ബയൺ മ്യൂണിക്കിനെ തകർത്ത് യുവേഫ ചാംപ്യൻസ് ലീഗ് സെമിയിലേക്ക്

മ്യൂണിക്ക്; ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ബയൺ മ്യൂണിക്കിനെ തകർത്ത് യുവേഫ ചാംപ്യൻസ് ലീഗ് സെമിയിലേക്ക് ആദ്യ പാദമൂന്നി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി. ക്വാർട്ടർ പോരാട്ടങ്ങളുടെ രണ്ടാം പാദം ഏപ്രിൽ 14ന് നടക്കും.കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ തമ്മിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ സൂപ്പർതാരം കിലിയൻ എംബപ്പെയുടെ ഇരട്ടഗോളുകളാണ് ഫ്രഞ്ച് ക്ലബ്ബിന് ആധിപത്യം സമ്മാനിച്ചത്. പോർട്ടോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ബയണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം. മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ യുവെന്റസിനെ വീഴ്ത്തിയെത്തിയ എഫ്‍സി പോർട്ടോയെ ഇംഗ്ലിഷ് ക്ലബ് ചെൽസിയും ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ വീഴ്ത്തി.

ഇംഗ്ലണ്ടിലും പോർച്ചുഗലിലും കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സ്പാനിഷ് ക്ലബ് സെവിയ്യയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരത്തിന്റെ ഇരു പാദങ്ങളും നടക്കുന്നത്. ഇതിൽ ആദ്യ പാദ മത്സരം പോർട്ടോയുടെ ‘ഹോം മത്സര’മായാണ് കണക്കാക്കിയിരിക്കുന്നത്.നേരത്തെ, ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോമിനോട് അപ്രതീക്ഷിതമായി വഴങ്ങിയ കൂറ്റൻ തോൽവിയുടെയും പരിശീലനത്തിനിടെ സഹതാരങ്ങളായ കെപ അറിസാബെലാഗയും അന്റോണിയോ റുഡിഗറ‌ും തമ്മിലടിച്ചതിന്റെ ‘ക്ഷീണ’വും മറന്നാണ് ചാംപ്യൻസ് ലീഗ് വേദിയിൽ ചെൽസിയുടെ ജയം.മൂന്ന്, 68 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകൾ. ക്യാപ്റ്റൻ മാർക്വീഞ്ഞോസിന്റെ വകയാണ് അവരുടെ മറ്റൊരു ഗോൾ.

28–ാം മിനിറ്റിൽ ലക്ഷ്യം കണ്ട മാർക്വീഞ്ഞോസ്, തൊട്ടുപിന്നാലെ പരുക്കേറ്റ് തിരികെ കയറി.ഗോൾപട്ടികയിൽ ഇടംപിടിച്ചില്ലെങ്കിലും പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ രണ്ടു ഗോളിനു വഴിയൊരുക്കി കരുത്തുകാട്ടി. എംബപ്പെയുടെ ആദ്യഗോളിന്റെയും മാർക്വീഞ്ഞോസിന്റെ ഗോളിന്റെയും ശിൽപി നെയ്മർ തന്നെ. എംബപ്പെ നേടിയ മൂന്നാം ഗോളിനു വഴിയൊരുക്കിയത് എയ്ഞ്ചൽ ഡി മരിയയാണ്.

ചോപ്പോ മോട്ടിങ് (37), തോമസ് മുള്ളർ (60) എന്നിവരുടെ വകയാണ് ബയണിന്റെ ഗോളുകൾ. സൂപ്പർ സ്ട്രൈക്കർ റോബർട്ടോ ലെവൻഡോവ്സ്കിയുടെ അസാന്നിധ്യം ബയൺ നിരയിൽ തെളിഞ്ഞുകണ്ടു. സ്വന്തം തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദത്തിൽ മൂന്ന് എവേ ഗോളുകളുടെ ആനുകൂല്യം പിഎസ്ജിക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല.മറ്റൊരു മത്സരത്തിൽ രണ്ട് നിർണായക എവേ ഗോളുകൾ സ്വന്തമാക്കിയാണ് ചെൽസി, പോർച്ചുഗീസ് ക്ലബ്ബായ എഫ്‍സി പോർട്ടോയെ വീഴ്ത്തിയത്. മേസൺ മൗണ്ട് (32), ബെൻ ചിൽവെൽ (85) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്.