ബലാത്സംഗക്കേസിലെ അതിജീവിത; 14 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസിലെ അതിജീവിതയായ 14 കാരിക്ക് ഗർഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നൽകി. 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇതൊരു അസാധാരണമായ കേസാണെന്നും ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയതെന്നും കോടതി വ്യക്തമാക്കി.

ഗർഭാവസ്ഥയുടെ 24 ആഴ്ചകൾക്കപ്പുറം ഗർഭച്ഛിദ്രം നടത്തണമെങ്കിൽ ഇന്ത്യൻ നിയമപ്രകാരം കോടതിയുടെ അനുമതി ആവശ്യമാണ്. ഈ ഘട്ടത്തിൽ അതിജീവിത ഗർഭച്ഛിദ്രത്തിന് വിധേയയാകുമ്പോൾ ചില അപകടസാധ്യതകൾ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ കുഞ്ഞിന് ജന്മം നൽകുന്നത് അതിജീവിതയുടെ ജീവനുതന്നെ ഭീഷണിയാകുമെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച കേസിൽ സുപ്രീം കോടതി അടിയന്തര വാദം കേട്ടിരുന്നു. ഗർഭച്ഛിദ്രം നടത്തുന്നത് അതിജീവിതയെ ശാരീരികമായും മാനസികമായും ബാധിക്കുമോ എന്നറിയാൻ പെൺകുട്ടിയെ മഹാരാഷ്ട്ര ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് അന്ന് കോടതി ഉത്തരവിട്ടത്. പിന്നീട് മെഡിക്കൽ ബോർഡ് ഗർഭച്ഛിദ്രത്തിന് അനുകൂലമായി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.