National (Page 815)

ന്യൂഡൽഹി: കർഷകരുടെ അക്കൗണ്ടുകളിലേക്ക് 76,000 കോടി രൂപ നേരിട്ട് വിതരണം ചെയ്ത് കേന്ദ്ര സർക്കാർ. നടപ്പ് റാബി മാർക്കറ്റിംഗ് സീസണിൽ ഗോതമ്പ് സംഭരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം കർഷകരുടെ അക്കൗണ്ടിലേക്ക് തുക നേരിട്ട് വിതരണം ചെയ്തത്.

പഞ്ചാബിലെ കർഷകർക്ക് മാത്രം 26,000 കോടിയിലധികം രൂപയാണ് ലഭിച്ചത്. ഹരിയാനയിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് 16,700 രൂപയും എത്തി. പഞ്ചാബിലും ഹരിയാനയിലും ആദ്യമായാണ് ഇത്തരത്തിൽ കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ടെത്തുന്നത്. ഓൺലൈൻ പേയ്മെന്റ് സംവിധാനം രാജ്യത്തുടനീളം സാർവ്വത്രികമായിരിക്കുകയാണ് ഇപ്പോൾ. താങ്ങുവിലയുടെ നേരിട്ടുളള കൈമാറ്റം ഏറ്റവും അവസാനം ലഭിച്ചത് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർക്കാണ്.

44.4 ലക്ഷം കർഷകർക്കാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം നേട്ടമുണ്ടായതെന്നാണ് ഭക്ഷ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഒറ്റ ദിവസം തന്നെ ധാരാളം ഇടപാടുകൾ നടക്കുന്നതിനാൽ ഈ തുക കർഷകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാൻ രണ്ട് മുതൽ മൂന്ന് ദിവസം വരെയെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുറത്തിറക്കിയതോ പ്രതിഫലം കൊടുത്തതോ ആയ തുകയിലുളള വ്യത്യാസത്തിന് ദിവസങ്ങൾക്കുളളിൽ പരിഹാരം കണ്ടെത്തുമെന്നും അധികൃതർ അറിയിച്ചു. ഈ സീസണിൽ ഗോതമ്പ് സംഭരണ ലക്ഷ്യം ആറു ലക്ഷം ടൺ കൂടി കേന്ദ്രം വർധിപ്പിച്ചിട്ടുണ്ട്. 433 ലക്ഷം ടൺ ആണ് ഇത്തവണത്തെ ഗോതമ്പ് സംഭരണം ലക്ഷ്യം.

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ക്രിക്കറ്റ് ട്വന്റി20 ലോകകപ്പ് യുഎഇയിലും ഒമാനിലുമായി നടത്തുന്നതിന് ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോട് (ഐസിസി) സമ്മതംമൂളിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നടത്താന്‍ ഐസിസിക്ക് താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് ലോകകപ്പ് ‘വിട്ടുകൊടുക്കാന്‍’ ബിസിസിഐ തീരുമാനിച്ചതെന്നാണ് സൂചന.

എന്നാല്‍, ലോകകപ്പ് ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റിയാലും ആതിഥേയരുടെ അവകാശങ്ങളെല്ലാം ഇന്ത്യയ്ക്കു തന്നെയായിരിക്കും. ഐപിഎലിനു പിന്നാലെ ലോകകപ്പ് നടക്കുന്നതുകൊണ്ടാണ് ഗള്‍ഫ് മേഖലയിലെ തന്നെ മറ്റൊരു വേദി ഐസിസി ആലോചിക്കുന്നത്. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലാണ് യുഎഇയിലെ മത്സരങ്ങള്‍.നിലവില്‍, ഇന്ത്യയിലെ സ്ഥിതിഗതികള്‍ കണക്കിലെടുക്കുമ്പോള്‍ ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ പ്രയാസമായിരിക്കുമെന്നാണ് ഐസിസി ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിഭാഗം പേരുടേയും അഭിപ്രായം.

