താലിബാന്റെയും കൂട്ടരുടെയും പുതിയ ലക്ഷ്യം ആഫ്രിക്ക! സാധ്യതകൾ ഇങ്ങനെ

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ പല തരത്തിലുള്ള അഭിപ്രായങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. താലിബാന്റെ വിജയം ലോകമെങ്ങുമുള്ള ഭീകരസംഘങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ. ദുർബലമായ രാജ്യങ്ങളെ പിടിയിലാക്കാനുമുള്ള ഊർജമാണ് അത്തരം ഗ്രൂപ്പുകൾക്ക് താലിബാൻ വിജയം നൽകുന്നതെന്നും വിലയിരുത്തലുണ്ട്.

അതിനാൽ തന്നെ ലോകരാജ്യങ്ങളെല്ലാം ആഫ്രിക്കയിലേക്കാണ് ഉറ്റുനോക്കുന്നത്. താലിബാന്റെയും കൂട്ടരുടെയും പുതിയ ലക്ഷ്യം ആഫ്രിക്കയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന താലിബാനോടും അൽഖാദയോടും ഇസ്ലാമിക് സ്റ്റേറ്റിനോടും അടുത്ത ബന്ധമുള്ള ഭീകരസംഘടനകൾ പുതിയ അവസരം മുതലെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. താരതമ്യേന ദുർബലമായ ഭരണകൂടങ്ങളാണ് മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലുമുള്ളത്. ദാരിദ്ര്യം, അഴിമതി, വികസനമില്ലായ്മ, ആഭ്യന്തര സംഘർഷങ്ങൾ, വംശീയ-ഗോത്ര പ്രതിസന്ധികൾ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ ഇവിടെയുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സഹായം ഉൾപ്പെടെയുള്ളവ കൊണ്ട് മാത്രമാണ് മിക്ക രാജ്യങ്ങളും ഇപ്പോഴും നിലനിന്ന് പോകുന്നത്.

അമേരിക്ക അടക്കമുള്ള വിദേശ ശക്തികൾ തങ്ങളുടെ സൈനിക -സാമ്പത്തിക സഹായങ്ങൾ നിർത്തുന്നതോടെ ഇവിടങ്ങളിലെ ഭരണകൂടങ്ങൾ കൂടുതൽ ദുർബലമാവും. ഇതോടെ ആഫ്രിക്കൻ ഭരണകൂടങ്ങളെ ഭയപ്പെടുത്തി മുന്നോട്ടുപോവാൻ കഴിയുമെന്നാണ് ഭീകരസംഘടനകളുടെ പ്രതീക്ഷ.

നൈജീരിയ കേന്ദ്രമായി പ്രവർത്തിക്കുന്ന സലഫി ജിഹാദി സംഘടനയായ ബോക്കോ ഹറം മുതൽ സോമാലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ശബാബ് വരെ പുതിയ സാഹചര്യങ്ങൾ ഉപയോഗിച്ച് തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുമെന്നാണ് വിവരം. താലിബാനുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനകളാണിത്.