ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. 125 പേരാണ് പട്ടികയിലുള്ളത്. 20 ശതമാനം വനിതകൾക്കും 40 ശതമാനം യുവാക്കൾക്കും പ്രാതിനിധ്യം നൽകിയതായി പ്രിയങ്ക വ്യക്തമാക്കി. ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

ആശാ വർക്കർമാരുടെ പോരാട്ടത്തിലൂടെ ശ്രദ്ധേയായ പൂനം പാണ്ഡെയും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലുണ്ട്. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകുന്നതിലൂടെ സംസ്ഥാനത്ത് പുതിയൊരു തരം രാഷ്ട്രീയം കൊണ്ടുവരാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ആരുമായും സഖ്യം ചേരാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ വനിതകളെ സ്ഥാനാർത്ഥികളാക്കുമെന്ന പ്രഖ്യാപനം പ്രിയങ്കാ ഗാന്ധി നേരത്തെ നടത്തിയിരുന്നു. ഇന്ന് പ്രഖ്യാപിച്ച 125 സീറ്റുകളിൽ 50 വനിതാ സ്ഥാനാർത്ഥികളാണുള്ളത്. ആകെ 403 സീറ്റുകളാണ് ആകെയുള്ളത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ ഏഴ് മണ്ഡലങ്ങളിലായിരുന്നു കോൺഗ്രസ് വിജയം നേടിയത്.