International (Page 196)

ടോക്കിയോ: ഒളിംപിക്സ് ആരവങ്ങള്‍ക്ക് പിന്നാലെ ടോക്കിയോയില്‍ പാരാലിംപിക്സ് മത്സരങ്ങള്‍ക്ക് തിരി തെളിഞ്ഞു. നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഷോട്ട് പുട്ട് താരം തേക് ചന്ദാണ് ഇന്ത്യന്‍ പതാകയേന്തിയത്. ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

നേരത്തെ പതാക വഹിക്കാന്‍ തീരുമാനിച്ചിരുന്ന റിയോ പാരാലിംപിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു കൊവിഡ് പൊസറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് തേക് ചന്ദിനെ ഇന്ത്യയുടെ പതാകവാഹകനായി തെരഞ്ഞെടുത്തത്. കൊവിഡ് പോസറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മാരിയപ്പന്‍ തങ്കവേലുവിന് പുറമെ ഇന്ത്യയുടെ മറ്റ് അഞ്ച് കായികതാരങ്ങള്‍ കൂടി ഐസൊലേഷനിലാണ്.

54 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരാലിംപിക്സില്‍ പങ്കെടുക്കുന്നത്. 1968ല്‍ ആദ്യമായി പാരാലിംപിക്സില്‍ പങ്കെടുത്തത് മുതല്‍ നാലു സ്വര്‍ണവും നാലു വെള്ളിയും നാലു വെങ്കലവും അടക്കം 12 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.

2016ല്‍ റിയോയില്‍ നടന്ന പാരാലിംപിക്സില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും അടക്കം നാലു മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.

അതേസമയം, മാര്‍ച്ച് പാസ്റ്റില്‍ അഫ്ഗാനെ പ്രതിനിധീകരിച്ച് വളന്റിയര്‍മാരാണ് പങ്കെടുത്തത്. താലിബാന്‍ ഭരണത്തെ തുടര്‍ന്ന് അഫ്ഗാന്‍ താരങ്ങള്‍ക്ക് പാരാലിംപിക്സിന് എത്തിയിട്ടില്ല.

കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ രാജ്യം വിട്ടു. വനിതാ ടീം അംഗങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെ 75 പേരടങ്ങുന്ന സംഘമാണ് രക്ഷാദൗത്യത്തിനെത്തിയ ഓസ്‌ട്രേലിയന്‍ വിമാനത്തില്‍ കയറി രാജ്യം വിട്ടത്.

വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങളെ രാജ്യം വിടാന്‍ സഹായിച്ചതിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് ഗ്ലോബല്‍ ഫുട്‌ബോള്‍ പ്ലേയേഴ്‌സ് യൂണിയന്‍ നന്ദി അറിയിച്ചു.

2007ലാണ് അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്‌ബോള്‍ ടീം നിലവില്‍ വന്നത്. എന്നാല്‍ യുഎസ് സഖ്യസേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറുകയും താലിബാന്‍ ഭരണം പിടിക്കുകയും ചെയ്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ വനിതാ ഫു്ടബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഖാലിദ പോപല്‍ താലിബാനില്‍ നിന്ന് പ്രതികാര നടപടിയുണ്ടാവുമെന്ന ആശങ്ക പങ്കുവെച്ചതിനൊപ്പം സുരക്ഷ മുന്‍നിര്‍ത്തി കളിക്കാരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിര്‍ജ്ജീവമാക്കാനും വിവരങ്ങള്‍ മായ്ച്ചു കളയാനും നിര്‍ദേശം നല്‍കിയിരുന്നു.

കളിക്കാര്‍ സുരക്ഷിതരായി രാജ്യം വിട്ടതോടെ നിര്‍ണായക വിജയം നേടിയതായി ഖാലിദ പോപല്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ശരിക്കും സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. എന്നാല്‍ ഇന്ന് നിര്‍ണായക വിജയം നേടാനായെന്നും ഖാലിദ ചൂണ്ടിക്കാട്ടി.

