International (Page 195)

കാബൂൾ: പാകിസ്താനുമായുള്ള ബന്ധം തുറന്നു കാട്ടി താലിബാൻ നേതാവ്. പാകിസ്താനെ തങ്ങളുടെ രണ്ടാമത്തെ വീടായാണ് കാണുന്നതെന്ന് താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്താൻ. പരമ്പരാഗതമായി തങ്ങൾ സൗഹൃദത്തിലാണ് കഴിയുന്നതെന്ന് സാബിഹുള്ള മുജാഹിദ് പറഞ്ഞു.

ഇരുരാജ്യങ്ങളിലെ ജനങ്ങളും മതപരമായി യോജിച്ചുപോരുന്നവരാണ്. പാകിസ്താനുമായുള്ള ബന്ധം ദൃഢമാക്കാനാണ് ആലോചിക്കുന്നതെന്നും സാബിഹുള്ള മുജാഹിദ് അഭിപ്രായപ്പെട്ടു. പാക് മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സാബിഹുള്ള മുജാഹിദിന്റെ പ്രതികരണം.

അഫ്ഗാൻ ജനതയുടെ താത്പര്യമനുസരിച്ച് ഇന്ത്യ അവരുടെ നയം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച നടത്തണമെന്ന് താലിബാൻ വക്താവ് ആവശ്യപ്പെട്ടു. എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. പാകിസ്താനും ഇന്ത്യയും അയൽരാജ്യക്കാരായതുകൊണ്ടുതന്നെ ഇരുവരുടെയും താത്പര്യങ്ങളിൽ സമാനതയുണ്ടാകുമെന്നും സാബിഹുള്ള മുജാഹിദ് വിശദമാക്കി.

മുഴുവൻ അഫ്ഗാൻ പൗരന്മാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ശക്തമായ ഒരു ഇസ്ലാം രാജ്യമായി അഫ്ഗാനെ മാറ്റുമെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും സാബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു.

ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 345 റണ്ണിന്റെ കൂറ്റന്‍ ലീഡ്്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 423 റണ്ണെന്ന നിലയിലാണ് ഇംഗ്ലീഷുകാര്‍. 24 റണ്ണെടുത്ത ക്രെയ്ഗ് ഓവര്‍ടണും റണ്ണെടുക്കാത്ത ഒലി റോബിന്‍സണുമാണ് ക്രീസില്‍.

നായകന്‍ ജോ റൂട്ടിന്റെ സെഞ്ചുറിയും (165 പന്തില്‍ 14 ഫോറുകളടക്കം 121), ഓപ്പണര്‍മാരായ റോറി ബേണ്‍സ് (61), ഹസീബ് ഹമീദ് (68) എന്നിവരുടെയും മൂന്നാം നമ്പര്‍ താരം ഡേവിഡ് മാലാന്റെയും (70) അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്.

ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വെള്ളംകുടിച്ച ലീഡ്സിലെ പിച്ചിലാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സില്‍ വെറും 78 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്.

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ പല തരത്തിലുള്ള അഭിപ്രായങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. താലിബാന്റെ വിജയം ലോകമെങ്ങുമുള്ള ഭീകരസംഘങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ. ദുർബലമായ രാജ്യങ്ങളെ പിടിയിലാക്കാനുമുള്ള ഊർജമാണ് അത്തരം ഗ്രൂപ്പുകൾക്ക് താലിബാൻ വിജയം നൽകുന്നതെന്നും വിലയിരുത്തലുണ്ട്.

