International (Page 194)

ലണ്ടന്‍: ഇന്ത്യക്കെതിരായ ലീഡ്സ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോറോടെ ഇംഗ്ലണ്ടിന് ഇന്നിങ്സ് ജയം. നാലാം ദിവസം തന്നെ ഇന്ത്യ ഓള്‍ഔട്ടായതോടെ ഇംഗ്ലണ്ട് ഇന്നിങ്സിനും 76 റണ്ണിനുമാണു ജയം. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്സ് 78, രണ്ടാം ഇന്നിങ്സ് 278. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 432.

ഇതോടെ, അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുവരും 1-1 ന് ഒപ്പമായി. രണ്ടിന് 215 റണ്ണെന്ന നിലയിലാണ് ഇന്ത്യ നാലാം ദിവസം കളി തുടങ്ങിയത്. നായകന്‍ വിരാട് കോഹ്ലി 120 പന്തുകളിലാല്‍ അര്‍ധ സെഞ്ചുറി നേടി (125 പന്തില്‍ 55). ചേതേശ്വര്‍ പൂജാര 189 പന്തില്‍ 91 റണ്‍സുകളോടെ പുറത്തായി. സെഞ്ചുറിക്ക് ഒന്‍പത് റണ്‍ മാത്രം ബാക്കി നില്‍ക്കേയുള്ള പൂജാരയുടെ പതനത്തോടെയായിരുന്നു ഇന്ത്യയും വീണു തുടങ്ങിയത്.

അജിന്‍ക്യ രഹാനെയും (10) ഋഷഭ് പന്തും (ഒന്ന്) പുറത്തായതോടെ ഇംഗ്ലണ്ട് അനായാസ ജയം ഉറപ്പിച്ചു. രവീന്ദ്ര ജഡേജയുടെ (25 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 30) ഏകദിന ശൈലിയിലുള്ള ബാറ്റിങ് ടീമിന് അല്‍പം ആശ്വാസമായി. മുഹമ്മദ് ഷമി (ആറ്), ഇഷാന്ത് ശര്‍മ (രണ്ട്), മുഹമ്മദ് സിറാജ് (0) എന്നിവര്‍ രണ്ടക്കം കടന്നില്ല.

ജഡേജയും സിറാജും ഒരേ ഓവറില്‍ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് ജയം കുറിച്ചു. 65 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത റോബിന്‍സണ്‍ ബൗളര്‍മാരില്‍ മുന്നിട്ടുനിന്നു. ക്രെയ്ഗ് ഓവര്‍ടണ്‍ മൂന്ന് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്സണ്‍, മൊയീന്‍ അലി എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.

വാഷിംഗ്ടൺ: ഒരു ദിവസം ഒരു കോടി ഡോസ് വാക്സിൻ നൽകി നിർണായക നേട്ടം കരസ്ഥമാക്കിയ ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രമുഖ വ്യവസായി ബിൽഗേറ്റ്സ്. സർക്കാർ, ഗവേഷകർ, വാക്സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചതെന്നും ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും ബിൽഗേറ്റ്സ് വ്യക്തമാക്കി.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ ഒരു ദിവസം ഒരു കോടി ഡോസ് വാക്സിൻ നൽകിയതിന്റെ വാർത്തയും ബിൽഗേറ്റ്സ് പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആരോഗ്യമന്ത്രാലയത്തേയും അദ്ദേഹം ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച ഒരു കോടിയിലധികം ആളുകളാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്.

വെള്ളിയാഴ്ച്ച ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ വാക്സിനേഷൻ സ്വീകരിച്ചത്. 25 ലക്ഷത്തിലധികം പേർ ഉത്തർപ്രദേശിൽ വാക്സിനേഷൻ സ്വീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് വാക്സിനേഷൻ നടത്തിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിലവിൽ രാജ്യത്ത് 47.3 കോടി ആളുകൾ ഒരു ഡോസും 13 കോടി പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനകം വാക്‌സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടതായും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നു.

ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്നത്. ഓഗസ്റ്റിൽ ഇതുവരെ 15 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ജുലൈയിൽ 13.45 കോടിയും ജൂണിൽ 11.97 കോടി ഡോസ് വാക്സിനുമാണ് രാജ്യത്ത് നൽകിയത്. 18 വയസിന് മുകളിൽ പ്രായമുള്ള അമ്പത് ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം രാജ്യം സ്വന്തമാക്കിയത് സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വാക്സിനേഷൻ സ്വീകരിക്കുന്നവർക്കും വിജയകരമാക്കുന്നവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വാഷിംഗ്ടണ്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ടസ്‌ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക. അഫ്ഗാന്‍ ഐഎസ് ശക്തി കേന്ദ്രമായ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക വ്യോമാക്രമണം നടത്തി.

