ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ ഉത്തർപ്രദേശിൽ ബിജെപിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. രണ്ട് ദിവസത്തിനിടെ ഉത്തർപ്രദേശിലെ ബിജെപിയിൽ നിന്നും 15 എംഎൽഎമാർ രാജിവെച്ചു. ആയുഷ് മന്ത്രി ധരം സിംഗ് സൈനി ഉൾപ്പടെ 8 പേരാണ് വ്യാഴാഴ്ച്ച പാർട്ടിയിൽ നിന്നും രാജിവെച്ചത്.
ബിജെപി എംഎൽഎമാരുടെ രാജി ഏറ്റവും അധികം ഗുണം ചെയ്തിരിക്കുന്നത് സമാജ്‌വാദി പാർട്ടിയ്ക്കാണ്. തൊഴിൽ മന്ത്രി സ്വാമിപ്രസാദ് മൗര്യ ആണ് ആദ്യം രാജി സമർപ്പിച്ചത്. വനം മന്ത്രി ദാരാ സിംഗ് ചൗഹാൻ ഉൾപ്പെടെ നാലുപേർ കഴിഞ്ഞ രാജി നൽകി. ആയുഷ് മന്ത്രി ധരം സിംഗ് സൈനി, എംഎൽഎമാരായ മുകേഷ് വെർമ്മ, റോഷൻലാൽ വെർമ്മ, മാധുരി വെർമ്മ, ലഖിംപുർ ഖേരിയിലെ ബാലപ്രസാദ് അവസ്തി, ഹാഥ്‌റസിലെ ഹരിശങ്കർ മാഹോറുംതുടങ്ങിയവരും പാർട്ടി വിട്ടു. പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയാണ് പലരും പാർട്ടിയിൽ നിന്നും രാജിവെക്കാൻ കാരണമെന്നാണ് വിവരം.
അതേസമയം സമാജ് വാദി പാർട്ടി യുപിയിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 29 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. 19 സീറ്റിൽ ആർഎൽഡിയും 10 സീറ്റിൽ സമാജ്വാദി പാർട്ടിയും മത്സരിക്കാനാണ് തീരുമാനം. ബിജെപി വിട്ട എല്ലാവരെയും എസ്പിയിലേക്ക് സ്വീകരിക്കുമെന്നാണ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം.

