മകൾ കൊല്ലപ്പെട്ടത് മതം മാറാൻ തയ്യാറാകാഞ്ഞതിനാൽ; ആരോപണവുമായി കോൺഗ്രസ് നേതാവ്

ബംഗളൂരു: തന്റെ മകൾ നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്ത്. മതം മാറാൻ തയ്യാറാവാത്തതിനാലാണ് തന്റെ മകൾ നേഹ കൊല്ലപ്പെട്ടതെന്നാണ് അദ്ദേഹം പറയുന്നത്. ഏപ്രിൽ 18 നാണ് നേഹ കൊല്ലപ്പെട്ടത്. കർണാടകയിലെ ഹുബ്ബള്ളിയിൽ കെഎൽഇ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായിരുന്നു നേഹ.ഇതേ കോളേജിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന 23 കാരൻ ഫയാസാണ് നേഹയെ കൊലപ്പെടുത്തിയത്. പട്ടാപ്പകൽ കോളേജ് ക്യാമ്പസിൽ വച്ചായിരുന്നു കൊലപാതകം നടന്നത്.

പ്രതി മകളെ മതം മാറാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ, അതിന് സമ്മതിക്കാതിരുന്നതിനാൽ അവളെ കൊലപ്പെടുത്തിയെന്നും പിതാവ് നിരഞ്ജൻ ചൂണ്ടിക്കാട്ടി. നേരത്തെ നേഹയുടെ കൊലപാതകം ലൗ ജിഹാദ് ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ ആരോപണം തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. വ്യക്തിപരമായ കാരണങ്ങളാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചിട്ടുള്ളതെന്നാണ് സിദ്ധരാമയ്യ അറിയിച്ചത്. ഫയാസ് വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും നേഹയുമായി പ്രണയത്തിലായിരുന്നുവെന്നും പ്രതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. നീതിയുക്തമായ അന്വേഷണത്തിന് സംസ്ഥാന പോലീസിന് കഴിയുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്.