ഞങ്ങള്‍ ലക്ഷ്യം കണ്ടെന്നും, ഐഎസ് നേതാവിനെ വധിച്ചതായും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. ഡ്രോണ്‍ ആക്രമണം നടത്തിയതായി പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.

കാബൂളിലെ ചാവേര്‍ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികരുള്‍പ്പടെ 170 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.

ലണ്ടന്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്ക് തിരികെ എത്തി.

മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് മുന്നോട്ടുവെച്ച കരാര്‍ റൊണാള്‍ഡോ അംഗീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2023 ജൂണ്‍ വരെ രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. താരത്തിന്റെ മെഡിക്കലും വൈകാതെ പൂര്‍ത്തിയാക്കും.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രിസ്റ്റ്യാനൊ മാഞ്ചസ്റ്ററില്‍ മടങ്ങിയെത്തുന്നത്. ക്രിസ്റ്റ്യാനൊയുടെ മടങ്ങിവരവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്ഥിരീകരിച്ചു. വീട്ടിലേക്ക് സ്വാഗതം എന്നാണ് ട്വിറ്ററില്‍ മാഞ്ചസ്റ്റര്‍ കുറിച്ചത്.

നിലവില്‍ യുവന്റസിന് വേണ്ടിയാണ് താരം കളിക്കുന്നത്. താരത്തിന്റെ കൈമാറ്റത്തിനായി യുവന്റസും മാഞ്ചസ്റ്റര്‍ യൂണൈറ്റഡും തമ്മിലും കരാറില്‍ എത്തിയിട്ടുണ്ട്.

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഫൈനലിലെത്തി ഭാവിന പട്ടേല്‍. ചൈനയുടെ സാംഗ് മിയാവോവിനെ 3-2ന് തോല്‍പ്പിച്ചാണ് ഭാവിന ഫൈനല്‍ ടിക്കറ്റ് നേടിയത്.

ആദ്യ ഗെയിം 11-7ന് കൈവിട്ട ശേഷമാണ് ഇന്ത്യന്‍ താരം ശക്തമായി തിരികെവന്നത്. രണ്ടാം ഗെയിം 11-7ന് തിരികെ പിടിച്ച ഭാവിന 11-4ന് മൂന്നാം ഗെയിമും സ്വന്തമാക്കി. നാലാം ഗെയിമില്‍ 11-9ന് ചൈനീസ് താരം തിരികെ എത്തിയെങ്കിലും, അഞ്ചാം ഗെയിം 11-9ന് നേടി ഭാവിന ഫൈനല്‍ ഉറപ്പിച്ചു. ഫൈനലില്‍ ആരാകും ഭാവിനയുടെ എതിരാളിയെന്ന് തീരുമാനമായിട്ടില്ല.

ഇതോടെ, ടേബിള്‍ ടെന്നീസ് ചരിത്രത്തില്‍ ലോകകായികവേദിയില്‍ ഫൈനലിലെത്തുന്ന ആദ്യതാരമായി ഭാവിന മാറി. പാരാലിമ്പിക്സിലും ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ടേബിള്‍ ടെന്നീസിന്റെ ഫൈനല്‍ പ്രവേശം നേടുന്നത്.

ഗുജറാത്തുകാരിയായ ഭാവിന സെര്‍ബിയയുടെ ലോക രണ്ടാം നമ്പര്‍ താരം ബോരിസ്ലാവ് പെരികിനെ എതിരില്ലാത്ത 3 ഗെയിമുകള്‍ക്ക് തകര്‍ത്താണ് സെമിയില്‍ കടന്നത്.