ആശങ്കകള്‍ക്കിടയിലും ധൈര്യത്തോടെയിരുന്ന വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് വിദേശത്ത് മികച്ചൊരു ഭാവി ഉണ്ടാവട്ടെയെന്നും പോപല്‍ പറഞ്ഞു. അഫ്ഗാന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും ജൂനിയര്‍ ടീമുകളുടെ പരിശീലകയുമായിരുന്ന പോപല്‍ താലിബാന്‍ ഭീഷണിയെത്തുടര്‍ന്ന് 2016ല്‍ ഡെന്‍മാര്‍ക്കില്‍ അഭയം തേടിയിരുന്നു.

ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി പോപ്പ് താരം ആര്യാന സയീദ്. അഫ്ഗാനിസ്താനിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം പാകിസ്താനാണെന്നാണ് താരം പറയുന്നത്. അഫ്ഗാനിസ്താനിൽ നിന്ന് രക്ഷപ്പെട്ട വ്യക്തിയാണ് ആര്യാന സയീദ്.

താലിബാന് പണവും സൗകര്യവുമെത്തിക്കുന്നത് പാകിസ്താനാണെന്ന് ആര്യാന കുറ്റപ്പെടുത്തുന്നു. തന്റെ രാജ്യത്തിന് നേരിട്ട ഈ പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നും താരം അഭ്യർത്ഥിച്ചു. അഫ്ഗാനിസ്താനിലെ പ്രധാന പ്രശ്നങ്ങൾക്കെല്ലാം കാരണം പാകിസ്താനാണ്. താലിബാന് പാകിസ്താൻ ധനസഹായം ചെയ്യുന്നുണ്ടെന്ന് ഇപ്പോൾ തങ്ങൾക്കെല്ലാം അറിയാമെന്ന് ആര്യാന സയീദ് വ്യക്തമാക്കി.

താലിബാൻ തീവ്രവാദികൾക്ക് പരിശീലനം നൽകുന്നത് പാകിസ്താനിലാണ്. കുറച്ച് ദിവസം കൊണ്ട് അഫ്ഗാൻ മുഴുവൻ താലിബാൻ പിടിച്ചടക്കിയത് വിശ്വസിക്കാനാവുന്നില്ല. രണ്ട് പതിറ്റാണ്ട് അഫ്ഗാനിൽ തുടർന്ന ശേഷം പെട്ടെന്ന് അമേരിക്ക പിന്മാറിയത് തങ്ങളെ ഞെട്ടിച്ചു. അഫ്ഗാനിലെ സ്ത്രീകളും കുട്ടികളും അവർ അർഹിക്കാത്ത പ്രശ്നങ്ങളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ആര്യാന കൂട്ടിച്ചേർത്തു.

കാബുള്‍: താലിബാന്റെ ഭരണത്തിനു കീഴിലായ അഫ്ഗാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന രക്ഷാദൗത്യത്തിന് പേര് നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ ദേവി ശക്തി’ എന്നാണ് ദൗത്യത്തിന് നല്‍കിയിരിക്കുന്ന പേര്. വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് 78 പേരെയാണ് അഫ്ഗാനില്‍ നിന്ന് നാട്ടിലെത്തിച്ചത്. മലയാളിയായ സിസ്റ്റര്‍ തെരേസ, ക്രാസ്ത സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ എട്ട് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ സംഘത്തില്‍ 25 ഇന്ത്യക്കാരും അഫ്ഗാനിലെ സിഖ് വംശജരും ഉള്‍പ്പെടുന്നു. ഓഗസ്റ്റ് 16-ാം തീയതിയാണ് ഇന്ത്യ അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ആയിരക്കണക്കിന് ആളുകളാണ് രക്ഷതേടി കാബൂള്‍ വിമാനത്താവളത്തിലെത്തിയിരിക്കുന്നത്. ഇതുവരെ 800 പേരെ ദൗത്യത്തിലൂടെ ഇന്ത്യയിലെത്തിച്ചു.

ന്യൂഡൽഹി: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതോടെ ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സർക്കാർ. അഫ്ഗാനിൽ നിന്നും ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ പൗരന്മാരെ രക്ഷിക്കാൻ ഏറ്റവും അധികം സഹായിച്ചത് താജിക്കിസ്താനിലെ ഇന്ത്യയുടെ സൈനിക വിമാനത്താവളമാണ്.

ജിസ്സാർ മിലിട്ടറി എയറോഡ്രാം എന്ന ഇന്ത്യൻ വിമാനത്താവളം താജിക്കിസ്താന്റെ തലസ്ഥാനമായ ദുഷാൻബെയുടെ സമീപത്തുള്ള അയ്‌നി എന്ന ചെറിയ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും താജിക്കിസ്ഥാനും സംയുക്തമായാണ് കഴിഞ്ഞ ഇരുപതു വർഷത്തോളമായി വിമാനത്താവളത്തിന്റെ പ്രവർത്തനം നടത്തുന്നത്.

എന്നാൽ അഫ്ഗാനിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഈ വിമാനത്താവളത്തെ കുറിച്ചും ഇതിന്റെ പ്രധാന്യത്തെ കുറിച്ചുമുള്ള ചർച്ചകൾ സജീവമായത്. കാബൂളിലെ വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ പൗരന്മാരുമായി പറന്നുയർന്ന വിമാനങ്ങൾ അയ്‌നി വിമാനത്താവളത്തിലാണ് ഇറക്കിയത്. ഇവിടെ നിന്നാണ് എയർ ഇന്ത്യയുടെ വിമാനങ്ങളിൽ യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. കുറച്ചു സമയം കൊണ്ട് നിരവധി പേരെ അഫ്ഗാൻ മണ്ണിൽ നിന്നും രക്ഷിക്കുവാൻ ഇന്ത്യക്ക് കഴിഞ്ഞത് ഈ രീതിയിലാണ്.

2002 ലാണ് അയ്‌നി വിമാനത്താവളത്തിന്റെ നടത്തിപ്പിൽ ഇന്ത്യയും പങ്കാളികളാകുന്നത്. അയ്‌നി വിമാനത്താവളത്തിന്റെ നവീകരണത്തിനു വേണ്ടി 740.95 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചത്. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടേയും പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെയും ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഇന്നത്തെ അയ്‌നി വിമാനത്താവളം.

ദുബായ്: അഫ്ഗാന്‍ നിയന്ത്രണം പിടിച്ചടക്കിയ താലിബാനു കീഴില്‍ നില്‍ക്കാന്‍ ടീം അംഗങ്ങള്‍ക്ക് ഭയമുണ്ടെന്ന് ക്രിക്കറ്റ് താരം നവീനുല്‍ ഹഖ്. ക്രിക്കറ്റില്‍ ഇടപെടില്ലെന്ന് താലിബാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്നും നവീനുല്‍ പറഞ്ഞു.

സഹതാരങ്ങളുടെ കണ്ണുകളിലും ശബ്ദത്തിലുമൊക്കെ ഭയം നിറഞ്ഞിരിക്കുന്നു, അവരുടെ സന്ദേശങ്ങളിലും ഭയം കാണാം. കായികതാരങ്ങളെ ഒരു തരത്തിലും ഉപദ്രവിക്കില്ലെന്ന് താലിബാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും, ആര്‍ക്കും ഒന്നുമറിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ജനങ്ങളെ സന്തോഷവാന്മാരാക്കുന്നത് ക്രിക്കറ്റാണ്, അത് അഫ്ഗാനിസ്ഥാന് വളരെ പ്രാധാന്യമുള്ള കാര്യവുമാണ്, ക്രിക്കറ്റ് എന്നാല്‍ അഫ്ഗാന്‍ ജനതക്ക് ഒരു ഗെയിം മാത്രമല്ല, പ്രശ്നങ്ങളെപ്പറ്റി ഒന്നോരണ്ടോ മിനിട്ട് മറന്ന് ക്രിക്കറ്റ് മാത്രം ശ്രദ്ധിക്കും. പക്ഷേ, പ്രശ്നങ്ങള്‍ വീണ്ടും മനസ്സിലേക്കെത്തും. രാജ്യം ഇങ്ങനെ പ്രശ്നത്തില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ക്രിക്കറ്റ് മാത്രം ശ്രദ്ധിക്കാന്‍ കഴിയില്ലെന്നും നവീനുല്‍ ഹഖ് ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി ചര്‍ച്ച നടത്തി. അഫ്ഗാന്‍ ഭരണം താലിബാന്റെ കീഴിലായ സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ഇരുരാഷ്ട്ര നേതാക്കളും ടെലിഫോണിലൂടെ 45 മിനിറ്റോളം സംസാരിച്ചു.