അതിനാൽ തന്നെ ലോകരാജ്യങ്ങളെല്ലാം ആഫ്രിക്കയിലേക്കാണ് ഉറ്റുനോക്കുന്നത്. താലിബാന്റെയും കൂട്ടരുടെയും പുതിയ ലക്ഷ്യം ആഫ്രിക്കയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന താലിബാനോടും അൽഖാദയോടും ഇസ്ലാമിക് സ്റ്റേറ്റിനോടും അടുത്ത ബന്ധമുള്ള ഭീകരസംഘടനകൾ പുതിയ അവസരം മുതലെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. താരതമ്യേന ദുർബലമായ ഭരണകൂടങ്ങളാണ് മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലുമുള്ളത്. ദാരിദ്ര്യം, അഴിമതി, വികസനമില്ലായ്മ, ആഭ്യന്തര സംഘർഷങ്ങൾ, വംശീയ-ഗോത്ര പ്രതിസന്ധികൾ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ ഇവിടെയുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സഹായം ഉൾപ്പെടെയുള്ളവ കൊണ്ട് മാത്രമാണ് മിക്ക രാജ്യങ്ങളും ഇപ്പോഴും നിലനിന്ന് പോകുന്നത്.

അമേരിക്ക അടക്കമുള്ള വിദേശ ശക്തികൾ തങ്ങളുടെ സൈനിക -സാമ്പത്തിക സഹായങ്ങൾ നിർത്തുന്നതോടെ ഇവിടങ്ങളിലെ ഭരണകൂടങ്ങൾ കൂടുതൽ ദുർബലമാവും. ഇതോടെ ആഫ്രിക്കൻ ഭരണകൂടങ്ങളെ ഭയപ്പെടുത്തി മുന്നോട്ടുപോവാൻ കഴിയുമെന്നാണ് ഭീകരസംഘടനകളുടെ പ്രതീക്ഷ.

നൈജീരിയ കേന്ദ്രമായി പ്രവർത്തിക്കുന്ന സലഫി ജിഹാദി സംഘടനയായ ബോക്കോ ഹറം മുതൽ സോമാലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ശബാബ് വരെ പുതിയ സാഹചര്യങ്ങൾ ഉപയോഗിച്ച് തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുമെന്നാണ് വിവരം. താലിബാനുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനകളാണിത്.

വാഷിംഗ്ടണ്‍: താലിബാന്‍ ഭരണത്തില്‍ നിന്നും അമേരിക്ക് രക്ഷപ്പെടുത്തി കൊണ്ടുപോയ അഫ്ഗാന്‍ പൗരന്മാരില്‍ ഐസിസ് തീവ്രവാദികളുമുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രത്യേക വിസയിലൂടെ അഫ്ഗാനില്‍ നിന്നും കൊണ്ടു പോയവരില്‍ നൂറിലേറെ പേര്‍ക്കാണ് തീവ്രവാദ സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയുടെ ബയോമെട്രിക്ക് തിരിച്ചറിയല്‍ മാര്‍ഗങ്ങളിലൂടെ ഒരു രഹസ്യാന്വേഷണ ഏജന്‍സിയാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറുന്നതിനു മുമ്പായി നിരവധി അഫ്ഗാന്‍ പൗരന്മാരെ പ്രത്യേക വിസയിലൂടെ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ ബൈഡന്‍ ഭരണകൂടം പ്രത്യേകം താത്പര്യം എടുത്തിരുന്നു. ലോകം മുഴുവന്‍ അമേരിക്കയുടെ ഈ പ്രവൃത്തിയെ പ്രശംസിച്ചെങ്കിലും ഇത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, അഫ്ഗാനില്‍ നിന്നുള്ളവരുടെ വിസാ അപേക്ഷകള്‍ പരിശോധിച്ചു വരുന്നതേയുള്ളുവെന്നും സൂക്ഷ്മ പരിശോധനയ്ക്കു ശേഷം മാത്രമേ ഇവര്‍ക്ക് അമേരിക്കയില്‍ താമസിക്കുന്നതിനുള്ള അനുവാദം നല്‍കുകയുള്ളുവെന്നും അമേരിക്കന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്മാരില്‍ ഒരാള്‍ അറിയിച്ചു.

