ലോകത്തെ ഏറ്റവും ശക്തമായ സൈന്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാമത്.

indian army

ലോകത്തെ ഏറ്റവും ശക്തമായ സൈന്യങ്ങളുടെ പട്ടികയില്‍ ചൈന ഒന്നാമത്. ദ അള്‍ട്ടിമേറ്റ് മിലിറ്ററി ഇന്‍ഡക്‌സ് പ്രകാരമാണ് ലോകത്തെ ഏറ്റവും ശക്തമായ സൈന്യമായി അമേരിക്കയെ കടത്തിവെട്ടി ചൈനയുടെ ജനകീയ വിമോചന സേനയെ തെരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച് 21നാണ് മിലിറ്ററി ഡയറക്ട് എന്ന പ്രതിരോധ വെബ്‌സൈറ്റ് ദ അള്‍ട്ടിമേറ്റ് മിലിറ്ററി ഇന്‍ഡക്‌സ് പുറത്തുവിട്ടിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ 12 സൈനിക രാഷ്ട്രങ്ങളെയാണ് ഇവര്‍ വിലയിരുത്തലിനായി ഉപയോഗിച്ചത്. സൈനിക റിപ്പോര്‍ട്ടുകള്‍, സൈനിക ശേഷി, വാര്‍ത്തകള്‍ തുടങ്ങി വ്യത്യസ്ത സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് തങ്ങള്‍ സൈന്യങ്ങളെ വിലയിരുത്തിയതെന്ന് മിലിറ്ററി ഡയറക്ട് അവകാശപ്പെടുന്നു. അതെസമയം ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് അമേരിക്കയും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്. ലോകത്തെ ഏറ്റവും ശക്തമായ നാലാമത്തെ സൈന്യമെന്ന അഭിമാനാര്‍ഹമായ സ്ഥാനത്ത് ഇന്ത്യയുണ്ട്.

നാവികസേനക്ക് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടെയുണ്ടായ വന്‍ മാറ്റമാണ് ചൈനയെ ഏറ്റവും ശക്തമായ സൈന്യമായി തെരഞ്ഞെടുത്തതിലെ പ്രധാനഘടകം. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്നെ ചൈനക്കാണ് ലോകത്തെ ഏറ്റവും വലിയ നാവികസേനയുള്ളത്. അതേസമയം, നാവികസേനയിലെ വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും കൂട്ടാതെയാണ് ഈ കണക്കെടുപ്പെന്നതും ശ്രദ്ധേയമാണ്. ഈ മേഖലയിലാണ് അമേരിക്കക്ക് മുന്‍തൂക്കമുള്ളത്. റഷ്യക്കും ചൈനക്കും ഇന്ത്യക്കും കൂടിയുള്ളതിനേക്കാള്‍ കൂടുതല്‍ സൈനിക വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അമേരിക്കക്കുണ്ട്.

രാജ്യാന്തര തലത്തിലുള്ള നീക്കങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും മറ്റുമായാണ് അമേരിക്കന്‍ സൈനിക ബജറ്റിന്റെ വലിയൊരു പങ്ക് നീക്കിവെച്ചിരിക്കുന്നത്. സൈനികര്‍ക്കായുള്ള പെന്‍ഷന്‍, വിരമിച്ച സൈനികരുടെ ചികിത്സാ ചിലവ്, ആണവായുധങ്ങളുടെ പരിചരണം, രഹസ്യാന്വേഷണം തുടങ്ങിയവയൊന്നും അമേരിക്കയുടെ ഈ സൈനികബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൂടി കണക്കിലെടുത്താല്‍ ഒരു ട്രില്യണ്‍ ഡോളര്‍ (74.36 ലക്ഷം കോടി രൂപ) കടക്കും അമേരിക്കന്‍ സൈനിക ചെലവ്. സൈനിക ബജറ്റിന്റെ വലുപ്പത്തിലും ഇന്ത്യക്ക് നാലാം സ്ഥാനമാണ്.