15 വയസ് കഴിഞ്ഞ അവിവാഹിതകളായ പെൺകുട്ടികളെ തേടി താലിബാൻ ഭീകരർ അഫ്ഗാനിസ്താനിലെ വീടുകളിൽ പരിശോധന നടത്തുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

കാബൂൾ: 15 വയസ് കഴിഞ്ഞ അവിവാഹിതകളായ പെൺകുട്ടികളെ തേടി താലിബാൻ ഭീകരർ അഫ്ഗാനിസ്താനിലെ വീടുകളിൽ പരിശോധന തുടങ്ങിയെന്ന് റിപ്പോർട്ട്. വിദേശ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പതിനഞ്ചുവയസ് തികഞ്ഞ വിവാഹം കഴിക്കാത്ത സ്ത്രീകളുണ്ടോയെന്ന് വീടുകൾ തോറും കയറി ഇറങ്ങി തിരക്കുകയാണ് താലിബാനെന്നാണ് കാബൂളിൽ നിന്നും രക്ഷപ്പെട്ട മാദ്ധ്യമ പ്രവർത്തകൻ ഹോളി മെക്കയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അവർ ഇസ്ലാമിന്റെ സംരക്ഷകരും വൈദേശിക ശക്തിയിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചവരും രക്ഷകരുമാണെന്ന് ആദ്യം വീട്ടുകാരോട് പറയും. അതിന് ശേഷം പെൺകുട്ടികളുടെ പിതാക്കന്മാരോട് അവരുടെ പെൺമക്കളെ വിവാഹം ചെയ്ത് നൽകാൻ താലിബാൻ ഭീകരർ ആവശ്യപ്പെടും. അവരുടെ കൂടെയുള്ള താലിബാൻ മുല്ലയുടെ ഭാര്യമാരായാണ് പെൺകുട്ടികളെ ആവശ്യപ്പെട്ടത് എന്നും ഫരിഹാ എസ്സർ എന്ന യുവതിയുടെ വാക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ടിൽ വിശദമാക്കുന്നു.

ഇത്തരത്തിൽ വിവാഹിതയായ സ്ത്രീകളിൽ ഒരു പെൺകുട്ടിയെ വിവാഹം കഴിഞ്ഞയുടൻ താലിബാൻ ഭീകരർ ദൂരേക്ക് കൊണ്ടുപോയി. ആ പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ കൂടാതെ മറ്റു നാലുപേർ കൂടി ക്രൂരമായി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം മനസിലാക്കിയ പെൺകുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. തുടർന്ന് പിതാവ് ബാക്കിയുള്ള പെൺകുട്ടികളുമായി അഫ്ഗാനിൽ നിന്നും പലായനം ചെയ്തു. ഇത്തരത്തിൽ താലിബാന്റെ നിർബന്ധിത വിവാഹം ലക്ഷക്കണക്കിന് അഫ്ഗാൻ പെൺകുട്ടികളുടെ ജീവിതമാണ് ഇരുട്ടിലാക്കിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.