ബെര്‍ലിന്‍: താലിബാന്റെ ഭീകരപ്രവര്‍ത്തനത്തിന്റെ ഇരയായി അഫ്ഗാനിസ്ഥാനിലെ മുന്‍ മന്ത്രി ഇന്ന് സൈക്കളില്‍ പിസ ഡെലിവറി ചെയ്ത് കഴിയുന്നു. അഷ്റഫ് ഗനി സര്‍ക്കാരിന്റെ കീഴില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന സയീദ് അഹമ്മദ് ഷാ സാദത്ത് ആണ് ജര്‍മ്മനിയില്‍ പിസ ഡെലിവറി ചെയ്ത് ജീവിതം നയിക്കുന്നത്.

സയീദ് അഹമ്മദ് ഷാ സാദത്ത് സൈക്കിളില്‍ സൈക്കിളില്‍ പിസ ഡെലിവറിക്കായി പോകുന്നതിന്റെ ചിത്രം ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് ക്യാമറയില്‍ പകര്‍ത്തിയത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.

2018 ല്‍ അഷ്റഫ് ഗനിയുടെ സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജി വകുപ്പ് മന്ത്രിയായിരുന്നു സയീദ് അഹമ്മദ് ഷാ സാദത്ത്. രണ്ടു വര്‍ഷത്തിന് ശേഷം 2020 ല്‍ രാജിവെച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അദ്ദേഹം ജര്‍മ്മനിയിലെത്തി.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം തന്റേതാണെന്നും, പിസ വില്‍പ്പനയ്ക്ക് പുറമെ, ലിഫെറാന്‍ഡോ എന്ന ഫുഡ് ഡെലിവറി സര്‍വീസസില്‍ ഡ്രൈവറായി ജോലി നോക്കുന്നതായി സയീദ് അഹമ്മദ് ഷാ സാദത്ത് പറയുന്നു.

കമ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക് എഞ്ചിനീയറിങ് എന്നിവയില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും രണ്ട് മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട് അഹമ്മദ് ഷാ. അഷ്റഫ് ഗനി സര്‍ക്കാരിന്റെ പതനത്തില്‍ ദുഖമുണ്ടെന്നും, അത് വളരെ വേഗത്തിലായിപ്പോയെന്നും, പ്രതീക്ഷിച്ചില്ലെന്നും സയീദ് അഹമ്മദ് ഷാ സാദത്ത് പ്രതികരിച്ചു.

കാബൂൾ: 15 വയസ് കഴിഞ്ഞ അവിവാഹിതകളായ പെൺകുട്ടികളെ തേടി താലിബാൻ ഭീകരർ അഫ്ഗാനിസ്താനിലെ വീടുകളിൽ പരിശോധന തുടങ്ങിയെന്ന് റിപ്പോർട്ട്. വിദേശ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പതിനഞ്ചുവയസ് തികഞ്ഞ വിവാഹം കഴിക്കാത്ത സ്ത്രീകളുണ്ടോയെന്ന് വീടുകൾ തോറും കയറി ഇറങ്ങി തിരക്കുകയാണ് താലിബാനെന്നാണ് കാബൂളിൽ നിന്നും രക്ഷപ്പെട്ട മാദ്ധ്യമ പ്രവർത്തകൻ ഹോളി മെക്കയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അവർ ഇസ്ലാമിന്റെ സംരക്ഷകരും വൈദേശിക ശക്തിയിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചവരും രക്ഷകരുമാണെന്ന് ആദ്യം വീട്ടുകാരോട് പറയും. അതിന് ശേഷം പെൺകുട്ടികളുടെ പിതാക്കന്മാരോട് അവരുടെ പെൺമക്കളെ വിവാഹം ചെയ്ത് നൽകാൻ താലിബാൻ ഭീകരർ ആവശ്യപ്പെടും. അവരുടെ കൂടെയുള്ള താലിബാൻ മുല്ലയുടെ ഭാര്യമാരായാണ് പെൺകുട്ടികളെ ആവശ്യപ്പെട്ടത് എന്നും ഫരിഹാ എസ്സർ എന്ന യുവതിയുടെ വാക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ടിൽ വിശദമാക്കുന്നു.

ഇത്തരത്തിൽ വിവാഹിതയായ സ്ത്രീകളിൽ ഒരു പെൺകുട്ടിയെ വിവാഹം കഴിഞ്ഞയുടൻ താലിബാൻ ഭീകരർ ദൂരേക്ക് കൊണ്ടുപോയി. ആ പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ കൂടാതെ മറ്റു നാലുപേർ കൂടി ക്രൂരമായി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം മനസിലാക്കിയ പെൺകുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. തുടർന്ന് പിതാവ് ബാക്കിയുള്ള പെൺകുട്ടികളുമായി അഫ്ഗാനിൽ നിന്നും പലായനം ചെയ്തു. ഇത്തരത്തിൽ താലിബാന്റെ നിർബന്ധിത വിവാഹം ലക്ഷക്കണക്കിന് അഫ്ഗാൻ പെൺകുട്ടികളുടെ ജീവിതമാണ് ഇരുട്ടിലാക്കിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കറാച്ചി: താലിബാനുമായുള്ള പാകിസ്താന്റെ അടുത്ത ബന്ധം തുറന്നു കാട്ടി തെഹ്രീക്-ഇ-ഇൻസാഫ് നേതാവ്. ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫിന്റെ വനിതാ നേതാവ് നീലം ഇർഷാദ് ഷെയ്ക്ക് താലിബാനുമായുള്ള ബന്ധം തുറന്നു കാട്ടിയത്. കശ്മീരിൽ ഉൾപ്പടെയുള്ള അവരുടെ ഇന്ത്യാ വിരുദ്ധ അജണ്ടയെ കുറിച്ചും നീലം ഇർഷാദ് വെളിപ്പെടുത്തി.

പാകിസ്താൻ താലിബാൻ സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും വനിതാ നേതാവ് പുറത്തുവിട്ടിരുന്നു. താലിബാൻ പറയുന്നത് അവർ തങ്ങളോടൊപ്പമാണെന്നും കശ്മീരിൽ തങ്ങളെ സഹായിക്കുമെന്നുമാണെന്ന് നീലം ഇർഷാദ് ഷെയ്ക്ക് വ്യക്തമാക്കി. താലിബാൻ ഞങ്ങളെ സഹായിക്കും. കാരണം ഇന്ത്യ താലിബാനോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നീലം ഇർഷാദ് വിശദമാക്കി.

താലിബാന് വേണ്ട സഹായങ്ങളും പിന്തുണയും നൽകുന്നത് പാകിസ്താനാണെന്ന് നേരത്തേ അഫ്ഗാൻ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ ആരോപിച്ചിരുന്നു. അഫ്ഗാനിലെ അഷ്‌റഫ് ഘനി സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ നൂറുകണക്കിന് പാകിസ്ഥാനികളെയാണ് ആയുധങ്ങൾ നൽകി അതിർത്തി കടത്തിയതെന്ന വിമർശനങ്ങൾ ശക്തമായിരുന്നു. അഫ്ഗാൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത അത്യന്താധുനിക ആയുധങ്ങൾ കൈവശമുള്ള താലിബാൻ ഭീകരരെ ഇന്ത്യക്കെതിരെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താൻ എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ന്യൂഡല്‍ഹി: അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി. ഇനി മുതല്‍ ഇ വിസയ്ക്ക് മാത്രമേ അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അഫ്ഗാന്‍ പൗരന്‍മാരുടെ ഇന്ത്യന്‍ വിസയുള്ള പാസ്‌പോര്‍ട്ടുകള്‍ ഭീകരര്‍ മോഷ്ടിച്ചെന്ന സൂചനയെ തുടര്‍ന്നാണ് പഴയ വിസകള്‍ റദ്ദാക്കിയത്. അതേസമയം, അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അവിടെ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരിച്ചെത്തുന്ന എല്ലാവര്‍ക്കും രണ്ടാഴ്ച നിരീക്ഷണവും നിര്‍ബന്ധമാക്കിയേക്കും.