കാബൂൾ: താലിബാൻ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ ഏതുവിധേനയും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയോടെ കഴിയുന്ന ഒരു വിഭാഗം ജനങ്ങൾ അഫ്ഗാനിലുണ്ട്. യു.എസ് സൈന്യത്തെ പിൻവലിക്കുന്ന ഓഗസ്റ്റ് 31ന് മുമ്പ് രാജ്യം വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാനുളള ശ്രമത്തിലാണ് ഇവർ. അവസാന ആശ്രയം എന്ന നിലയിൽ നിരവധി പേരാണ് കാബൂളിലെ വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാബൂൾ വിമാനത്താവള പരിസരത്ത് ഭക്ഷണം വെള്ളം തുടങ്ങിയ അവശ്യവസ്തുക്കൾക്ക് വില ദിനംപ്രതി വർധിക്കുകയാണെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എയർപോർട്ടിന് പുറത്ത് ഒരു കുപ്പിവെളളത്തിന് 40 ഡോളറും ഒരു പ്ലേറ്റ് റൈസിന് 100 ഡോളറുമാണ് വിലയെന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്ന അഫ്ഗാൻ പൗരൻ പറയുന്നു. ഇത് സാധാരണക്കാരന് താങ്ങാനാവുന്നതിൽ അധികമാണെന്നാണ് അഫ്ഗാൻ പൗരന്മാർ പറയുന്നത്. ഇതിന്റെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

കാബൂള്‍: താലിബാന്‍ ഭരണത്തില്‍ നിന്നും രക്ഷനേടാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ ജനതയെ പുരധിവസിപ്പിക്കാന്‍ ദൗത്യവുമായി ദക്ഷിണ കൊറിയ. ഇതിനെ തുടര്‍ന്ന്, കാബൂളില്‍ നിന്ന് സിയോളിലേക്ക് 391 അഫ്ഗാന്‍ സ്വദേശികളുമായി ദക്ഷിണ കൊറിയന്‍ സൈനിക വിമാനം പുറപ്പെട്ടു.

അഫ്ഗാന്‍ ജനതയ്ക്ക് സുസ്ഥിരമായ ഒരു ജീവിതം നല്‍കാന്‍ സഹായിക്കുന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ‘ഓപ്പറേഷന്‍ മിറക്കിള്‍’ എന്ന പേരിലാണ് ദൗത്യം നടപ്പിലാക്കിയത്.
അഫ്ഗാന്‍ പൗരന്മാരെ അഭയാര്‍ത്ഥികളായിട്ടല്ല പകരം യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മെഡിക്കല്‍ പ്രൊഫഷണലുകള്‍, വൊക്കേഷണല്‍ ട്രെയിനര്‍മാര്‍, ഐടി വിദഗ്ധര്‍, ദക്ഷിണ കൊറിയന്‍ എംബസിയിലുണ്ടായിരുന്ന പരിഭാഷകര്‍, ഒരു കൊറിയന്‍ തൊഴില്‍ പരിശീലന കേന്ദ്രത്തിലും ആശുപത്രികളിലുമായി പ്രവര്‍ത്തിച്ച 76 കുടുംബങ്ങള്‍ (ഇതില്‍ 150ല്‍ അധികം കുട്ടികളാണ്) തുടങ്ങിയവരാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ സഹായിച്ച അഫ്ഗാന്‍ സ്വദേശികള്‍.

അഫ്ഗാന്‍ പൗരന്മാരെ സിയോളിലേക്ക് കൊണ്ടുവരുന്നതിന് രണ്ട് സി -130 വിമാനങ്ങള്‍ ഉള്‍പ്പെടെ 3 സൈനിക വിമാനങ്ങള്‍ അയയ്ക്കുമെന്ന് ദക്ഷിണ കൊറിയ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന്‍ പൗരന്മാര്‍ക്ക് സഹായവും സുരക്ഷയും നല്‍കി രാജ്യത്ത് എത്തിക്കുന്നത് ദക്ഷിണ കൊറിയയുടെ ധാര്‍മ്മികമായ ബാധ്യതയായി കണക്കാക്കിയാണെന്നും ഫോറിന്‍ മിനിസ്ട്രി വ്യക്തമാക്കി.

‘യോഗ്യതയുള്ള ആളുകള്‍’ എന്ന നിലയില്‍, ഈ അഫ്ഗാന്‍ പൗരന്മാര്‍ക്ക് ആദ്യം ‘ഹ്രസ്വകാല വിസകള്‍’ നല്‍കുമെന്നും, പിന്നീട് അത് ദീര്‍ഘകാലത്തേക്ക് പരിവര്‍ത്തനം ചെയ്യുമെന്നും ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വക്താക്കള്‍ പറഞ്ഞു.

ഈ ദൗത്യത്തെ സംബന്ധിച്ച് നിരവധി ട്വീറ്റുകള്‍ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകളാണ് കൊറിയന്‍ സര്‍ക്കാരിന്റെ ഈ നടപടിയില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്.