മുംബൈ: കോവിഡ് പരിശോധന സ്വയം നടത്താനുള്ള കോവിസെല്‍ഫ് കിറ്റ് ഉടന്‍ വിപണിയിലെത്തും. 250 രൂപ വിലയുള്ള സ്വയം പരിശോധന കിറ്റ് സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ലഭിക്കും. ഇതിന് ഐസിഎംആറിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതി. പോസിറ്റീവ് ആണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. രോഗലക്ഷണമുള്ളവര്‍ക്ക് നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഉടന്‍് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം.ഒരു ട്യൂബ്, മൂക്കില്‍ നിന്ന് സാംപിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍്ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക. പുണെയിലെ മൈലാബ് ഡിസ്‌കവറി സൊലൂഷന്‍സ് ലിമിറ്റഡാണ് കിറ്റ് വികസിപ്പിച്ചത്.

ന്യൂഡൽഹി: ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് പുന:സ്ഥാപിച്ച് ട്വിറ്റർ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള നേതാക്കളുടെ അക്കൗണ്ടിലുള്ള ബ്ലൂ ടിക്കാണ് ട്വിറ്റർ പുന:സ്ഥാപിച്ചത്. ശനിയാഴ്ച രാവിലെ മുതലാണ് ട്വിറ്റർ ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് നൽകിയിരുന്ന ബ്ലൂ ടിക്ക് നീക്കം ചെയ്യാൻ തുടങ്ങിയത്.

ആർഎസ്എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ജോഷി, സമ്പർക്ക് പ്രമുഖ് അനിരുദ്ധ് ദേശപാണ്ഡെ തുടങ്ങിയവരുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കുകളും ട്വിറ്റർ എടുത്തുകളഞ്ഞിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിൽ നിന്നും ബ്ലൂ ടിക്ക് ട്വിറ്റർ നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വിറ്റർ പുന:സ്ഥാപിച്ചു.

ആറ് മാസത്തിനിടെ ഒരിക്കൽ പോലും ഉപയോഗം നടന്നിട്ടില്ലെങ്കിൽ വേരിഫിക്കേഷൻ കോഡായ ബ്ലൂ ടിക്ക് നീക്കം ചെയ്യുമെന്നാണ് ട്വിറ്ററിന്റെ നയമെന്നാണ് സൈബർ വിദഗ്ധർ വ്യക്തമാക്കുന്നത്. അക്കൗണ്ട് ഉപയോഗിക്കാത്തത് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്നതിന് കാരണമാകുമെങ്കിൽ ഇക്കാര്യം അറിയിക്കേണ്ടതായിരുന്നുവെന്ന് ആർഎസ്എസ് നേതാക്കൾ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊച്ചി: ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതി വ്യാപകമാകുന്നു. കോവിഡ് വൈറസ് വ്യാപനത്തോടെ രാജ്യത്തെ സംസ്ഥാനങ്ങളിൽ പലതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിന് സർക്കാർ സാവകാശം നൽകിയിരുന്നു. എന്നാൽ അഞ്ചു കോടി രൂപ വാർഷിക വിറ്റുവരവുള്ളവർ ഒൻപത് ശതമാനം പലിശ അടയ്ക്കണമെന്നാതാണ് വ്യാപാരികളെ കുഴപ്പിക്കുന്നത്.

ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നവരിൽ നല്ലൊരു ശതമാനം പേരും അഞ്ചു കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ളവരാണ്. ഇവരെല്ലാം ലേറ്റ് ഫീ ഇനത്തിൽ ഒൻപത് ശതമാനം പലിശയും ചേർത്ത് തുക അടയ്ക്കാൻ നിർബന്ധിതരാകുകയാണ്. ഇത് ഇവരെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നാണ് ജിഎസ്ടി രംഗത്തുള്ളവർ പറയുന്നത്.

മെയ് 20 നായിരുന്നു ജിഎസ്ടി റിട്ടേൺ സമർപ്പിക്കേണ്ടത്. എന്നാൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇത് നീട്ടീ നൽകുകയായിരുന്നു.

