2018 ൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ പ്രഖ്യാപിച്ച 6 പ്രധാന ആയുധങ്ങളിൽ പ്രമുഖമാണ് പൊസൈഡോൺ. ഒരു ചെറിയ അന്തർവാഹിനിയെ അനുസ്മരിപ്പിക്കുന്ന പൊസൈഡോൺ ആണവശേഷിയുള്ളതാണ്.സർവവിനാശകാരിയായ ഒരു ജലാന്തര ടോർപിഡോ. 20 മീറ്റർ നീളമുള്ള ഇതിന് എതിരാളികളുടെ തീരസംരക്ഷണ സംവിധാനങ്ങളെ മറികടന്ന് നഗരങ്ങളെ ആക്രമിക്കാൻ കരുത്തുണ്ട്.അതിനാൽ തന്നെ സൂപ്പർവെപ്പൺ… അക്ഷരാർഥത്തിൽ ആ വിശേഷണത്തിന് അർഹമാണ് റഷ്യ വികസിച്ച് ഇപ്പോൾ ഉത്തരധ്രുവമേഖലയിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന പൊസൈഡോൺ 2എം39 ടോർപിഡോ.
അതിശക്തമായ ആണവ വികിരണങ്ങൾ ഒരു വലിയ പ്രദേശത്താകെ ഉണ്ടാക്കാനുള്ള ശേഷി പൊസൈഡോണിനുണ്ട്. കൊബാൾട്ട് 60 അടങ്ങിയ ഒരു ആണവ ബോംബാണ് ഇതിനു സഹായിക്കുന്നതെന്നാണ് അഭ്യൂഹം. വളരെ പതുക്കെയെത്തി തീരത്തിനു തൊട്ടടുത്തു വച്ച് അതിവേഗം കൈവരിക്കുന്ന രീതിയിലാണ് ഇതിന്റെ സഞ്ചാരം. ഇതുമൂലം തീരരക്ഷാ റഡാർ സംവിധാനങ്ങൾ ഇതിനെ കണ്ടെത്തുമ്പോഴേക്കും സർവനാശം നടന്നുകഴിഞ്ഞിരിക്കും. എല്ലാരീതിയിലും പരാജയപ്പെടുന്ന ഘട്ടത്തിൽ മാത്രം പ്രതിയോഗിക്കെതിരെ പ്രയോഗിക്കാൻ ഉന്നം വച്ചാണ് ഈ ആയുധം റഷ്യ വികസിപ്പിക്കുന്നതെന്നാണു നിരീക്ഷണം.
2 മെഗാടൺ സ്‌ഫോടകശേഷിയുള്ളതാണ് പൊസൈഡോൺ, ഹിരോഷിമയിൽ വീണ അണുബോംബിന്റെ 133 മടങ്ങ് പ്രഹരശേഷിയുള്ളത്. കടലിന്റെ അടിത്തട്ടിൽ നിന്നും വിദൂരമേഖലകളിൽ നിന്നും ആക്രമിക്കാവുന്ന വകഭേദങ്ങൾ പൊസൈഡോണിനുണ്ട്. മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന ഇതു ലോകത്തെ ഏറ്റവും സങ്കീർണമായതും, എന്നാൽ ഏറ്റവും കുറച്ചുമാത്രം പഠനവിധേയമായിട്ടുള്ളതുമായ ആയുധമായിട്ടാണു വിദഗ്ധർ വിശേഷിപ്പിക്കുന്നത്. യുഎസ് രാജ്യാന്തര സുരക്ഷാ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റഫർ ഫോർഡിന്റെ വാക്കുകളിൽ പറഞ്ഞാൽ’ ഒരു ആണവസൂനാമിയുണ്ടാക്കി യുഎസ് തീരനഗരങ്ങളെ മുക്കാൻ ശേഷിയുള്ള ആയുധം’.
സ്റ്റാറ്റസ് 6 എന്ന കോഡ് ഭാഷയിലാണ് പൊസൈഡോൺ നേരത്തെ അറിയപ്പെട്ടിരുന്നത്. ബെൽഗോറോഡ്, ഖബാരോവ്‌സ്‌ക് എന്നു പേരുകളുള്ള തങ്ങളുടെ അത്യാധുനിക അന്തർവാഹിനികളെയാകും പൊസൈഡോൺ വഹിക്കാനായി റഷ്യ തിരഞ്ഞെടുക്കുകയെന്ന ശക്തമായ സൂചനകളുണ്ട്. റഷ്യൻ നേവി ഇപ്പോൾ തന്നെ 30 പൊസൈഡോണുകൾക്ക് ഓർഡർ നൽകിക്കഴിഞ്ഞിരിക്കുന്നു.