വാഷിംഗ്ടൺ: അമേരിക്കൻ നയതന്ത്രജ്ഞരെ മാത്രം ബാധിക്കുന്ന ഹവാന സിൻഡ്രോം എന്ന അവസ്ഥയ്ക്ക് പിന്നിലെ കാരണങ്ങളറിയാൻ ഗവേഷണങ്ങൾ തുടർന്ന് ശാസത്രജ്ഞർ. നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും അവസ്ഥയ്ക്ക് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല. അടുത്തിടെ ഈ രോഗത്തിന്റെ ഭീഷണിയെത്തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം യാത്ര വൈകിയതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. ഈ അജ്ഞാത രോഗത്തിന് പിന്നിൽ ചൈനയാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. നിഗൂഢമായ ഒരു മൈക്രോവേവ് അല്ലെങ്കിൽ സോണിക്ക് ആയുധം ഉപയോഗിച്ച് ചൈനയാണ് തങ്ങളെ ലക്ഷ്യമിടുന്നതെന്നാണ് അമേരിക്ക സംശയിക്കുന്നത്. മൈക്കോവേവ് ആയുധങ്ങൾ കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ചൈന നേരത്തേ പരീക്ഷണങ്ങൾ നടത്തിയിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത് ഈ സംശയത്തിന് കൂടുതൽ ബലമേകുന്നു.

ഹവാന സിൻഡ്രോമിനെ കുറിച്ച് 2016 മുതലാണ് പുറത്തറിയാൻ തുടങ്ങിയത്. അതിന് മുൻപ് ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല. വിചിത്രമായതും പല തരത്തിലുള്ളതുമായ ശബ്ദങ്ങൾ കേൾക്കുക, ഛർദി, അതിശക്തമായ തലവേദന, ക്ഷീണം, തലകറക്കം, ഉറക്ക പ്രശ്നങ്ങൾ, കേൾവിക്കുറവ്, ഓർമപ്രശ്നങ്ങൾ എന്നിവയാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ. അപരിചിതമായ ശാരീരിക അസ്വസ്ഥതകളും ഇതോടൊപ്പം അനുഭവപ്പെടാറുണ്ട്. രോഗം തീവ്രമായാൽ ചിലർ മരണപ്പെടും. എന്നാൽ മറ്റു ചിലർ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലായിരിക്കും. സമർത്ഥരായ ഉദ്യോഗസ്ഥരെയാണ് ഈ രോഗം കൂടുതലായി ബാധിക്കുക. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ അമേരിക്കൻ നയതന്ത്ര പ്രതിനിധികൾക്കും എംബസിയിലെ ചില ഉദ്യോഗസ്ഥർക്കുമാണ് ആദ്യമായി ഈ രോഗലക്ഷണങ്ങൾ പ്രകടമായത്.

അധികം വൈകാതെ തന്നെ മറ്റുരാജ്യങ്ങളിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരെയും ഈ രോഗം ബാധിച്ചു. ഈ അവസ്ഥയ്ക്ക് കാരണമായി റഷ്യയെ ആയിരുന്നു അമേരിക്ക ആദ്യം സംശയിച്ചിരുന്നത്. റഷ്യക്കെതിരെയുള്ള നീക്കങ്ങൾക്കായി അതീവ രഹസ്യമായി വിദേശരാജ്യങ്ങളിൽ എത്തുന്ന അമേരിക്കൻ ഉദ്യോഗസ്ഥരിൽ ചിലർക്ക് രോഗംബാധിച്ചതോടെയാണ് അമേരിക്ക റഷ്യയെ സംശയിച്ചത്. എന്നാൽ ഇതിന് വേണ്ട തെളിവുകൾ കണ്ടെത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. അമേരിക്കൻ ഉദ്യോസ്ഥർക്കെതിരേ ക്യൂബയും റഷ്യയും ചേർന്ന് അജ്ഞാത ആക്രമണം നടത്തിയെന്ന് 2017 ൽ ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. പിന്നീടാണ് ചൈനയാണ് ഈ രോഗത്തിന് കാരണമെന്ന സംശയം തോന്നി തുടങ്ങിയത്.

