എത്രയും വേഗം പ്രതിയെ തൂക്കികൊല്ലണം; ആ സമയത്തിനായി കാത്തിരിക്കുന്നുവെന്ന് ജിഷയുടെ അമ്മ

തിരുവനന്തപുരം: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി ജിഷയുടെ അമ്മ. എത്രയും വേഗം പ്രതിയെ തൂക്കികൊല്ലണമെന്നും ആ സമയത്തിനായി താൻ കാത്തിരിക്കുകയാണെന്നും ഇവർ വ്യക്തമാക്കി.

കോടതി വിധി അനുകൂലമായതിൽ സന്തോഷമുണ്ട്. എന്നാൽ തന്റെ കൊച്ച് മരിച്ചതുപോലെ അവൻ മരിച്ച് കിടക്കുന്നത് കണ്ടാലാണ് ശരിക്കും മനസമാധാനം ഉണ്ടാവുകയുള്ളൂവെന്ന് ഇവർ അറിയിച്ചു.

അതേസമയം, കേസിൽ നിന്നും കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്ന പ്രതിയുടെ ആവശ്യവും ഹൈക്കോടതി തള്ളി. വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ നൽകിയ അപേക്ഷയാണ് ഹൈക്കോടതി അംഗീകരിച്ചത്.

ഡിഎൻഎ സാമ്പിളുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ വിശ്വസിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വീടിൻറെ വാതിൽ കട്ടിലയിൽ നിന്നും പെൺകുട്ടിയുടെ ചുരിദാറിൽ നിന്നും കണ്ടെത്തിയ രക്ത സാമ്പിളുകൾ തെളിവായി എടുക്കാമെന്നും കോടതി ഉത്തരവിൽ ചൂണ്ടികാട്ടി.

2016 ഏപ്രിൽ 28നാണ് ജിഷ കൊല്ലപ്പെട്ടത്. നിയമ വിദ്യാർത്ഥിനിയായ ജിഷയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു.