പാകിസ്താനെ രണ്ടാമത്തെ വീടായാണ് കാണുന്നത്; ബന്ധം ദൃഢമാക്കാനാണ് ആലോചിക്കുന്നതെന്ന് താലിബാൻ വക്താവ്

കാബൂൾ: പാകിസ്താനുമായുള്ള ബന്ധം തുറന്നു കാട്ടി താലിബാൻ നേതാവ്. പാകിസ്താനെ തങ്ങളുടെ രണ്ടാമത്തെ വീടായാണ് കാണുന്നതെന്ന് താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്താൻ. പരമ്പരാഗതമായി തങ്ങൾ സൗഹൃദത്തിലാണ് കഴിയുന്നതെന്ന് സാബിഹുള്ള മുജാഹിദ് പറഞ്ഞു.

ഇരുരാജ്യങ്ങളിലെ ജനങ്ങളും മതപരമായി യോജിച്ചുപോരുന്നവരാണ്. പാകിസ്താനുമായുള്ള ബന്ധം ദൃഢമാക്കാനാണ് ആലോചിക്കുന്നതെന്നും സാബിഹുള്ള മുജാഹിദ് അഭിപ്രായപ്പെട്ടു. പാക് മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സാബിഹുള്ള മുജാഹിദിന്റെ പ്രതികരണം.

അഫ്ഗാൻ ജനതയുടെ താത്പര്യമനുസരിച്ച് ഇന്ത്യ അവരുടെ നയം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച നടത്തണമെന്ന് താലിബാൻ വക്താവ് ആവശ്യപ്പെട്ടു. എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. പാകിസ്താനും ഇന്ത്യയും അയൽരാജ്യക്കാരായതുകൊണ്ടുതന്നെ ഇരുവരുടെയും താത്പര്യങ്ങളിൽ സമാനതയുണ്ടാകുമെന്നും സാബിഹുള്ള മുജാഹിദ് വിശദമാക്കി.

മുഴുവൻ അഫ്ഗാൻ പൗരന്മാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ശക്തമായ ഒരു ഇസ്ലാം രാജ്യമായി അഫ്ഗാനെ മാറ്റുമെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും സാബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു.