അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് നല്‍കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി; ഇനി ഇ വിസയ്ക്ക് മാത്രം അംഗീകാരം !

ന്യൂഡല്‍ഹി: അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി. ഇനി മുതല്‍ ഇ വിസയ്ക്ക് മാത്രമേ അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അഫ്ഗാന്‍ പൗരന്‍മാരുടെ ഇന്ത്യന്‍ വിസയുള്ള പാസ്‌പോര്‍ട്ടുകള്‍ ഭീകരര്‍ മോഷ്ടിച്ചെന്ന സൂചനയെ തുടര്‍ന്നാണ് പഴയ വിസകള്‍ റദ്ദാക്കിയത്. അതേസമയം, അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അവിടെ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരിച്ചെത്തുന്ന എല്ലാവര്‍ക്കും രണ്ടാഴ്ച നിരീക്ഷണവും നിര്‍ബന്ധമാക്കിയേക്കും.

എന്നാല്‍, അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ രാജ്യംവിട്ടു പോകുന്നത് താലിബാന്‍ വിലക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്ക് പോകാന്‍ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അനുമതിയില്ലെന്ന് താലിബാന്‍ വക്താവ് വ്യക്തമാക്കി. അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം ഓഗസ്റ്റ് 31ന് ശേഷം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടും താലിബാന്‍ ആവര്‍ത്തിച്ചു.

അമേരിക്കയ്ക്ക് അവരുടെ പൗരന്‍മാരെയും ഉദ്യോഗസ്ഥരെയും കൊണ്ടുപോകാം. അഫ്ഗാന്‍ പൗരന്‍മാരെ കൊണ്ടുപോകുന്ന നയം മാറ്റണമെന്നും ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ അടക്കമുളള പ്രൊഫഷണലുകളെ കൊണ്ടുപോകരുതെന്നും താലിബാന്‍ ആവശ്യപ്പെട്ടു.