താലിബാനുമായുള്ള പാകിസ്താന്റെ അടുത്ത ബന്ധം തുറന്നു കാട്ടി ഇമ്രാൻ ഖാന്റെ പാർട്ടിയുടെ നേതാവ്

കറാച്ചി: താലിബാനുമായുള്ള പാകിസ്താന്റെ അടുത്ത ബന്ധം തുറന്നു കാട്ടി തെഹ്രീക്-ഇ-ഇൻസാഫ് നേതാവ്. ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫിന്റെ വനിതാ നേതാവ് നീലം ഇർഷാദ് ഷെയ്ക്ക് താലിബാനുമായുള്ള ബന്ധം തുറന്നു കാട്ടിയത്. കശ്മീരിൽ ഉൾപ്പടെയുള്ള അവരുടെ ഇന്ത്യാ വിരുദ്ധ അജണ്ടയെ കുറിച്ചും നീലം ഇർഷാദ് വെളിപ്പെടുത്തി.

പാകിസ്താൻ താലിബാൻ സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും വനിതാ നേതാവ് പുറത്തുവിട്ടിരുന്നു. താലിബാൻ പറയുന്നത് അവർ തങ്ങളോടൊപ്പമാണെന്നും കശ്മീരിൽ തങ്ങളെ സഹായിക്കുമെന്നുമാണെന്ന് നീലം ഇർഷാദ് ഷെയ്ക്ക് വ്യക്തമാക്കി. താലിബാൻ ഞങ്ങളെ സഹായിക്കും. കാരണം ഇന്ത്യ താലിബാനോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നീലം ഇർഷാദ് വിശദമാക്കി.

താലിബാന് വേണ്ട സഹായങ്ങളും പിന്തുണയും നൽകുന്നത് പാകിസ്താനാണെന്ന് നേരത്തേ അഫ്ഗാൻ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ ആരോപിച്ചിരുന്നു. അഫ്ഗാനിലെ അഷ്‌റഫ് ഘനി സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ നൂറുകണക്കിന് പാകിസ്ഥാനികളെയാണ് ആയുധങ്ങൾ നൽകി അതിർത്തി കടത്തിയതെന്ന വിമർശനങ്ങൾ ശക്തമായിരുന്നു. അഫ്ഗാൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത അത്യന്താധുനിക ആയുധങ്ങൾ കൈവശമുള്ള താലിബാൻ ഭീകരരെ ഇന്ത്യക്കെതിരെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താൻ എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.