അഫ്ഗാന്‍ വിഷയത്തോടൊപ്പം കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യ- റഷ്യ സഹകരണവും ചര്‍ച്ചയായി. സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച തുടരാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓദ്യോഗികമായി ട്വീറ്റ് ചെയ്തു.

അഫ്ഗാനിലെ സുരക്ഷാ സാഹചര്യം, കോവിഡ് വാക്സിന്‍ ഉത്പാദനത്തിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം ജര്‍മന്‍ ചാന്‍സലര്‍ അഞ്ജല മെര്‍ക്കലുമായും മോദി ചര്‍ച്ച ചെയ്തിരുന്നു.

അഫ്ഗാന്‍ നിയന്ത്രണം താലിബാന്റെ പിടിയിലായ സാഹചര്യത്തില്‍ എംഡിഎംഎ (മീഥെയിന്‍ ഡയോക്‌സി മെത്താഫിറ്റാമിന്‍) ലഹരി മരുന്നിന്റെ ഉല്‍പാദനവും വിപണനവും സംബന്ധിച്ച് ആശങ്കയിലാണ് ലോകം. ഈ ലഹരി മരുന്നിന്റെ പ്രധാന അസംസ്‌കൃതവസ്തുവായ അഫേഡ്ര വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്നതും വിവിധരാജ്യങ്ങളിലേക്ക് എത്തിക്കുന്നതും താലിബാന്റെ നേതൃത്വത്തിലാണെന്നാണ് വിവിധ ഏജന്‍സികള്‍ പറയുന്നത്. ദേശീയ നര്‍ക്കോട്ടിക് ബ്യൂറോയുടെ ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ 222 ജില്ലകളില്‍ ഈ ലഹരിമരുന്നതിന്റെ ഉപയോഗം വലിയതോതില്‍ വര്‍ധിച്ചു. അതില്‍ കൂടുതല്‍ കേരളത്തിലാണെന്നും ബ്യൂറോ കേന്ദ്രസാമൂഹികക്ഷേമ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അഫ്ഗാനിസ്ഥാനിലെ ഉള്‍ഗ്രാമങ്ങളില്‍ വിപുലമായി കാണപ്പെടുന്ന അഫേഡ്ര എന്ന ചെടിയില്‍ നിന്നാണു പൊടിരൂപത്തിലുളള മെത്ത് തയാറാക്കുന്നത്. അഫ്ഗാനില്‍ മാത്രം പ്രതിവര്‍ഷം 6000 ടണ്ണിലധികം മെത്ത് ഉല്‍പാദിപ്പിച്ചെടുക്കുന്നതായാണ് ഏകദേശകണക്ക്. ‘ടാല്‍ക്’ അടക്കം ചില പൊടികള്‍കൂടി ഇതില്‍ ചേര്‍ത്താണ് വില്‍പനയ്‌ക്കെത്തുന്നത്. ഇവ തയാറാക്കാന്‍ സയന്‍സില്‍ ഉന്നത ബിരുദമുള്ളവരുടെ സംഘങ്ങളെ വരെ ഉപയോഗിക്കുന്നു. കാറുകളിലും ചെറിയ മുറികളിലും ഉള്‍പ്പെടെ ഇതിനുള്ള ലാബുകള്‍ (ക്ലന്റസ്റ്റീന്‍ ലാബ്‌സ്) പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചാബ് അതിര്‍ത്തിവഴിയാണ് ഇന്ത്യയിലേക്ക് മെത്ത് കൂടുതലും എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ മെത്തിന്റെ ആവശ്യക്കാര്‍ കൂടിവരുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. എറണാകുളം, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കച്ചവടവും ഉപയാഗിക്കുന്നവരുടെ എണ്ണവും കൂടുതല്‍. കഴിഞ്ഞദിവസം ആഡംബരക്കാറില്‍ കുടുംബമെന്ന വ്യാജേന ‘മെത്ത്’ കടത്തിയ യുവതിയുള്‍പ്പെടെയുള്ള സംഘം പിടിയിലായത് ലഹരിമരുന്നുകളുടെ സംഘടിത കച്ചവടത്തിന്റെ ഒടുവിലത്തെ തെളിവാണ്.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കും വിധമാണ് മെത്ത് പ്രവര്‍ത്തിക്കുക. ഇതു വാങ്ങി ഉപയോഗിക്കാനുള്ള പണം കണ്ടെത്താന്‍ മെത്തിന്റെ കാരിയര്‍മാരായി മാറുന്നവരുടെ എണ്ണവും കൂടിവരികയാണ്. മരുന്നിന് അടിമയായാല്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വളരെ ബുദ്ധിമുട്ടാണ്. ലൈംഗിക ഉത്തേജനം ഉണ്ടാക്കുമെന്നു പ്രചരിപ്പിക്കുന്നതും മെത്തിന്റെ ഉപയോഗവും വില്‍പനയും വര്‍ധിക്കാന്‍ മറ്റൊരുകാരണമായി അധികൃതര്‍ വിലയിരുത്തുന്നു.

