പാരിസ്: 2021 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റ് ഇത്തവണ ഒരാഴ്ച വൈകും. നേരത്തേ തീരുമാനിച്ച പ്രകാരം മേയ് 23 നായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനപ്രകാരം മത്സരങ്ങള്‍ മേയ് 30 ന് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.കൂടുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായാണ് മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് നീട്ടിയത്. 1000 പേര്‍ക്കായിരിക്കും സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം നല്‍കുക.
കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനംമൂലം മേയ് മാസത്തില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് സെപ്റ്റംബറിലാണ് ആരംഭിച്ചത്. സ്‌പെയിനിന്റെ ഇതിഹാസ താരം റാഫേല്‍ നദാലാണ് അന്ന് പുരുഷ വിഭാഗത്തില്‍ കിരീടം നേടിയത്. കരിയറിലെ 13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിക്കൊണ്ട് റെക്കോഡ് സ്വന്തമാക്കിയാണ് നദാല്‍ കളം വിട്ടത്.
ഇത്തവണയും കിരീട സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നത് നദാലിനാണ്. ഇത്തവണ കിരീടം നേടിയാല്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരം എന്ന റെക്കോഡ് നദാലിന് സ്വന്തമാകും. നിലവില്‍ 20 കിരീടങ്ങളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ് നദാല്‍. കഴിഞ്ഞ വര്‍ഷം വനിതാ വിഭാഗത്തില്‍ പോളണ്ടിന്റെ യുവതാരം ഇഗ സ്വിയാടെക്കാണ് കിരീടം നേടിയത്.