ഓഗസ്റ്റ് 31 നുള്ളിൽ അഫ്ഗാനിൽ നിന്നും പിന്മാറാനുള്ള ശ്രമമാണ് നടക്കുന്നത്; ഒഴിപ്പിക്കൽ നടപടികൾക്ക് താലിബാൻ സഹായം ലഭിക്കുന്നുണ്ടെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ഓഗസ്റ്റ് 31 നുള്ളിൽ അഫ്ഗാനിൽ നിന്നും പിന്മാറാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജി 7 നേതാക്കളോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. പിന്മാറ്റം എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നുവോ തങ്ങൾക്ക് അത്രയും നല്ലതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിൽ അമേരിക്കയ്ക്ക് ഒപ്പമുണ്ടായിരുന്നു രാജ്യങ്ങളുടെ ഒഴിപ്പിക്കലും ഇതിനിടയിൽ പൂർത്തിയാവും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കൽ നടപടികൾക്ക് താലിബാൻ സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തങ്ങളുടെ ആളുകളെ പുറത്തുകൊണ്ടുവരാനുളള നടപടികൾ താലിബാൻ സ്വീകരിച്ചു. അവരുടെ പ്രവൃത്തികളിൽ നിന്ന് അന്താരാഷ്ട്ര സമൂഹം താലിബാനെ വിലയിരുത്തുമെന്നും അദ്ദേഹം വിശദമാക്കി. താലിബാനും അമേരിക്കൻ ചാര സംഘടനയായ സി ഐ എയും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടന്നുവെന്ന് റിപ്പോർട്ട് പുറത്തുവന്നെങ്കിലും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദിൻ ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാൽ ഈ വാർത്ത ഏറെകുറി സ്ഥിരീകരിക്കുന്നതാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനകൾ.

അതേസമയം ഒരു കാരണവശാലും പിന്മാറാനുളള സമയം നീട്ടിനൽകില്ലെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. ഈ മാസം 31 കഴിഞ്ഞും രാജ്യത്ത് തുടരാനാണ് അമേരിക്കയുടെ പദ്ധതിയെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.