രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി വി അൻവറിനെതിരെ കേസെടുക്കും

പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കും. പി വി അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് എച്ച് ഒയ്ക്ക് മണ്ണാർക്കാട് കോടതി നിർദേശം നൽകി.

ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലാണ് പി വി അൻവറിനെതിരെ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട്ടെ എടത്തനാട്ടുകാരയിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് അൻവറിന്റെ വിവാദമായ ഡിഎൻഎ പരാമർശമുണ്ടായത്. രാഹുൽ നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നായിരുന്നു പ്രസംഗത്തിൽ പി വി അൻവർ പറഞ്ഞത്.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.