എന്നാല്‍, അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ രാജ്യംവിട്ടു പോകുന്നത് താലിബാന്‍ വിലക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്ക് പോകാന്‍ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അനുമതിയില്ലെന്ന് താലിബാന്‍ വക്താവ് വ്യക്തമാക്കി. അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം ഓഗസ്റ്റ് 31ന് ശേഷം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടും താലിബാന്‍ ആവര്‍ത്തിച്ചു.

അമേരിക്കയ്ക്ക് അവരുടെ പൗരന്‍മാരെയും ഉദ്യോഗസ്ഥരെയും കൊണ്ടുപോകാം. അഫ്ഗാന്‍ പൗരന്‍മാരെ കൊണ്ടുപോകുന്ന നയം മാറ്റണമെന്നും ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ അടക്കമുളള പ്രൊഫഷണലുകളെ കൊണ്ടുപോകരുതെന്നും താലിബാന്‍ ആവശ്യപ്പെട്ടു.

കാബൂൾ: താലിബാൻ ഭീകരർ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കി വേൾഡ് ബാങ്ക്. സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്നതടക്കം നിരവധി വിഷയങ്ങൾ ആശങ്കാജനകമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. അഫ്ഗാനിലേക്കുള്ള സഹായം ലോക ബാങ്ക് താൽക്കാലികമായി അവസാനിപ്പിച്ചതായി ബാങ്ക് വക്താവും അറിയിച്ചിട്ടുണ്ട്.

അഫ്ഗാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ അവസ്ഥയെക്കുറിച്ചും രാജ്യത്തിന്റെ വികസന സാധ്യതകളെ ബാധിക്കുന്നതിനെക്കുറിച്ചും പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചും തങ്ങൾ വളരെയധികം ആശങ്കാകുലരാണ്. കഠിന പ്രയത്നത്തിലൂടെ കൈവരിച്ച വികസന നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള മാർഗങ്ങൾ ആലോചിച്ചു വരികയാണെന്നും ബാങ്ക് വിശദമാക്കി. അഫ്ഗാനിസ്താനിൽ രണ്ട് ഡസനിലധികം പദ്ധതികളിൽ ലോകബാങ്ക് സഹായമുണ്ട്. കൂടാതെ 2002 മുതൽ 5.3 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെന്നും താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിൽ ഉള്ള വേൾഡ് ബാങ്ക് ജീവനക്കാരെ ഒഴിപ്പിച്ചതായും ബാങ്ക് അധികൃതർ കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ: ഓഗസ്റ്റ് 31 നുള്ളിൽ അഫ്ഗാനിൽ നിന്നും പിന്മാറാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജി 7 നേതാക്കളോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. പിന്മാറ്റം എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നുവോ തങ്ങൾക്ക് അത്രയും നല്ലതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിൽ അമേരിക്കയ്ക്ക് ഒപ്പമുണ്ടായിരുന്നു രാജ്യങ്ങളുടെ ഒഴിപ്പിക്കലും ഇതിനിടയിൽ പൂർത്തിയാവും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കൽ നടപടികൾക്ക് താലിബാൻ സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തങ്ങളുടെ ആളുകളെ പുറത്തുകൊണ്ടുവരാനുളള നടപടികൾ താലിബാൻ സ്വീകരിച്ചു. അവരുടെ പ്രവൃത്തികളിൽ നിന്ന് അന്താരാഷ്ട്ര സമൂഹം താലിബാനെ വിലയിരുത്തുമെന്നും അദ്ദേഹം വിശദമാക്കി. താലിബാനും അമേരിക്കൻ ചാര സംഘടനയായ സി ഐ എയും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടന്നുവെന്ന് റിപ്പോർട്ട് പുറത്തുവന്നെങ്കിലും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദിൻ ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാൽ ഈ വാർത്ത ഏറെകുറി സ്ഥിരീകരിക്കുന്നതാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനകൾ.

അതേസമയം ഒരു കാരണവശാലും പിന്മാറാനുളള സമയം നീട്ടിനൽകില്ലെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. ഈ മാസം 31 കഴിഞ്ഞും രാജ്യത്ത് തുടരാനാണ് അമേരിക്കയുടെ പദ്ധതിയെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.