ഓൺലൈനായി പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കാനൊരുങ്ങി ക്രൈസ്തവ വിശ്വാസികൾ

കുരിശില്‍ തറയ്ക്കപ്പെട്ടതിന്‍റെ മൂന്നാം നാള്‍ യേശു ക്രിസ്തു മരണത്തെ അതിജീവിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയാണ്‌ ഈസ്റ്റര്‍. ദുഃഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിയ്ക്കുന്നത്. ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരി കഴിഞ്ഞ വർഷത്തെയെന്ന പോലെ ഈസ്റ്റർ ആഘോഷത്തെ ഈ വർഷവും ബാധിക്കാൻ ഇടയുണ്ട്.

കോവിഡ് മഹാമാരി സൃഷ്‌ടിച്ച വേദനകൾക്കും യാതനകൾക്കുമിടയിലും തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ഈസ്റ്റർ യാതൊരു കുറവുമില്ലാതെ, പുതിയ കാലത്തിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തി ആഘോഷിക്കാൻ ഒരുങ്ങുകയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ മത വിശ്വാസികൾ.

ഹൈദരാബാദിൽ നിരവധി ക്രിസ്തുമത വിശ്വാസികളാണ് കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ട് ദുഃഖവെള്ളി ദിനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകളുടെ ഭാഗമായതെന്ന് ആൾ ഇന്ത്യ കത്തോലിക്ക് യൂണിയന്റെ തെലങ്കാന പ്രസിഡന്റ് റോയ്ഡിൻ റോച്ച് പറഞ്ഞു. പല ഇടവകകളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയോ ഫേസ്ബുക്ക് ലൈവ് ആയോ ചടങ്ങുകൾ ഓൺലൈനിലൂടെ സംപ്രേക്ഷണം ചെയ്യുകയാണ്.

നഗരങ്ങളിലെ പള്ളികളിൽ നിന്ന് ലിറ്റർജി ടി വി, കാതോലിക്ക്ഹബ്, ദിവ്യവാണി ടി വി തുടങ്ങിയ ചാനലുകൾ എല്ലാ ശുശ്രൂഷകളും ഹിന്ദിയിലും ഇംഗ്ലീഷിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നും റോയ്ഡിൻ റോച്ച് പറഞ്ഞു.ചില പള്ളികളിൽ ദുഃഖവെള്ളി ദിനത്തിൽ ടാബ്ലോയും നാടകങ്ങളും സംഘടിപ്പിച്ചിരുന്നു. പള്ളിയുടെ മൈതാനത്ത് കലാകാരന്മാരെ മാത്രം പ്രവേശിപ്പിക്കുകയും പൊതുജനങ്ങൾക്ക് അവ ടി വിയിലൂടെ കാണാനുള്ള അവസരം ഒരുക്കുകയുമാണ് ചെയ്തത്.’ – അദ്ദേഹം പറയുന്നു.