ന്യൂഡല്‍ഹി: ലൈംഗിക കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്നും സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തോട് ‘നോ’ പറയാന്‍ അധികാരമുണ്ടെന്നും ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ‘ഇല്ല’ എന്ന് പറയാനുള്ള അവകാശം വിവാഹിതയാകുന്നതോടെ ഒരു സ്ത്രീക്ക് നഷ്ടപ്പെടുമോയെന്നും എന്തുകൊണ്ടാണ് അവിവാഹിതയായ ഒരു സ്ത്രീയില്‍ നിന്ന് വിവാഹിതയായ സ്ത്രീയുടെ പ്രശ്‌നം വ്യത്യസ്തമായിരിക്കുന്നതെന്നും കോടതി ചോദ്യമുന്നയിച്ചു.
ലൈംഗിക തൊഴിലാളിക്ക് സെക്‌സിന് താല്‍പര്യമില്ലെന്ന് പറയാനുള്ള അവകാശമുണ്ട്. അതേസമയം, വിവാഹിതരായ സ്ത്രീകള്‍ക്ക് ആ അവകാശം ലഭിക്കാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമല്ലെന്ന് മുംബൈ സിറ്റി അഡീഷണല്‍ സെഷന്‍സ് കോടതിയും വൈവാഹിക ബലാത്സംഗമെന്നത് കുറ്റമല്ലെന്ന് ഛത്തീസ്ഗഢ് കോടതിയും നേരത്തെ വിധിച്ചിരുന്നു. എന്നാല്‍, വൈവാഹിക ബലാത്സംഗം ക്രൂരതയാണെന്നും അത് വിവാഹമോചനത്തിലേക്ക് നയിക്കുമെന്നും ഓഗസ്റ്റ് ആറിന് കേരള ഹൈക്കോടതി വിധിക്കുകയായിരുന്നു.
ഇന്ത്യന്‍ ബലാത്സംഗ നിയമം ഭര്‍ത്താക്കന്മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. വിശദമായി ബുധനാഴ്ച വാദം കേള്‍ക്കും.

