ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് അന്തരിച്ചു

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. 1921 ജൂണ്‍ 10ന് ഗ്രീക്ക്- ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ്, ബ്രിട്ടിഷ് നാവികസേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികസേനയില്‍ പ്രവര്‍ത്തിച്ചു. 1947 നവംബര്‍ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്.

1952ൽ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതൽ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചിരുന്നു. 2017 ഓഗസ്റ്റിൽ ഫിലിപ് 65 വർഷം നീണ്ട പൊതുജീവിതത്തിൽനിന്നു വിടവാങ്ങി. 150–ഒാളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 14 പുസ്തകങ്ങൾ രചിച്ചു. പരിസ്ഥിതി, വ്യവസായം, സ്പോർട്സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയോ പ്രസിഡന്റോ അംഗമോ ആയി പ്രവർത്തിച്ചു.