അയോദ്ധ്യാ രാമക്ഷേത്രം; ഇതുവരെ ദർശനം നടത്തിയത് 1.5 കോടിയിലധികം വിശ്വാസികൾ

ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇതുവരെ ക്ഷേത്ര ദർശനം നടത്തിയത് 1.5 കോടിയിലധികം വിശ്വാസികൾ. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. ദിനംപ്രതി ഒരു ലക്ഷത്തിലധികം പേർ അയോദ്ധ്യയിൽ രാമക്ഷേത്ര ദർശനം നടത്താനെത്തുന്നുണ്ടെന്ന് രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.

14 അടി വീതിയിൽ രാമക്ഷേത്രത്തിന് ചുറ്റും പാർക്കോട്ട എന്ന പേരിൽ സുരക്ഷാ ഭിത്തി നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രത്തിന്റെ താഴത്തെ നില മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ക്ഷേത്ര സമുച്ചയത്തിൽ ആറ് ചെറിയ ക്ഷേത്രങ്ങൾ കൂടി നിർമിക്കും. അവിടെ ഭഗവാൻ ശങ്കരന്റെയും സൂര്യന്റെയും ഹനുമാന്റെയും അന്നപൂർണയുടെയും പ്രതിഷ്ഠകൾ സ്ഥാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ മാസം 17-നായിരുന്നു അയോദ്ധ്യയിൽ സൂര്യ അഭിഷേക് നടന്നത്. ബാലകരാമന്റെ നെറ്റിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ കാണാനും അനുഗ്രഹം വാങ്ങാനും പതിനായിരക്കണക്കിന് വി ശ്വാസികളാണ് ക്ഷേത്രത്തിലെത്തിയത്. ഉച്ചയ്ക്ക് 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാംലല്ലയിൽ പതിഞ്ഞത്. കണ്ണാടികളും ലെൻസുകളും ഉപയോഗിച്ചായിരുന്നു രാംലല്ലയിൽ സൂര്യകിരണങ്ങൾ പതിച്ചത്.