മോഹൻലാലിന് ഒരു പിറന്നാൾ സമ്മാനം; ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്നു

തിരുവനന്തപുരം: നടന വിസ്മയം മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മോഹൻലാലിന് പിറന്നാൾ സമ്മാനമായി ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി. മോഹൻലാലിന് മന്ത്രി പിറന്നാൾ ആശംസകൾ അറിയിക്കുകയും ചെയ്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു.

മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമയ്‌ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെൽപ്പാടങ്ങൾക്കു നടുവിലെ ചെമ്മൺ പാതയിൽ മോഹൻലാലിൻറെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങൾക്കും കണ്ണീർപൂവിൻറെ കവിളിൽ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം..

‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു.

മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമയ്‌ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെൽപ്പാടങ്ങൾക്കു നടുവിലെ ചെമ്മൺ പാതയിൽ മോഹൻലാലിൻറെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങൾക്കും കണ്ണീർപൂവിൻറെ കവിളിൽ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിൻറെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.