ബെര്‍ലിന്‍: താലിബാന്റെ ഭീകരപ്രവര്‍ത്തനത്തിന്റെ ഇരയായി അഫ്ഗാനിസ്ഥാനിലെ മുന്‍ മന്ത്രി ഇന്ന് സൈക്കളില്‍ പിസ ഡെലിവറി ചെയ്ത് കഴിയുന്നു. അഷ്റഫ് ഗനി സര്‍ക്കാരിന്റെ കീഴില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന സയീദ് അഹമ്മദ് ഷാ സാദത്ത് ആണ് ജര്‍മ്മനിയില്‍ പിസ ഡെലിവറി ചെയ്ത് ജീവിതം നയിക്കുന്നത്.
സയീദ് അഹമ്മദ് ഷാ സാദത്ത് സൈക്കിളില്‍ സൈക്കിളില്‍ പിസ ഡെലിവറിക്കായി പോകുന്നതിന്റെ ചിത്രം ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് ക്യാമറയില്‍ പകര്‍ത്തിയത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.
2018 ല്‍ അഷ്റഫ് ഗനിയുടെ സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജി വകുപ്പ് മന്ത്രിയായിരുന്നു സയീദ് അഹമ്മദ് ഷാ സാദത്ത്. രണ്ടു വര്‍ഷത്തിന് ശേഷം 2020 ല്‍ രാജിവെച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അദ്ദേഹം ജര്‍മ്മനിയിലെത്തി.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം തന്റേതാണെന്നും, പിസ വില്‍പ്പനയ്ക്ക് പുറമെ, ലിഫെറാന്‍ഡോ എന്ന ഫുഡ് ഡെലിവറി സര്‍വീസസില്‍ ഡ്രൈവറായി ജോലി നോക്കുന്നതായി സയീദ് അഹമ്മദ് ഷാ സാദത്ത് പറയുന്നു.
കമ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക് എഞ്ചിനീയറിങ് എന്നിവയില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും രണ്ട് മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട് അഹമ്മദ് ഷാ. അഷ്റഫ് ഗനി സര്‍ക്കാരിന്റെ പതനത്തില്‍ ദുഖമുണ്ടെന്നും, അത് വളരെ വേഗത്തിലായിപ്പോയെന്നും, പ്രതീക്ഷിച്ചില്ലെന്നും സയീദ് അഹമ്മദ് ഷാ സാദത്ത് പ്രതികരിച്ചു.

