്രദേശത്തെ റോഡുകളുടെ വീതി കൂട്ടിയതിന് 13 കോടിയും ചിലവാക്കിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.അഖാഡകളെന്ന സന്യാസി സംഘത്തിന്റെ മഠങ്ങളുടെ നേതൃത്വത്തിലാണ് പ്രധാന സ്‌നാനം നടക്കുന്നത്. എല്ലാ അഖാഡകൾക്കും ക്രമം ജില്ലാ അധികാരികൾ നിശ്ചയിച്ചിട്ടുണ്ട്.

നിരഞ്ജനി അഖാഡ ആദ്യവും നിർമ്മൽ അഖാഡ അവസാനവും സ്‌നാനം നടത്തും. നാഗാ സന്യാസി സമൂഹം പ്രത്യേകമായി സ്‌നാനം നടത്തി മടങ്ങും. ഹർകീ പൗഡീ സ്‌നാന ഘട്ടത്തിലെ നാഗാ സന്യാസി സ്‌നാന സമയത്ത് മറ്റ് തീർത്ഥാടകർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മൂന്ന് ഷാഹി സ്‌നാനങ്ങളാണ് ഹരിദ്വാറിലൂടെ ഒഴുകിപ്പരക്കുന്ന ഗംഗാ നദിക്കരയിലെ സ്നാന ഘട്ടങ്ങളിൽ നടക്കുന്നത്.

ഏപ്രിൽ 12ന് സോമാവതി അമാവാസി, 14ന് വൈശാഖ സ്‌നാനം, 27ന് ചൈത്രപൂർണ്ണിമാ സ്‌നാനം എന്നിവയാണ് പ്രധാനം. തീർത്ഥാടകർക്ക് സ്‌നാനം നടത്താൻ സഹായിക്കും വിധം തേഹരി തടാകത്തിൽ നിന്ന് ജലം തുറന്നുവിട്ടുകൊണ്ടാണ് സ്‌നാനഘട്ടങ്ങളിൽ ജല ലഭ്യത ഉറപ്പുവരുത്തുക എന്നും അധികൃതർ അറിയിച്ചു. ഹരിദ്വാർ മുതൽ ദേവപ്രയാഗവരെ 670 ഹെക്ടർ പ്രദേശത്താണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.