ഏഴ് വർഷത്തിനിടെ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 54 ശതമാനം വർധനവ്; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം വർധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 54 ശതമാനം വർധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. 2014 ൽ നമ്മുടെ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഇത് 596 മെഡിക്കൽ കോളേജുകളായി വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.തമിഴ്നാട്ടിൽ 11 മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കല്ല്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി ഉൾപ്പെടെയുള്ള ജില്ലകളിലെ മെഡിക്കൽ കോളേജുകളാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. ഭാവികാലം ആരോഗ്യ സംരക്ഷണത്തിൽ നിക്ഷേപം നടത്തുന്ന സമൂഹങ്ങളുടേതായിരിക്കുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ഈ മേഖലയിൽ ഇന്ത്യാ ഗവൺമെന്റ് നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ മേഖല കൂടുതൽ സുതാര്യമാക്കുന്നതിന് വിവിധ പരിഷ്‌കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മെഡിക്കൽ അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകളിൽ 2014 നെ അപേക്ഷിച്ച് 80 ശതമാനം വർധനവാണ് ഉണ്ടായത്. മെഡിക്കൽ അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകളുടെ 1.48 ലക്ഷം സീറ്റുകളായി ഉയർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സംസ്ഥാനത്ത് 11 മെഡിക്കൽ കോളേജുകൾ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നത് ഇതാദ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.