വലിയ വിലയാണ് ഈ ലഹരിമരുന്നിന് ഈടാക്കുന്നതെന്നതിനാല്‍ മെത്ത് ഉപയോഗിക്കാന്‍ പണം തേടി ഏതു വിധേനയും അതു കടത്താനും തയാറാകുകയാണ് യുവാക്കള്‍. വെള്ളപ്പൊടിക്ക് ഗ്രാമിന് 12,000 രൂപ വരെയാണ് ആഫ്രിക്കന്‍ വംശജര്‍ വാങ്ങുന്നത്. അത് കേരളത്തിലെത്തിച്ചുവില്‍ക്കുന്നത് 21,000 രൂപയ്ക്കുവരെ. എന്നാല്‍, പിടിയിലാകുന്നവരെ കാത്തിരിക്കുന്നത് കഠിനശിക്ഷയും പിഴയുമാണ്. 0.5 ഗ്രാം മെത്ത് കയ്യിലുണ്ടെങ്കില്‍പ്പോലും, പിടിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് കുറഞ്ഞത് 10 വര്‍ഷം കഠിനതടവാണ് ശിക്ഷ. 10 ഗ്രാമില്‍കൂടിയാല്‍ അത് 20 വര്‍ഷവും. പലപ്പോഴും വന്‍തുക പിഴയായും ചുമത്തും. ലഹരിമരുന്നു വാങ്ങാന്‍ സഹായിച്ചവര്‍ക്ക് അതു തെളിഞ്ഞാല്‍ കിട്ടുന്നത് 20 വര്‍ഷം തടവുശിക്ഷയാണ്.

എംഡിഎംഎയുടെയും, കറുപ്പിന്റെയും ഉല്‍പാദനവും വില്‍പനയും താലിബാന്‍ അവസാനിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്നുതന്നെയാണു കേന്ദ്രആഭ്യന്തരവകുപ്പിന്റെ കീഴിലുളള നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെയും (എന്‍സിബി) കസ്റ്റംസ്, ഇതര ആന്റി നര്‍ക്കോട്ടിക് സെല്ലുകളുടെയും കേരളത്തിലെ എക്‌സൈസ് നര്‍ക്കോട്ടിക് സംഘത്തിന്റെയും പ്രതീക്ഷ. മറിച്ചാണെങ്കില്‍ സ്ഥിതി അതീവ ഗുരുതരമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിന്റെ വരവോടെ പേടിപ്പെടുത്തുന്നവിധത്തിലാണു എം, മെത്ത് എന്നീ കോഡുഭാഷകളില്‍ അറിയപ്പെടുന്ന എംഡിഎംഎ കടത്തും കച്ചവടവും ഉപയോഗവും കേരളത്തില്‍ നടക്കുന്നത്. നാലുവര്‍ഷം മുന്‍പുവരെ വര്‍ഷത്തില്‍ പരമാവധി രണ്ടു മെത്ത് കേസുകളാണ് പിടികൂടിയിരുന്നെങ്കില്‍ ഇപ്പോള്‍ ബെംഗളൂരുവില്‍നിന്നു യുവാക്കളെത്തുന്ന ബൈക്കിലും ആഡംബരകാറുകളിലും വരെ എംഡിഎംഎ പിടിക്കുന്ന സംഭവങ്ങള്‍ ഏറുകയാണ്. കോവിഡിനുശേഷം വാളയാറുമായി ബന്ധപ്പെട്ടുമാത്രം 50 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സൈബര്‍ ലോകത്ത് ക്രിപ്‌റ്റോ കറന്‍സികളുടെ പേരില്‍ തട്ടിപ്പുകള്‍ ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. ആപ്പുകളിലൂടെ ക്രിപ്‌റ്റോ കറന്‍സികള്‍ പരിചയപ്പെടുത്തി നിക്ഷേപം ആകര്‍ഷിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നത്.

