ഹോങ് കോങും സിങ്കപ്പൂരും ഇന്ത്യൻ കറിമസാലകൾ തിരിച്ചയച്ചു; മിന്നൽ പരിശോധനയുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ കറിമസാലകൾ ഹോങ് കോങും സിങ്കപ്പൂരും തിരിച്ചയച്ചതിനു പിന്നാലെ നടപടികൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ. ക്യാൻസറിന് കാരണമാകുന്ന പദാർത്ഥം അടങ്ങിയിരിക്കുന്നതായി കാണിച്ചാണ് ഹോങ് കോങും സിങ്കപ്പൂരും ഇന്ത്യൻ കറിമസാലകൾ തിരിച്ചയച്ചത്. ഇന്ത്യൻ കറിമസാല നിർമാണ കമ്പനികളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നിവയുടെ മസാലകളാണ് മടക്കിയച്ചത്.

സംഭവത്തിനു പിന്നാലെ ഇന്ത്യയിലൊട്ടാകെയുള്ള മസാല നിർമാണ ഫാക്ടറികളിൽ നിന്ന് സാംപിൾ ശേഖരിച്ച് പരിശോധിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച നിർദ്ദേശം കേന്ദ്രം നൽകി കഴിഞ്ഞു. രാജ്യത്തെ എല്ലാ ഭക്ഷ്യ സുരക്ഷാ കമ്മീഷണർമാർക്കും ഇതുസംബന്ധിച്ച നിർദേശം നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.

എംഡിഎച്ച്, എവറസ്റ്റ് അടക്കമുള്ള രാജ്യത്തെ എല്ലാ മസാല നിർമാണ കമ്പനികളുടെ ഫാക്ടറികളിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്ന ദൗത്യം ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ ഭക്ഷ്യ സുരക്ഷാ കമ്മീഷണർമാർക്കും ഉത്തരവ് അയച്ചിട്ടുണ്ട്. മൂന്ന്, നാല് ദിവസത്തിനുള്ളിൽ രാജ്യത്തുള്ള എല്ലാ മസാല നിർമാണ ഫാക്ടറികളിൽ നിന്നും സാംപിളുകൾ ശേഖരിച്ചു കഴിയും. 20 ദിവസത്തിനുള്ളിൽ സാംപിളുകളുടെ പരിശോധനാ റിപ്പോർട്ട് ലഭിക്കുമെന്നാണ് വിവരം.