ന്യൂഡൽഹി: വാക്‌സിൻ സ്വീകരിച്ച ശേഷം ഏപ്രിൽ, മെയ് മാസങ്ങളിൽ കോവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്ന് പഠന റിപ്പോർട്ട്. ഡൽഹി എയിംസാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ബ്രേക്ക്ഗ്രൂ ഇൻഫെക്ഷനുകളെപ്പറ്റി എയിംസിൽ നടത്തിയ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആദ്യമായാണ് എയിംസിൽ ജിനോമിക് സ്റ്റഡി നടത്തുന്നത്. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷവും വൈറസ് ബാധ ഉണ്ടാകുന്നതിനെയാണ് ബ്രേക്ക്ഗ്രൂ ഇൻഫെക്ഷൻ എന്ന് പറയുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ ബ്രേക്ക്ഗ്രൂ ഇൻഫെക്ഷൻ ഉണ്ടായവരിൽ ആരും മരിച്ചിട്ടില്ലെന്നാണ് എയിംസിന്റെ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചവരിൽ ഒരാൾക്കു പോലും കോവിഡ് ബാധ ഗുരുതരമായില്ലെന്നും മിക്കവർക്കും അഞ്ച് മുതൽ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായെന്നും പഠനത്തിൽ പറയുന്നു. മറ്റ് രോഗങ്ങളൊന്നുമില്ലാത്ത സ്ത്രീകളെയും പുരുഷന്മാരെയുമാണ് പഠനത്തിന് വിധേയരാക്കിയതെന്നാണ് എയിംസ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം രണ്ട് ഡോസ് വാക്സിനും എടുത്ത ശേഷവും ചെറിയ ശതമാനം ആളുകൾക്ക് കോവിഡ് ബാധിക്കപ്പെടുകയോ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരികയോ ചെയ്‌തേക്കാമെന്നാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറഞ്ഞിരിക്കുന്നത്. വാക്‌സിൻ സ്വീകരിച്ചവരിൽ ചെറിയ ശതമാനം ആളുകൾ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാമെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ ബ്ലൂടിക്ക് ഒഴിവാക്കി ട്വിറ്റര്‍. ആറ് മാസത്തോളമായി അക്കൗണ്ട് ഉപയോഗിക്കാത്തതിനാലാണ് ബ്‌ളൂ ടിക്ക് എടുത്തുകളഞ്ഞതെന്നാണ് ട്വിറ്റര്‍ നല്‍കുന്ന വിശദീകരണം. അക്കൗണ്ട് ഉപയോഗിക്കാതിരുന്നാലോ, പേരോ വിവരങ്ങളോ മാറ്റിയാലോ, പദവിയില്‍ നിന്ന് മാറിയാലോ അക്കൗണ്ടിലെ ബ്‌ളൂ ടിക്ക് സ്വമേധയാ നീക്കാന്‍ ട്വിറ്ററിന് അവകാശമുണ്ട്. സര്‍ക്കാര്‍ പദവിയിലുളളവര്‍, സര്‍ക്കാരിന്റെ കമ്പനികള്‍, ബ്രാന്റുകള്‍, സ്വകാര്യ സംഘടനകള്‍, മാദ്ധ്യമ സ്ഥാപനങ്ങള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, സിനിമ,സ്‌പോര്‍ട്‌സ്, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സമൂഹത്തിലെ മറ്റ് പ്രധാന വ്യക്തിത്വങ്ങള്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് ട്വിറ്റര്‍ ബ്ലൂടിക്ക് നല്‍കുന്നത്. വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിലെ ബ്‌ളൂ ടിക്ക് നീക്കം ചെയ്യാനിടയായ സംഭവത്തില്‍ ഐടി മന്ത്രാലയം ട്വിറ്ററിനോട് വിശദീകരണം തേടിയിട്ടുണ്ട്.

ന്യൂഡൽഹി: രാഷ്ട്രീയക്കാരായ ഉപയോക്താക്കൾക്ക് നൽകിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കാനൊരുങ്ങി ഫേസ്ബുക്ക്. എല്ലാ ഉപയോക്താക്കൾക്കും തുല്യപരിഗണന ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് രാഷ്ട്രീയക്കാർക്ക് നൽകിയിരിക്കുന്ന പ്രത്യേക പരിഗണന ഫേസ്ബുക്ക് ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ട്.

