മറ്റൊരു ഗ്രഹത്തിൽ ഇരുന്ന് നിയന്ത്രിക്കുന്ന ചൊവ്വയിലെ ആദ്യ ഹെലികൊപ്ടർ ഏപ്രിൽ രണ്ടാം വാരം പറത്തുമെന്ന് നാസ

മറ്റൊരു ഗ്രഹത്തിൽ ഇരുന്ന് നിയന്ത്രിക്കുന്ന ചൊവ്വയിലെ ആദ്യ ഹെലികൊപ്ടർ ഏപ്രിൽ രണ്ടാം വാരം പറത്തുമെന്ന് നാസ. ഏപ്രിൽ 8നായിരുന്നു നാസ ആദ്യം വിക്ഷേപണ തീയതി നിശ്ചയിച്ചിരുന്നത്.എന്നാൽ ഇത് ഏപ്രിൽ 11ലേയ്ക്ക് നീട്ടുന്നതായി കാലിഫോർണിയയിലെ പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറി (ജെ‌പി‌എൽ) വ്യാഴാഴ്ച അറിയിച്ചു.വിവരങ്ങൾ ഏപ്രിൽ 12 ന് ഭൂമിയിൽ എത്തുമെന്നും നാസ ജെപിഎൽ ട്വീറ്റ് ചെയ്തു. നാസയുടെ പെർസെവറൻസ് റോവറിൽ ഘടിപ്പിച്ചാണ് ഇൻജെനുവിറ്റിയെ ചൊവ്വയിലെത്തിച്ചത്.

ഇത് ഫെബ്രുവരി 18 ന് ചൊവ്വയിലെത്തി. ടെസ്റ്റ് ഫ്ലൈറ്റ് നടത്താൻ ഇൻജെനുവിറ്റിയ്ക്ക് 30 ചൊവ്വ ദിനങ്ങൾ അല്ലെങ്കിൽ 31 ഭൗമദിനങ്ങൾ ലഭിച്ചു.മറ്റൊരു ഗ്രഹത്തിൽ ഇരുന്ന് നിയന്ത്രിക്കുന്ന ആദ്യത്തെ പവർ ഫ്ലൈറ്റ് എന്ന ലക്ഷ്യമാണ് ഇൻജെനുവിറ്റിയിലൂടെ നാസ ലക്ഷ്യമിടുന്നത്. ഇത് വിജയകരമായാൽ നമ്മുടെ ചക്രവാളങ്ങൾ കൂടുതൽ വികസിപ്പിക്കാനും ചൊവ്വ പര്യവേക്ഷണത്തിന്റെ സാധ്യത വർദ്ധിപ്പിക്കാനും കഴിയും.നിയന്ത്രിത രീതിയിൽ പറക്കുന്നത് ഭൂമിയിൽ പറക്കുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ്. ചുവന്ന ഗ്രഹത്തിന് ഗുരുത്വാകർഷണവും ഉണ്ട് (ഭൂമിയുടെ മൂന്നിലൊന്ന്).

ചൊവ്വയിലെ പകൽ സമയത്ത്, ഭൂമിയിലെത്തുന്ന സൗരോർജ്ജത്തിന്റെ പകുതിയോളം മാത്രമേ ലഭിക്കുന്നുള്ളൂ, രാത്രിയിലെ താപനില മൈനസ് 90 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും ചെയ്യും. ഇത് സുരക്ഷിതമല്ലാത്ത വൈദ്യുത ഘടകങ്ങളെ മരവിപ്പിക്കുകയും ചിലപ്പോൾ തകർക്കുകയും ചെയ്യും. ഇൻജെനുവിറ്റി നേരിടുന്ന പ്രധാന വെല്ലുവിളികൾ ഇവയാണ്.പെർസെവെറൻസ് റോവറിന്റെ സൗകര്യത്തിന് അനുസരിച്ച് ഉൾക്കൊള്ളാൻ, ഇൻജെനുവിറ്റി ഹെലികോപ്റ്റർ ചെറുതായിരിക്കണം.

ചൊവ്വയുടെ പരിതസ്ഥിതിയിൽ പറക്കാൻ ഹെലികോപ്ടറിന് ഭാരവും കുറവായിരിക്കണം. തണുത്തുറഞ്ഞ ചൊവ്വയിലെ രാത്രികളെ അതിജീവിക്കാൻ, ആന്തരിക ഹീറ്ററുകൾക്ക് ശക്തി പകരാൻ അതിന് ആവശ്യമായ ഊർജ്ജം ഉണ്ടായിരിക്കണം.റോട്ടറുകളുടെ പ്രകടനം മുതൽ സോളാർ പാനലുകൾ, ഇലക്ട്രിക്കൽ ഹീറ്ററുകൾ, മറ്റ് ഘടകങ്ങൾ എന്നിവ വരെ – സതേൺ കാലിഫോർണിയയിലെ നാസയുടെ ജെപിഎല്ലിന്റെ വാക്വം ചേമ്പറുകളിലും ടെസ്റ്റ് ലാബുകളിലും പരീക്ഷിക്കുകയും പുന: പരിശോധനകൾ നടത്തുകയും ചെയ്തതാണ്.

കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ നാസ പങ്കുവച്ചിരുന്നു. ഹെലികോപ്റ്റർ അതിന്റെ ഡെബ്രിസ് ഷീൽഡ് ഉപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. ഇതുവരെ ഒരു തരത്തിലുളള റോട്ടോക്രാഫ്റ്റുകളും ഡ്രോണുകളും അന്യഗ്രഹത്തിൽ പറത്തിയിട്ടില്ലെന്ന് നാസയുടെ ഗവേഷകർ പറയുന്നു.1997 ൽ നാസയുടെ സോജർനർ റോവർ ചൊവ്വയിൽ പറന്നിറങ്ങിയപ്പോൾ, ചുവന്ന ഗ്രഹത്തെ ചുറ്റിക്കറങ്ങുന്നത് സാധ്യമാണെന്ന് തെളിയിക്കുകയും ചൊവ്വയിൽ എങ്ങനെ പര്യവേക്ഷണം നടത്താമെന്ന് പൂർണ്ണമായും പുനർനിർവചിക്കുകയും ചെയ്തു. അതുപോലെ തന്നെ, ശാസ്ത്ര ഗവേഷണത്തിന്റെ ഭാവി ഇൻജെനുവിറ്റിയിലൂടെ അറിയാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് നാസ ആസ്ഥാനത്തെ പ്ലാനറ്ററി സയൻസ് ഡിവിഷൻ ഡയറക്ടർ ലോറി ഗ്ലേസ് പ്രസ്താവനയിൽ പറഞ്ഞു.