ഇത് മുന്‍നിര്‍ത്തി, ക്രിപ്റ്റോകറന്‍സിയുടെ പേരില്‍ ആളുകളെ വഞ്ചിക്കുന്ന 8 വ്യാജ ആപ്പുകള്‍ ഉടന്‍ തന്നെ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്നും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പ്ലേസ്റ്റോറില്‍ നിന്നും ഇതിനോടകം ഗൂഗിള്‍ ഈ ആപ്പുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

അപകടകരമായ മാല്‍വെയറുകള്‍ അടങ്ങുന്ന 8 ആപ്പുകള്‍ ആണ് പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തത്. സുരക്ഷാ സ്ഥാപനമായ ട്രെന്‍ഡ് മൈക്രോയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു റിപ്പോര്‍ട്ടില്‍, ഈ 8 ആപ്ലിക്കേഷനുകള്‍ പരസ്യങ്ങളുടെ മറവില്‍ ആളുകളെ വഞ്ചിക്കുകയാണെന്ന് വ്യക്തമായി. ഇത് മനസിലാക്കിയ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പുകള്‍ നീക്കം ചെയ്യുകയായിരുന്നു.

അപകടകരമായ 8 ആപ്പുകള്‍ ഇവയാണ്

  • ബിറ്റ്ഫണ്ടുകള്‍ – ക്രിപ്‌റ്റോ ക്ലൗഡ് മൈനിംഗ്
  • ബിറ്റ്‌കോയിന്‍ മൈനര്‍ – ക്ലൗഡ് മൈനിംഗ്
  • ബിറ്റ്‌കോയിന്‍ (ബിടിസി) – പൂള്‍ മൈനിംഗ് ക്ലൗഡ് വാലറ്റ്
  • ക്രിപ്‌റ്റോ ഹോളിക് – ബിറ്റ്‌കോയിന്‍ ക്ലൗഡ് മൈനിംഗ്
  • പ്രതിദിന ബിറ്റ്‌കോയിന്‍ റിവാര്‍ഡുകള്‍ – ക്ലൗഡ് അധിഷ്ഠിത മൈനിംഗ് സിസ്റ്റം
  • ബിറ്റ്‌കോയിന്‍ 2021
  • മൈന്‍ ബിറ്റ് പ്രൊ – Crypto Cloud Mining & btc miner
    *(ETH) – പൂള്‍ മൈനിംഗ് ക്ലൗഡ്

കാബൂൾ: താലിബാനെതിരെ തിരിച്ചടിച്ച് അഫ്ഗാൻ സേന. അന്ദറാബ് മേഖലയിൽ താലിബാൻ ഭീകരരും അഫ്ഗാൻ സൈന്യവും തമ്മിൽ പോരാട്ടം നടക്കുന്നത്. ഫജ്‌റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ ജില്ലാ തലവൻ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളായ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്.

അഫ്ഗാൻ സൈന്യത്തിലെ ഒരാളും കൊല്ലപ്പെട്ടു. 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ താലിബാൻ സേന പഞ്ച്ഷീർ പ്രവിശ്യ വളഞ്ഞിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം.

താലിബാന് ഇതുവരെ കീഴടക്കാൻ കഴിയാത്ത മേഖലയാണ് പാഞ്ച്ഷിർ. അഷ്റഫ് ഗനി ഭരണകൂടത്തിലെ ആദ്യ വൈസ് പ്രസിഡന്റ് അമറുല്ല സല ഉൾപ്പെടെയുള്ളവരാണ് പാഞ്ച്ഷിറിൽ താലിബാനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്നത്.