ഫേസ്ബുക്കിന്റെ മോഡറേഷൻ നയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന ബോർഡ് ആണ് രാഷ്ട്രീയക്കാരുടെ പോസ്റ്റുകൾക്ക് നൽകിയിരുന്ന പ്രത്യേക പരിഗണന എടുത്തു കളയാൻ തീരുമാനിച്ചത്. ബോർഡ് മുന്നോട്ടു വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള ഫേസ്ബുക്കിന്റെ അഭിപ്രായം ജൂൺ അഞ്ചിന് മുമ്പ് അറിയിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. രാഷ്ട്രീയക്കാരുടെ പോസ്റ്റുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണം എന്നായിരുന്നു ഫേസ്ബുക്ക് ഇതുവരെ പിന്തുടർന്ന രീതി. ഇവയ്ക്ക് വാർത്താ പ്രാധാന്യം ഏറെയാണെന്നായിരുന്നു ഫേസ്ബുക്കിന്റെ നയം.

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരത്തെ ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയത് ഈ നയത്തിന്റെ ലംഘനമാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. അപവാദ പ്രചാരണങ്ങൾ തടയുന്നതിനും വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകൾ ഒഴിവാക്കാനും വേണ്ടി ഫേസ്ബുക്ക് ഏതാനും മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ഈ മാർഗ നിർദ്ദേശങ്ങൾ രാഷ്ട്രീയ നേതാക്കൾക്ക് ബാധകമല്ല. എന്നാൽ ബോർഡിന്റെ പുതിയ നയം പ്രാബല്യത്തിൽ വരുത്തിയാൽ രാഷ്ട്രീയ പ്രവർത്തകരും ഈ മാർഗ നിർദ്ദേശത്തിന്റെ പരിധിയിൽ ഉൾപ്പെടും.

ന്യൂഡൽഹി: നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് കോടതി. രാജ്യത്ത് 5-ജി വയർലെസ് നെറ്റ്‌വർക്ക് നടപ്പാക്കുന്നതിനെതിരെ ജൂഹി ചൗള നൽകിയ ഹർജി തള്ളിയ ശേഷമാണ് ഡൽഹി ഹൈക്കോടതി പിഴ വിധിച്ചത്. ജൂഹി ചൗളയുടെ ഹർജി ന്യൂനതകളുള്ളതാണെന്നും അംഗീകരിക്കാനാവുന്നതല്ലെന്നും നിരീക്ഷിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി.

വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. ജസ്റ്റിസ് ജി.ആർ. മെഹ്തയുടെ അദ്ധ്യക്ഷതയിലുള്ള സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും വ്യക്തമാക്കിയായിരുന്നു ജൂഹി ഡൽഹി ഹൈക്കോടതിയിൽ 5-ജി വയർലെസ് നെറ്റ്‌വർക്ക് നടപ്പാക്കുന്നതിനെതിരെ ഹർജി സമർപ്പിച്ചിരുന്നത്. 5 ജി സാങ്കേതിക വിദ്യ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും അപകടകരമാണെന്നും വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.

പ്രശസ്തിയ്ക്ക് വേണ്ടിയാണ് ജൂഹി ഹർജി സമർപ്പിച്ചതെന്നാണ് കോടതിയുടെ നിരീക്ഷണം. ഹർജിയിൽ വെർച്വൽ വാദം കേട്ടതിന്റെ ലിങ്ക് ജൂഹി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കോടതി ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. ഹർജിയിൽ വെർച്വൽ വാദം കേൾക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകൾ പാടി തടസ്സം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി. കോടതിയലക്ഷ്യത്തിന് ഇവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

ന്യൂഡല്‍ഹി: പ്രോജക്ട് 75-ഇന്ത്യ(പി-75) പദ്ധതി അനുസരിച്ച് ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ പുറപ്പെടുവിക്കാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍(ഡി.സി.എ.) യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. പദ്ധതിക്കായി 50,000 കോടിരൂപ ചിലവാകുമെന്നാണ് കരുതുന്നത്. സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് അഥവാ എസ്.പി. മോഡലിനു കീഴില്‍ നടപ്പാക്കുന്ന രണ്ടാമത്തെ പദ്ധതിയാണ് പ്രോജക്ട് -75. അന്തര്‍വാഹിനികളുടെ തദ്ദേശ രൂപകല്പനയും നിര്‍മാണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് എസ്.പി. മോഡല്‍.പ്രോജക്ട് 75-ന്റെ കീഴില്‍ നിലവില്‍ ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ എം.ഡി.എല്‍്. നിര്‍മിക്കുന്നുണ്ട്.