കൊവിഡ് ബാധിച്ചതിന് ശേഷം രണ്ടാം ദിവസം മുതല്‍ ഇരുപതാം ദിവസം വരെ ആര്‍ടിപിസിആറില്‍ പോസിറ്റീവ് കാണിക്കാന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍. റാപ്പിഡ്, ആന്റിജന്‍ ടെസ്റ്റുകളില്‍ മൂന്നാം ദിവസം മുതല്‍ എട്ടാം ദിവസം വരെ വൈറസ് ബാധ കണ്ടെത്താനാകുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.
കൊവിഡ് ബാധിച്ചതിന്റെ ആദ്യദിവസം പരിശോധിക്കുന്നതില്‍ ഫലമില്ലെന്നാണ് ഐസിഎംആര്‍ വിലയിരുത്തുന്നത്. കൊവിഡ് ബാധിച്ചാല്‍ രോഗിയുടെ ശരീരത്തിലുണ്ടാകുന്ന ചില പ്രത്യേകതരം ആര്‍എന്‍എയുടെ സാന്നിധ്യം കൊണ്ടാണ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ 20 ദിവസം വരെ പോസിറ്റീവാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഒമിക്രോണ്‍ ബാധിച്ചാല്‍ ആര്‍ടിപിസിആര്‍ പരിശോധയില്‍ ഏഴു ദിവസം മാത്രമേ പോസിറ്റീവായി കാണിക്കൂവെന്നും ഐസിഎംആര്‍ അറിയിച്ചു.
കടുത്ത രോഗലക്ഷണമുള്ളവര്‍ റാപ്പിഡ് പരിശോധനയില്‍ നെഗറ്റീവെന്ന് കാണിച്ചാലും ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

