ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യരായി കാണുന്നതു കൊണ്ടാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വിവാഹപ്രായം ഉയര്‍ത്തുന്നതിലൂടെ അവര്‍ക്ക് സ്വയംപര്യാപ്തരാകാനും സ്വതന്ത്രമായി ജീവിക്കാനും അവസരം ലഭിക്കും. ആഗ്രഹത്തിന് അനുസരിച്ച് പഠിക്കാന്‍ അവസരമുണ്ടാകും. പതിനഞ്ച് വയസ്സില്‍ത്തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ മുസ്ലിം വ്യക്തിനിയമപ്രകാരം അനുവദനീയമാണ്. 1995 ലെ ഹിന്ദു വിവാഹ നിയമപ്രകാരം ആണ്‍കുട്ടിക്ക് 21 വയസും പെണ്‍കുട്ടിക്ക് 18 വയസും പൂര്‍ത്തിയായിരിക്കണം. ക്രിസ്ത്യന്‍ വിവാഹ നിയമ പ്രകാരവും ഇതു തന്നെ. അതുകൊണ്ട് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ് ആക്കുന്നതിലൂടെ സമൂഹത്തില്‍ കൂടുതല്‍ അവസരങ്ങള്‍ അവര്‍ക്ക് വന്നു ചേരും’-മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ യുവതയ്ക്ക് കഠിനാദ്ധ്വാനത്തിനുള്ള കഴിവുണ്ട്, ഭാവിയെക്കുറിച്ച് വ്യക്തതയുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യ ഇന്ന് പറയുന്നത് നാളെയുടെ ശബ്ദമായി ലോകം കണക്കാക്കുന്നത്. ഇന്നത്തെ യുവതലമുറയ്ക്ക് ‘ചെയ്യാന്‍ കഴിയും’ എന്ന ആത്മവിശ്വാസമുണ്ട്. ആവശ്യമായ സമയത്തെല്ലാം രാജ്യത്തെ നയിക്കാന്‍ യുവാക്കള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ആദിശങ്കരാചാര്യര്‍, സ്വാമി വിവേകാനന്ദന്‍, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ്, അരബിന്ദോ, സുബ്രഹ്മണ്യഭാരതി എന്നിവരെല്ലാം രാജ്യത്തെ നയിക്കാനുദിച്ച യുവാക്കളാണ്.
ഒളിമ്പിക്സിലും പാരാലിമ്പിക്സിലും വാക്‌സിനേഷന്‍ ഡ്രൈവിലും യുവാക്കളുടെ പങ്കാളിത്തം ഉത്തരവാദിത്തബോധത്തിന്റെയും ഇച്ഛാശക്തിയുടെയും തെളിവാണ്. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില്‍ പുതുച്ചേരിയില്‍ നടന്ന 25-ാമത് ദേശീയ യുവജന ഉത്സവം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

