സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ഇടുക്കി: സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി മരണം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മരണപ്പെട്ട ഇടുക്കി മണിയാറൻകൊടി സ്വദേശിയായ 24 കാരൻ വിജയകുമാറിന്റെ മരണകാരണം വെസ്റ്റ് നൈൽ പനിയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

വൃക്ക മാറ്റിവയ്ക്കൽ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയപ്പോഴാണ് വിജയ കുമാറിന് പനിബാധിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

രോഗം ഭേദമായതിന് പിന്നാലെ സ്വദേശമായ ഇടുക്കിയിലേക്ക് വിജയകുമാർ മടങ്ങി. വീട്ടിലെത്തിയശേഷം പനി കൂടിയതോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വിജയ കുമാർ മരിച്ചു.

മരണശേഷം നടന്ന പരിശോധനകകളിലാണ് മരണകാരണം വെസ്റ്റ്നൈൽ പനിയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.