2020 ൽ പുറത്തുവന്ന നാഷണൽ അക്കാഡമീസ് ഓഫ് സയൻസ് പഠനങ്ങൾ പ്രകാരം സൂക്ഷ്മതരംഗങ്ങളുടെ പ്രയോഗമാണ് ഹവാന സിൻഡ്രോമിന്റെ വിശ്വസനീയമായ കാരണം എന്ന് വ്യക്തമായിരുന്നു. പലർക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടായത് ചില പ്രത്യേക സ്ഥലത്തുവച്ചോ മുറികളിൽ വച്ചോ ആണ്. ആദ്യം ശക്തമായ വേദനയും മുഴക്കമുളള ശബ്ദം കേട്ടതായി തോന്നുകയും ചെയ്യും. തുടർന്നാണ് മറ്റ് അവസ്ഥകൾ ആരംഭിക്കുന്നത്. ഇതോടെയാണ് വൈദ്യുതകാന്തിക തരംഗങ്ങൾ പ്രത്യേക ആവൃത്തിയിൽ ഉപയോഗിക്കുന്നതാവാം രോഗത്തിന് കാരണമെന്ന നിഗമനത്തിൽ ഗവേഷകർ എത്തിയത്. ലോകത്തെ സ്വന്തം കാൽച്ചുവട്ടിൽ നിർത്താനുള്ള അമേരിക്കയുടെ തരംതാണ പ്രവൃത്തിയാണ് ഈ രോഗത്തിന് പിന്നിലെന്നാണ് അമേരിക്ക വിശ്വസിക്കുന്നത്. ഭരണാധികാരികൾക്ക് നേരെയും ഇത്തരം ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് അമേരിക്ക ആശങ്കപ്പെടുന്നു.

വാഷിംഗ്ടണ്‍: കാബൂളിലെ ഇരട്ട സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 12 അമേരിക്കന്‍ സൈനികരുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വൈറ്റ് ഹൗസില്‍ വികാരനിര്‍ഭരനായി ബൈഡന്‍ പ്രതികരിച്ചത്.

ഈ ആക്രമണം നടത്തിയവര്‍ അറിയുക, ഞങ്ങള്‍ ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല, ഞങ്ങള്‍ നിങ്ങളെ വേട്ടയാടും, കനത്ത വില നല്‍കേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു.

മാത്രമല്ല, അഫ്ഗാനിസ്ഥാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള ദൗത്യത്തില്‍ നിന്ന് അമേരിക്കയെ തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല, ഞങ്ങളുടെ ദൗത്യം അവസാനിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കില്ല, ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്ന് ബൈഡന്‍ വ്യക്തമാക്കി.

കാബൂള്‍ ഇരട്ട സ്ഫോടനത്തില്‍ 12 യു എസ് സൈനികരും നിരവധി സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഒരു ദശകത്തിനിടെ യു എസ് സേനയ്ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ആക്രമണമായിരുന്നു ഇത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം അഫ്ഗാന്‍ ഐ എസ് ഏറ്റെടുത്തിട്ടുണ്ട്.

ന്യൂഡല്‍ഹി: അഫ്ഗാനെ നടുക്കിയ ഇരട്ട സ്ഫോടനത്തില്‍ നിന്ന് കാബൂളിലെ ഗുരുദ്വാരയില്‍ കഴിയുന്ന 145 സിഖുക്കാരും 15 ഹിന്ദുക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്. സ്ഫോടനത്തിന് തൊട്ടുമുമ്പ് ഇന്ത്യയിലേക്ക് തിരികെപ്പോകാനുള്ള അവസരം തേടി ഇവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

എന്നാല്‍, പിന്നീട് ഗുരുദ്വാരയിലേക്ക് തന്നെ തിരിച്ചുപോന്നു. ഇവര്‍ തിരിച്ചതിന് തൊട്ടു പിന്നാലെയാണ് വിമാനത്താവളത്തിലെ ഗേറ്റിന് സമീപം ചാവേര്‍ ആക്രമണമുണ്ടായത്. ന്യൂനപക്ഷ വിഭാഗമായ സിഖുക്കാരും ഹിന്ദുക്കളും തലനാരിഴക്കാണ് സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ദില്ലി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മഞ്ജീന്ദര്‍ സിങ് അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് ലോകത്തെ നടുക്കി അഫ്ഗാനിസ്ഥാനില്‍ സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. അഫ്ഗാന്‍ പൗരന്മാരും അമേരിക്കന്‍ സൈനികരുമടക്കം നൂറിലേറെ പേരാണ് സ്ഫോടനത്തില്‍ മരിച്ചത്.